X

കണ്ണൂര്‍ വിമാനത്താവളം: അവസാനഘട്ട ജോലികള്‍ വൈകിയത് സര്‍ക്കാരിന്റെ പിടിപ്പുകേട്

 

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 90 ശതമാനം ജോലികളും പൂര്‍ത്തീകരിച്ച കണ്ണൂര്‍ വിമാനത്താവളത്തിന്റെ അവസാനഘട്ട ജോലികള്‍ മന്ദഗതിയിലായതും ഉദ്ഘാടനം വൈകിയതും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമാണെന്ന് എം.എല്‍.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, കെ.എം ഷാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിമാനത്താവളത്തിന്റെ 90ശതമാനം ജോലികളും പൂര്‍ത്തിയായതായി എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിനുപിന്നാലെ പതിനാലാം നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് കെ.സി. ജോസഫ് പറഞ്ഞു. 2016 സെപ്തംബര്‍ 26ന് താനും സണ്ണി ജോസഫും ഉള്‍പ്പെടെയുള്ള എം.എല്‍.എമാര്‍ നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പിന്നീട് വിമാനത്താവളത്തിന്റെ അവസാനഘട്ട പണികള്‍ വൈകുകയായിരുന്നു. വിമാനത്താവള കമ്പനിയുടെ എം.ഡി.മാരെ കൂടെകൂടെ മാറ്റിയതാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ വൈകാന്‍ കാരണം. രണ്ടര വര്‍ഷത്തിനുള്ളില്‍ നാല് എം.ഡിമാരാണ് എത്തിയത്. ഇത് പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച നഷ്ടപ്പെടുത്തി. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിമാനത്താവള നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെ എല്‍.ഡി.എഫ് സമരത്തിലൂടെയും എല്‍.ഡി.എഫിന്റെ നിയന്ത്രണത്തിലുള്ള തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ നിസഹകണത്തിലൂടെയും നിര്‍മ്മാണ പ്രവര്‍ത്തികള്‍ വൈകിക്കാന്‍ ശ്രമിച്ചു. എന്നാല്‍ എല്ലാത്തിനെയും അതിജീവിച്ചാണ് 3050 മീറ്റര്‍ റണ്‍വേയുടെ ഉള്‍പ്പെടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതെന്ന് കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നിര്‍മ്മാണം ഉള്‍പ്പടെ പൂര്‍ത്തീകരിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പരീക്ഷണ പറത്തല്‍ നടത്തിയപ്പോള്‍ റണ്‍വേയുടെ നീളം പോരെന്നുപറഞ്ഞ് ഇന്നത്തെ മന്ത്രി ഇ.പി.ജരാജന്‍ ഉള്‍പ്പെടെ സമരം നടത്തുകയായിരുന്നുവെന്നും എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം റണ്‍വേയുടെ നീളം ഒരു സെന്റീമീറ്റര്‍ പോലും ദീര്‍ഘിപ്പിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ഉദ്ഘാടനവേളയില്‍ ഒരുപഞ്ചായത്ത് മെമ്പര്‍പോലും കാണിക്കാന്‍ മടിയ്ക്കുന്ന അല്‍പത്തമാണ് മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നുണ്ടായതെന്ന് കെ.എം ഷാജി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയെയും വി.എസ്. അച്യുതാനന്ദനെയും ഉദ്ഘാടനത്തിന് ക്ഷണിക്കാതിരുന്നത് അവരുടെ ജനസമ്മതിയെ ഭയന്നാണെന്നും ഷാജി പറഞ്ഞു.
ഉദ്ഘാടന ശേഷംസര്‍ക്കാര്‍ ചെലവില്‍ മുഖ്യമന്ത്രിക്കൊപ്പം പരിവാരങ്ങളും മക്കളുമെല്ലാം യാത്ര ചെയ്തതിലൂടെ അല്‍പത്തം കൂടുതല്‍ വ്യക്തമായിരിക്കുകയാണെന്നും ഷാജി പറഞ്ഞു.

chandrika: