X

സര്‍ക്കാറിന് അടിയോടടി കിട്ടുന്നത് നാണക്കേട്: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഡി.ജി.പി സെന്‍കുമാറിനോട് നിരുപാധികം മാപ്പു പറയേണ്ടി വന്ന സര്‍ക്കാര്‍ ബുദ്ധിപരമായി സമീപിച്ചിരുന്നുവെങ്കില്‍ സാഹചര്യം ഒഴുവാക്കാമായിരുന്നുവെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഒരു അടി വാങ്ങിയതു മാത്രമല്ല, അടിയോടടി വാങ്ങികൂട്ടുകയാണ് സര്‍ക്കാര്‍. ഇത്തരം കാര്യങ്ങള്‍ ജനങ്ങളെ ബാധിക്കുകയാണ്. സര്‍ക്കാര്‍ തുടരണോയെന്നത് ജനങ്ങള്‍ തീരുമാനിക്കെട്ടെ. കോഴിക്കോട്ട് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയെ പുകഴ്ത്തി സംസാരിക്കുന്നത് പാര്‍ട്ടിയുടെ നയമല്ലാത്തതിനാലാണ് ഖമറുന്നിസ അന്‍വറെ സ്ഥാനത്തുനിന്ന് നീക്കിയത്. ഇതൊരു സാധാരണ നടപടി മാത്രമാണ്. മറ്റൊരു രീതിയിലും വ്യാഖ്യാനിക്കേണ്ട. അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബി.ജെ.പിയെ വളര്‍ത്തുന്ന ഒരു നടപടിയെയും പ്രോല്‍സാഹിപ്പിക്കില്ല. ഇത് പാര്‍ട്ടിയുടെ നയമാണ്. വേങ്ങര തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്‍ യു.ഡി.എഫിന് കഴിയും. മലപ്പുറത്തു തനിക്കു ലഭിച്ചതിനേക്കാള്‍ തിളക്കമേറിയ വിജയമായിരിക്കും അവിടെ യു.ഡി.എഫിന് ലഭിക്കുകയെന്നും കുഞ്ഞാലിക്കുട്ടി ചോദ്യങ്ങളോട് പ്രതികരിച്ചു.

chandrika: