X

കെജ്‌രിവാളിനെതിരെ കൂടുതല്‍ ആരോപണം; അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രണ്ടു കോടി രൂപ കോഴ വാങ്ങുന്നത് കണ്ടെന്ന പുറത്താക്കപ്പെട്ട മന്ത്രി കപില്‍ മിശ്രയുടെ ആരോപണത്തില്‍ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം തുടങ്ങി. ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അഴിമതി വിരുദ്ധ വിഭാഗത്തിന് നല്‍കിയ നിര്‍ദ്ദേശം. ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെ 400 കോടിയുടെ സ്റ്റീല്‍ വാട്ടര്‍ ടാങ്ക് വാങ്ങുന്നതില്‍ ക്രമക്കേട് നടന്നെന്ന കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ കെജ്‌രിവാള്‍ കോഴ വാങ്ങിയെന്നാണ് മിശ്രയുടെ ആരോപണം. ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ കോഴ വിഹിതത്തില്‍ നിന്ന് കെജ്‌രിവാളിന് രണ്ട് കോടി നല്‍കുന്നത് നേരില്‍ കണ്ടതായി മിശ്ര അഴിമതി വിരുദ്ധ വിഭാഗത്തിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറിയതായും മുന്‍ ജല വിഭവ വകുപ്പ് മന്ത്രി കൂടിയായ മിശ്ര അറിയിച്ചു.

കോഴ ഇടപാടില്‍ കെജ്‌രിവാളിന്റെ സഹായികളായി പ്രവര്‍ത്തിച്ച ആശിഷ് തല്‍വാര്‍, വിഭവ് കുമാര്‍ എന്നിവരെ സംബന്ധിച്ച വിവരങ്ങളും കപില്‍ മിശ്ര കൈമാറി. ജലവിതരണ സംവിധാനത്തിലെ വീഴ്ച ആരോപിച്ചാണ് കപില്‍ മിശ്രയെ കഴിഞ്ഞദിവസം മന്ത്രിസഭയില്‍ നിന്ന് കെജ്‌രിവാള്‍ പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് അഴിമതി ആരോപണവുമായി മിശ്ര രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് കപില്‍ മിശ്ര ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. അതേസമയം കെജ്‌രിവാളിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി മിശ്ര രംഗത്തെത്തി. കെജ്‌രിവാളിന്റെ ഭാര്യാ സഹോദരന്‍ 50 കോടിയുടെ ഭൂമി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സത്താര്‍പൂരില്‍ ഏഴ് ഏക്കര്‍ ഫാം ഹൗസ് വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം താന്‍ ഇടപെട്ട് പരിഹരിച്ചതായി സത്യേന്ദര്‍ ജെയിന്‍ സ്വകാര്യ സംഭാഷണത്തില്‍ തന്നോട് വെളിപ്പെടുത്തിയതായും മിശ്ര പറഞ്ഞു. ഇതുസംബന്ധിച്ച് ഇന്ന് സി.ബി.ഐക്ക് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കെജ്രിവാളിനെതിരെ നടപടി ആവശ്യപ്പെട്ട് ബി.െജ.പി നേതാക്കള്‍ ലഫ്റ്റനന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി.

chandrika: