X

സ്‌കൂള്‍ വാന്‍ അപകടം: ഏഴുവര്‍ഷത്തിന് ഒടുവില്‍ ഇര്‍ഫാനും മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം: നാടിനെ നടുക്കിയ കരിക്കകം സ്‌കൂള്‍ വാന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥി ഇര്‍ഫാന്‍(11) മരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആസ്പത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. അപകടത്തില്‍ ശരീരം തളര്‍ന്ന ഇര്‍ഫാന്‍ ഏഴ് വര്‍ഷത്തിലധികമായി ചികില്‍സയിലായിരുന്നു. 2011 ഫെബ്രുവരി 17നായിരുന്നു നാടിനെ നടുക്കിയ കരിക്കകം ദുരന്തം.

അപകടത്തില്‍ തലയ്‌ക്കേറ്റ ക്ഷതം മൂലം ഓര്‍മയും ചലനവും നഷ്ടപ്പെട്ട നിലയിലായി ഇർഫാനെ ആരോഗ്യസ്ഥിതി. ശരീരം തളര്‍ന്ന് പ്രതികരണശേഷി പോലും ഇല്ലാതായ ഈ കുട്ടി അന്നുമുതല്‍ മരുന്നുകളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. മറ്റൊരാളിന്റെ സഹായത്തോടെ ഇരിക്കാനും പിച്ചവെക്കാനും പിന്നീട് സാധിച്ചിരുന്നു. ശബ്ദത്തോട് നേരീയ തോതില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

പേട്ട ലിറ്റില്‍ ഹാര്‍ട്‌സ് കെ.ജി സ്‌കൂളിന്റെ വാനാണ് റോഡരികിലെ മരക്കുറ്റിയില്‍ ഇടിച്ച് പാര്‍വതീ പുത്തനാറിലേക്ക് മറിഞ്ഞത്. വാനിലുണ്ടായിരുന്ന അഞ്ചു കുട്ടികളും ആയയും സംഭവസ്ഥലത്തു തന്നെ മുങ്ങിമരിച്ചു. ചികിത്സയിലിരുന്ന മറ്റൊരു കുട്ടി പിന്നീട് ആസ്പത്രിയില്‍ മരിച്ചു.
എട്ട് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഷാജഹാന്‍ സജിനി- ദമ്പതികള്‍ക്ക് പിറന്ന കുഞ്ഞാണ് ഇര്‍ഫാന്‍. 2011 ഫെബ്രുവരി 17ന് പതിവുപോലെ സ്‌കൂളിലേക്ക് പോയതായിരുന്നു ഇര്‍ഫാന്‍. രക്ഷപ്പെട്ടത് ഇര്‍ഫാന്‍ മാത്രമായിരുന്നു. അപകടം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണം പുത്തനാറിലെ പായല്‍ക്കൂട്ടമായിരുന്നു.

രക്ഷാപ്രവര്‍ത്തകരുടെ കൈകളിലെത്തുമ്പോള്‍ ഇര്‍ഫാന് ബോധമില്ലായിരുന്നു. നേരെ സ്വകാര്യ ആസ്പത്രിയുടെ വെന്റിലേറ്ററിലേക്ക് മാറ്റി. മരണത്തോട് പോരടിച്ച ദിവസങ്ങളായിരുന്നു പിന്നീട്. ഇര്‍ഫാനൊപ്പമുണ്ടായിരുന്ന റാസിഖ് ഏറെ വൈകാതെ മരണത്തിന് കീഴടങ്ങി. മൂന്നുമാസത്തോളം വിധിയോട് പൊരുതി വെന്റിലേറ്ററില്‍ തന്നെ ഇര്‍ഫാന്‍ തുടര്‍ന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി വെല്ലൂരിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി. തിരികെയെത്തുമ്പോഴും പ്രതീക്ഷ അസ്തമിച്ചിരുന്നില്ല. വീട്ടില്‍ വിദഗ്ധ ചികിത്‌സാ സൗകര്യമൊരുക്കി. സര്‍ക്കാരും സന്നദ്ധ സംഘടനകളും സഹായവുമായെത്തി. നീണ്ട ചികിത്സകള്‍ക്കൊടുവില്‍ രണ്ടരവര്‍ഷത്തിന് ശേഷം ഇര്‍ഫാന്‍ പരസഹായത്തോടെ അല്‍പം നടന്നുതുടങ്ങിയിരുന്നു.

ഇതിനിടെ ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് ഇര്‍ഫാന്റെ പിതാവ് കുട്ടിയുടെ ചികിത്സക്കായി നിന്നു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇദ്ദേഹത്തിന് സര്‍ക്കാര്‍ ജോലി നല്‍കുകയും ഇര്‍ഫാന് വീട് നിര്‍മിച്ചുനല്‍കുകയും ചെയ്തിരുന്നു.
അപകടത്തില്‍ മരിച്ച കുട്ടികളുടെ രക്ഷാകര്‍ത്താക്കളുള്‍പെട നിരവധി പേര്‍ അന്ത്യാഞ്ജലിയര്‍പിച്ചു. സംസ്‌കാരം ഇന്നലെ വൈകിട്ട് മൂന്നിന് പേട്ട ജമാഅത്ത് പള്ളിയില്‍ നടന്നു.

chandrika: