X

രാജിയില്‍ ഉറച്ച് നില്‍ക്കുന്നു; ജോലിയില്‍ തിരിച്ച് കയറിയില്ലെന്ന് കണ്ണന്‍ ഗോപിനാഥന്‍

ന്യൂഡല്‍ഹി: രാജിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ജോലിയില്‍ തിരിച്ച് പ്രവേശിക്കില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ്. തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് കണ്ണന്‍ ഗോപിനാഥന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ താന്‍ ജോലിയില്‍ തിരികെ പ്രവേശിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജി സ്വീകരിക്കാത്തതിനാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് സില്‍വയിലെ വീട്ടിലെത്തിയപ്പോഴാണ് ലഭിച്ചത്. ജനങ്ങളോട് താന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയതാണെന്നും അതിനാല്‍ തിരികെ പ്രവേശിക്കില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

2012 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ദാദ്ര നഗര്‍ ഹവേലിയിലെ കലക്ടറാണ്. നഗരവികസനം, വൈദ്യുതി, കൃഷി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയും കണ്ണനുണ്ട്. കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ്.

കഴിഞ്ഞവര്‍ഷം പ്രളയത്തില്‍ ആരെന്ന് വെളിപ്പെടുത്താതെ ചാക്ക് ചുമന്നും മറ്റും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത കണ്ണന്‍ ഗോപിനാഥിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. ഐഎഎസ് പദവിയിലിരുന്ന് കൊണ്ട് തന്റെ ആശയങ്ങള്‍ സ്വതന്ത്ര്യമായി ആവിഷ്‌ക്കരിക്കാന്‍ സാധിക്കാത്തതിനാലാണ് കണ്ണന്‍ രാജിവെച്ചത്.

ജോലിയില്‍നിന്നു ലീവെടുത്താണ് കഴിഞ്ഞ വര്‍ഷം കലക്ടര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. എറണാകുളം ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്.

chandrika: