X

കഞ്ഞി കുടി മുട്ടിക്കുന്ന ഇടതുസര്‍ക്കാര്‍-എഡിറ്റോറിയല്‍

CPIM FLAG

അരിവില കുതിച്ചുയരുന്നത് സംസ്ഥാനത്ത് സാധാരണ ജീവിതം ദുസ്സഹമാക്കുകയാണ്. കേരളീയരുടെ മുഖ്യ ഭക്ഷ്യ ഇനമായ അരിക്ക് ഒരു മാസത്തിനകം കിലോഗ്രാമിന് 15 രൂപ വരെയാണ് വര്‍ധനവുണ്ടായത്. ഏതാനും മാസങ്ങളായി അരിവല കുതിച്ചുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് കൂടുതലായി ഉപയോഗിക്കുന്ന ജയ, മട്ട അരിക്ക് 10 മുതല്‍ 15 രൂപ വരെയാണു വില വര്‍ധിച്ചത്. ബ്രാന്‍ഡഡ് മട്ട അരിയ്ക്കു 60-63 രൂപയാണു കിലോഗ്രാമിനു വില. ഒരു മാസം മുമ്പുവരെ 40 രൂപയുണ്ടായിരുന്ന ജയ അരിക്ക് 55 രൂപയിലെത്തി. അരിവില വര്‍ധന കാരണം കഴിഞ്ഞ മൂന്നു മാസം കൊണ്ട് മലയാളിയുടെ കീശയില്‍നിന്ന് ചോര്‍ന്നത് 780 കോടി രൂപയാണ്. പത്തു ലക്ഷം ടണ്‍ അരിയാണ് മൂന്നു മാസത്തേക്ക് കേരളത്തിനാവശ്യമായത്.

നെല്ല് ഉത്പാദന സംസ്ഥാനങ്ങളായ ആന്ധ്രയിലും കര്‍ണാടകയിലും ഉത്പാദനം കുറഞ്ഞതും പാക്കറ്റ് അരിക്ക് അഞ്ച് ശതമാനം ജി.എസ്.ടി ഏര്‍പെടുത്തിയതുമാണ് വില പെട്ടെന്ന് ഉയരാന്‍ കാരണമെന്നു പറയപ്പെടുന്നു. അടുത്ത ജനുവരി വരെ ഈ നില തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. കേരളത്തില്‍ വന്‍കിട മില്ലുകളിലെ നെല്ലു സ്റ്റോക്കില്‍ കാര്യമായ കുറവുണ്ട്. കേരളത്തിലെ നെല്ലുത്പാദനം സംസ്ഥാനത്തിന്റെ ആവശ്യം നിര്‍വഹിക്കാന്‍ പര്യാപ്തമല്ല. സംസ്ഥാനത്തിന് ആവശ്യമായതിന്റെ ആറിലൊന്ന് മാത്രമേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളൂ.

വിലക്കയറ്റമുണ്ടാകില്ലെന്ന് പറഞ്ഞ് അധികാരത്തിലെത്തിയതാണ് പിണറായി സര്‍ക്കാര്‍. എന്നാല്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും ഇപ്പോഴും വിലക്കയറ്റം രൂക്ഷമായ അവസ്ഥയാണ്. വിലക്കയറ്റം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നില്ല. സാധനങ്ങളുടെ വില നിയന്ത്രിച്ചുനിര്‍ത്തേണ്ട സര്‍ക്കാര്‍ വിദേശ രാജ്യങ്ങളില്‍ വിനോദ സഞ്ചാരം നടത്തുന്ന തിരക്കിലായിരുന്നു. പ്രശ്‌നം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരേണ്ട മാധ്യമങ്ങളാകട്ടെ ഗവര്‍ണറും സര്‍ക്കാറും തമ്മിലുള്ള വിഴുപ്പലക്കലില്‍ അഭിരമിച്ചിരിക്കുകയുമാണ്. അരിക്ക് മാത്രമല്ല വില വര്‍ധിച്ചത്. അവശ്യ സാധനങ്ങള്‍ക്കെല്ലാം വില കുതിച്ചുയരുകയാണ്. പച്ചക്കറികള്‍ക്കും വന്‍ വിലക്കയറ്റമാണ്. സവാള വില മാത്രമായിരുന്നു ഉയരാതിരുന്നത്. എന്നാല്‍ രണ്ടാഴ്ചയായി സവാള വിലയും കുതിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അരി വില കുറയ്ക്കാന്‍ ആന്ധ്ര സര്‍ക്കാറുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ഒഴുക്കന്‍ വിശദീകരണം. മന്ത്രി ജി.ആര്‍ അനില്‍ ആന്ധ്രപ്രദേശ് മന്ത്രി വെങ്കട നാഗേശ്വര റാവുമായി നടത്തിയ ചര്‍ച്ചയില്‍ സംസ്ഥാനത്തിന് വില കുറച്ച് അരിയും ഭക്ഷ്യധാന്യങ്ങളും നല്‍കാമെന്ന് സമ്മതിച്ചതായി പറയുമ്പോഴും ഇതെന്ന് സാധ്യമാകുമെന്ന് മന്ത്രിക്കുപോലും ഒരു നിശ്ചയവുമില്ല. സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യ ധാന്യങ്ങള്‍ നേരത്തെ സ്റ്റോക്ക് ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കേരളീയര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ആന്ധ്രയില്‍ നിന്നുള്ള ജയ അരിക്ക് കിലോഗ്രാമിന് 55 രൂപയാണിപ്പോള്‍. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ അരിയെത്തുന്നത് ആന്ധ്രയില്‍ നിന്നാണ്. കര്‍ണാടക, തമിഴ്‌നാട്, പഞ്ചാബ്, ഒഡിഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും അരിയെത്തുന്നുണ്ട്.

രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെട്ടാണ് സാധാരണക്കാര്‍ ദിവസം തള്ളിനീക്കുന്നത്. പാവപ്പെട്ടവന്റെ ദൈനംദിന ജീവിതത്തെയാണ് ഇത് ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്നത്. മറ്റെല്ലാം ഒഴിവാക്കി രണ്ടുമണി വറ്റുകൊണ്ട് കഞ്ഞിവെച്ചു കുടിക്കാമെന്നുവെച്ചാല്‍ അതിനും നിവൃത്തിയില്ലാത്ത അവസ്ഥയിലേക്കാണ് മിക്ക കുടുംബങ്ങളും എത്തിപ്പെടുന്നത്. വിലക്കയറ്റത്തിന്റെ ഈ കാലത്ത് ജീവിക്കുക എന്നത് അതികഠിനമായിരിക്കുകയാണ്. വിലക്കയറ്റത്തിന്റെ മറവില്‍ അവശ്യസാധനങ്ങളുടെ പൂഴ്ത്തിവെപ്പും നടക്കുന്നുണ്ട്. പൂഴ്ത്തിവെപ്പും അമിത വില ഈടാക്കുന്നതും തടയാന്‍ സര്‍ക്കാര്‍ സംവിധാനമൊന്നും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. സര്‍ക്കാര്‍ വിപണിയിലിറങ്ങി കളിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജീവിക്കാനാവശ്യമായ ഭക്ഷണമെത്തിക്കുകയെന്നത് സര്‍ക്കാറിന്റെ ബാധ്യതയാണ്. മിതമായ വിലയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിന് അടിയന്തിര സംവിധാനം ഏര്‍പെടുത്തണം. സപ്ലൈകോ വഴി സബ്‌സിഡി സാധനങ്ങളുടെ വിതരണം കാര്യക്ഷമമാക്കണം. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ പോലുള്ളവ സജീവമാകണം. കുറഞ്ഞ നിരക്കില്‍ പച്ചക്കറികള്‍ വില്‍ക്കുന്ന സ്റ്റാളുകളും വേണം. കുടുംബശ്രീയെ ഇതിനായി ഉപയോഗപ്പെടുത്താം. ഉത്സവ സമയങ്ങളില്‍ കൈക്കൊള്ളുന്ന സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി അവശ്യസാധനങ്ങളുടെ വില കുറയ്ക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണം. എങ്കില്‍ മാത്രമേ ഈ വിലക്കയറ്റത്തില്‍ സാധാരണക്കാരനു പിടിച്ചുനില്‍ക്കാനാകൂ.

web desk 3: