X

കരിഞ്ചോലമലയില്‍ നടന്നത് രക്ഷാപ്രവര്‍ത്തനത്തിന്റെ മഹനീയ മാതൃക

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്തുന്നതിന് മാതൃകാപരവും സ്തുത്യര്‍ഹവുമായ സേവനമാണ് സന്നദ്ധ സംഘടനകളും പൊലീസും ഫയര്‍ഫോഴ്‌സും നിര്‍വഹിച്ചത്. ആറ് എസ്‌കവേറ്ററുകള്‍ ഉപയോഗിച്ചാണ് മണ്ണ് നീക്കിയത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ആറ് സംഘമായാണ് തെരച്ചില്‍ നടത്തിയത്. കോഴിക്കോട് നിന്നുള്ള ഡോഗ് സ്‌ക്വാഡും തൃശൂരില്‍ നിന്നും മലപ്പുറത്തും ക്യാമ്പ് ചെയ്ത ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ബറ്റാലിയനുകളും ഇവിടെ എത്തിയിരുന്നു. ഗുരുവായൂര്‍, താനൂര്‍, കൊടുങ്ങല്ലൂര്‍, തലശ്ശേരി, കണ്ണൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്ന്് 280 ഫയര്‍ഫോഴ്‌സ് സംഘം എത്തിയിരുന്നു. പത്തോളം സന്നദ്ധസംഘടനകള്‍ അഞ്ചുദിനങ്ങളിലും സജീവമായി.

ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍, സി.എച്ച് സെന്റര്‍, എസ്.കെ.എസ്.എസ്.എഫ് വിഖായ, സാന്ത്വനം, ട്രോമോ കെയര്‍ തുടങ്ങിയ സംഘടനകളുടെ വളണ്ടിയര്‍മാരാണ് ഉണ്ടായിരുന്നത്. ഭക്ഷണവിതരണം മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതു വരെയുള്ള ജോലികള്‍ അവര്‍ നിര്‍വഹിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘവും എല്ലാ ദിവസവും എത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേല്‍ക്കുന്നവരെ ശുശ്രൂഷിക്കാനും ക്യാമ്പുകളില്‍ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി ആരായുന്നതിനും സ്ഥിരം സംവിധാനം ഒരുക്കിയിരുന്നു. മണ്ണിനടിയില്‍ പരിശോധന നടത്തുന്ന ഗ്രൗണ്ട് പെനിട്രേറ്റിംഗ് റഡാര്‍ സംവിധാനം എത്തിച്ചതും തെരച്ചിലിന് ആക്കം കൂട്ടി.

കൂറ്റന്‍ പാറകള്‍ വന്ന് വീടുകളുടെ സ്ഥാനത്ത് പതിച്ചതിനാല്‍ നാലുറൗണ്ട് പാറകള്‍ പൊട്ടിച്ചാണ് ശനിയാഴ്ച രക്ഷാപ്രവര്‍ത്തനം തുടര്‍ന്നത്. താമരശ്ശേരി ഡിവൈ.എസ്.പി പി.സി സജീവന്റെ നേതൃത്വത്തില്‍ അമ്പതോളം പൊലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു. ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പൂനൂര്‍ പുഴയിലും വ്യാപക തെരച്ചില്‍ നടത്തി. സി.എച്ച് സെന്ററിന്റെ 25 വളന്റിയര്‍മാര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. തെരച്ചിലിനിടെ സി.എച്ച് സെന്റര്‍ വളന്റിയര്‍മാര്‍ക്ക് ലഭിച്ച ആധാര്‍കാര്‍ഡ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ആധാരം തുടങ്ങിയ രേഖകള്‍ ബപ്പന്‍കുട്ടി നടുവണ്ണൂര്‍, ഷുക്കൂര്‍ തയ്യില്‍ എന്നിവര്‍ തഹസില്‍ദാര്‍ക്ക് കൈമാറി.

മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ യു.വി ജോസ്, എ.ഡി.എം ടി.ജനില്‍കുമാര്‍, ഡപ്യൂട്ടി കലക്ടര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പി.പി കൃഷ്ണന്‍കുട്ടി, തഹസില്‍ദാര്‍ മുഹമ്മദ് റഫീഖ്, കാരാട്ട് റസാഖ് എം.എല്‍.എ, താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് തഹസില്‍ദാര്‍ ഷിബു, കട്ടിപ്പാറ വില്ലേജ് ഓഫീസര്‍ സുരേഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം, പ്രസിഡന്റ് ബേബി രവീന്ദ്രന്‍, മെഡിക്കല്‍ ഓഫീസര്‍ അബ്ബാസ്, ഡോ.ജാസ്മിന്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.ദുരന്ത ബാധിതര്‍ക്കായി ഗവ.യു.പി സ്‌കൂള്‍ വെട്ടിഒഴിഞ്ഞതോട്ടം, ചുണ്ടന്‍കുഴി സ്‌കൂള്‍, കട്ടിപ്പാറ നസ്രത്ത് സ്‌കൂള്‍ എന്നിവടങ്ങളിലാണ് നേരത്തെ ക്യാമ്പുകള്‍ തുറന്നത്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഇ.ടി.മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍, എളമരം കരീം, പുരുഷന്‍ കടലുണ്ടി എം.എല്‍.എ, സി.മോയിന്‍കുട്ടി, വി.എം ഉമ്മര്‍മാസ്റ്റര്‍, ഉമ്മര്‍ പാണ്ടികശാല, എം.എ റസാഖ്മാസ്റ്റര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. ദുരന്തഭൂമിയില്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കുന്ന ജോലിയും നാട്ടുകാര്‍ ഏറ്റെടുക്കുകയായിരുന്നു. വാഹനങ്ങളും മറ്റും കയര്‍ കെട്ടി തടയുകയായിരുന്നു. ക്യാമ്പുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കാണാതായ അവസാനത്തെ ആളെയും കണ്ടെത്തിയതോടെ തെരച്ചിലിന് പരിസമാപ്തിയായി. കട്ടിപ്പാറയില്‍ വീണ്ടും ജീവിതം എങ്ങനെ തളിര്‍ക്കും എന്നാണ് ഇനി ആലോചിക്കാനുള്ളത്.

chandrika: