X

വേനല്‍ക്കാല സമയക്രമത്തില്‍ കൂടുതല്‍ സര്‍വീസുകളുമായി കണ്ണൂര്‍ വിമാനത്താവളം

ഈ വര്‍ഷത്തെ വേനല്‍ക്കാല സമയക്രമം വിമാന കമ്പനികള്‍ പുറത്തിറക്കിയപ്പോള്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍. ശീതകാല സമയക്രമത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 239 സര്‍വ്വീസുകളാണ് നടത്തിയിരുന്നതെങ്കില്‍ വേനല്‍ക്കാല സമയക്രമത്തില്‍ ഇത് 268 സര്‍വ്വീസുകളായി ഉയര്‍ന്നു. കോവിഡിന്റെ മാന്ദ്യതക്ക് ശേഷം പതിയെ വിമാനത്താവളത്തിലെ ഫ്‌ളൈറ്റുകളുടെ എണ്ണത്തിലും യാത്രക്കാരുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാകുന്നു എന്നത് ശുഭ സൂചകമാണ്. ശൈത്യകാല സമയക്രമത്തിനേക്കാളും 12% വര്‍ദ്ധനവ് വേനല്‍ക്കാല സമയക്രമത്തില്‍ ഉണ്ട്. കഴിഞ്ഞ വേനല്‍ക്കാല സമയക്രമത്തേക്കാളും 15% വര്‍ദ്ധനവ് ഈ വര്‍ഷം വേനല്‍ക്കാല സമയക്രമത്തില്‍ ഉണ്ടായിട്ടുണ്ട്. വേനല്‍ക്കാല സമയക്രമത്തില്‍ ആഭ്യന്തര സര്‍വ്വീസുകളില്‍ ആഴ്ചയില്‍ 142 സര്‍വ്വീസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ശീതകാല സര്‍വ്വീസുകളെക്കാളും 20% കൂടുതലാണ്. കഴിഞ്ഞ വേനല്‍ക്കാല സമയക്രമത്തേക്കാളും 24% വര്‍ദ്ധനവാണ് ആഭ്യന്തര സര്‍വ്വീസുകളില്‍ കാണുന്നത്.

ഇന്‍ഡിഗോ എയര്‍ലൈന്‍സ് എല്ലാ ചൊവ്വാഴ്ചയും വരാണസിയിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റ് വേനല്‍ക്കാല സമയക്രമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരാണസിയിലേക്കും കൂടി വിമാന സര്‍വ്വീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ 9 നഗരങ്ങളിലേക്ക് നേരിട്ട് കണ്ണൂരില്‍ നിന്ന് വിമാന സര്‍വ്വീസ് ഉണ്ടാകും. ഇതില്‍ തെക്കേ ഇന്ത്യയിലെ എല്ലാ മെട്രോ നഗരങ്ങളും ഉള്‍പ്പെടും. ബാംഗ്‌ളൂര്‍, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, വരാണസി എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് ആഭ്യന്തര സര്‍വ്വീസ് നടത്തുന്നത്. കൂടാതെ അഗര്‍ത്തല, അഹമ്മദാബാദ്, അമൃത്സര്‍, ഭുവനേശ്വര്‍, ഗുവാഹത്തി, ഇന്‍ഡോര്‍, ചാണ്ഡിഗഡ്, ജയ്പൂര്‍, കാണ്‍പൂര്‍, കൊല്‍ക്കത്ത, ലക്‌നൗ, മധുര, നാഗ്പൂര്‍, പാറ്റ്‌ന, പോര്‍ട്ട് ബ്‌ളെയര്‍, പൂനൈ, റായ്പൂര്‍, റാഞ്ചി, സൂററ്റ്, തൃച്ചി, വിസാഗ് തുടങ്ങിയ മറ്റ് നഗരങ്ങളിലേക്കും കണക്ഷന്‍ സര്‍വ്വീസുകള്‍ ഉണ്ട്. ഇന്‍ഡിഗോ എയര്‍ലൈന്‍ ആണ് ഏറ്റവും കൂടുതല്‍ സര്‍വ്വീസ് നടത്തുന്നത്. ആഴ്ചയില്‍ 114 സര്‍വ്വീസുകളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വേനല്‍ക്കാല സമയക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അവരുടെ ശീതകാല സമയക്രമത്തെ താരതമ്യം ചെയ്യുമ്പോള്‍ 33% വര്‍ദ്ധനവാണ്.

ബാംഗ്‌ളൂരിലേക്കും മുംബൈയിലേക്കും ഓരോ ഫ്‌ളൈറ്റുകള്‍ കൂടുതലായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് വേനല്‍ക്കാല സമയക്രമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അങ്ങനെ നിലവില്‍ ആഴ്ചയില്‍ ബാംഗ്‌ളൂരിലേക്കുളള 30 സര്‍വ്വീസ് 44 ആയി വര്‍ദ്ധിപ്പിക്കും. ഗോ ഫസ്റ്റും ഇന്‍ഡിഗോ എയര്‍ലൈന്‍സും മുംബൈയിലേക്ക് ദിവസവും വിമാന സര്‍വ്വീസ് നടത്തുന്നതോടു കൂടി ആഴ്ചയില്‍ മുംബൈയിലേക്കുളള 14 സര്‍വ്വീസ് 28 സര്‍വ്വീസ് ആയി വര്‍ദ്ധിപ്പിക്കും. ആഴ്ചയില്‍ 126 അന്താരാഷ്ട്ര സര്‍വ്വീസുകളാണ് വേനല്‍ക്കാല സമയക്രമത്തില്‍ ആരംഭിക്കുന്നത്. കോവിഡിനു മുമ്പുളള യാത്രക്കാരുടെയും ഫ്‌ളൈറ്റുകളുടെയും അത്ര തന്നെ എണ്ണം ഇതോടു കൂടി കൈവരിക്കാന്‍ സാധിക്കും. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും മിഡില്‍ ഈസ്റ്റിലെ 10 രാജ്യങ്ങളിലേക്കും വേനല്‍ ഷെഡ്യൂളില്‍ ഫ്‌ളൈറ്റുകള്‍ ഉണ്ട്. ബഹ്‌റൈന്‍, അബുദാബി, ദുബായ്, ഷാര്‍ജ, ജിദ്ദ, റിയാദ്, മസ്‌കറ്റ്, ദമാം, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ ഉണ്ട്. ബാങ്കോക്ക്, കൊളംബോ, ഡാക്ക, കാഠ്മണ്ഡു, മാലി, ഫുക്കറ്റ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്ക് കണക്ഷന്‍ ഫ്‌ളൈറ്റുകളും ഉണ്ട്. ആഴ്ചയില്‍ 70 സര്‍വ്വീസുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് അന്താരാഷ്ട്ര സര്‍വ്വീസുകളില്‍ ഏറ്റവും മുന്നില്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വേനല്‍ക്കാല സമയക്രമത്തില്‍ ദുബായിലേക്ക് ദിവസ സര്‍വ്വീസ് ആരംഭിക്കുന്നുണ്ട്. ആഴ്ചയില്‍ ദുബായിലേക്ക് 14 സര്‍വ്വീസ് എന്നുളളത് 28 ആയി വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ബഹ്‌റൈന്‍, അബുദാബി, ദുബായ്, ഷാര്‍ജ, ജിദ്ദ, റിയാദ്, മസ്‌കറ്റ്, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് വേനല്‍ക്കാല സമയക്രമത്തില്‍ ഫ്‌ളൈറ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗോ ഫസ്റ്റ് അബുദാബിയിലേക്കും ദുബായിലേക്കും ഡെയ്‌ലി സര്‍വ്വീസ് നടത്തും. മസ്‌കറ്റ്, കുവൈറ്റ്, ദമാം എന്നിവിടങ്ങളിലും നേരിട്ട് സര്‍വ്വീസ് നടത്തും. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ദോഹയിലേക്കുളള സര്‍വ്വീസ് ദിവസേനയാക്കും.

കണ്ണൂര്‍ വിമാനത്താവളം വ്യത്യസ്തങ്ങളായ വിമാന കമ്പനികളുമായി ആശാവഹമായ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. സൗത്ത് ഈസ്റ്റ് ഏഷ്യയിലെ സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിമാന സര്‍വ്വീസ് തുടങ്ങുന്നതിനും ഇന്ത്യയിലെ പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, ലക്‌നൗ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് വിമാന സര്‍വ്വീസ് തുടങ്ങുന്നതിനെക്കുറിച്ചുമാണ് ചര്‍ച്ചകള്‍ പുരോഗമിച്ചു വരുന്നത്. ഇതോടൊപ്പം മിഡില്‍ ഈസ്റ്റിലേക്കുളള വിമാന സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും വിമാന കമ്പനികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. ഈ കാര്യങ്ങളൊക്കെ പരിഗണിക്കുമ്പോള്‍ വരും മാസങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രത്യാശ നല്‍കുന്നതും നിര്‍ണ്ണായക വളര്‍ച്ച സൂചിപ്പിക്കുന്നതുമായ മാസങ്ങളാണ്.

webdesk11: