X

മഴ പെയ്തത് വയനാട്ടില്‍; നേട്ടം കൊയ്തത് കര്‍ണാടക

കല്‍പ്പറ്റ: വര്‍ഷങ്ങള്‍ക്ക് ശേഷം അതിശക്തമായ മഴ ലഭിച്ചിട്ടും അതിന്റെ ഗുണം ലഭിക്കാതെ വയനാട് ജില്ല. ഈ മണ്‍സൂണ്‍ സീസണില്‍ ഇതുവരെ 651.51 മില്ലീമീറ്റര്‍ മഴയാണ് ജില്ലയില്‍ പെയ്തത്. അതില്‍ തന്നെ ജൂണ്‍ 14ന് 114ഉം 13ന് 72ഉം 12ന് 94.60ഉം മഴയാണ് ജില്ലയില്‍ ലഭിച്ചത്. തോരാമഴയില്‍ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം ഉയരുകയും ചെയ്തു. പുഴകള്‍ കരവിഞ്ഞ് വയലുകളും നൂറുകണക്കിന വീടുകളും വെള്ളത്തിലായി. എന്നാല്‍ രണ്ട് ദിവസം കഴിയുമ്പോഴേക്കും ഈ ജലമെല്ലാം ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് ഒഴുകിയെത്തുകയാണ് ചെയ്തത്.

മഴവെള്ളം സംഭരിക്കാന്‍ ഫലപ്രദമായ ഒരു പദ്ധതികളുമില്ലാതെ കേരളം ഇരുട്ടില്‍ തപ്പുമ്പോള്‍ ഇതേ ആവശ്യത്തിനായി ഡാം നിര്‍മ്മിച്ച് കാത്തിരിക്കുകയാണ് കര്‍ണാടക. ജില്ലയില്‍ പെയ്ത വെള്ളമത്രയും നിറഞ്ഞത് കബനി പുഴയിലൂടെ കര്‍ണാടകയുടെ അണക്കെട്ടുകളില്‍ സംഭരിക്കുകയാണ്. കര്‍ണാടകയിലെ ബീച്ചനഹള്ളി, തര്‍ക്ക, നുഗു തുടങ്ങിയ വലുതും ചെറുതുമായ ജലസംഭരണികളില്‍ അവര്‍ക്കാവശ്യമായ വെള്ളമത്രയും സംഭരിക്കാനുള്ള ശ്രമത്തിലാണ് കര്‍ണാടക. ഫലപ്രദമായ ചെറുകിട പദ്ധതികള്‍ക്കുപകരം വന്‍കിട പദ്ധതികള്‍ക്ക് പിന്നാലെ പോവാനാണ് സംസ്ഥാനത്തിന് താല്‍പര്യം. എന്നാല്‍ പദ്ധതികളൊന്നും പ്രവര്‍ത്തിപഥത്തിലെത്താറുമില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പ് പുല്‍പ്പള്ളിക്കടുത്ത മരക്കടവിനക്കരെ മച്ചൂരില്‍ നിര്‍മിച്ച ജലസേചന പദ്ധതി ഈ അടുത്താണ് കര്‍ണാടക കമീഷന്‍ ചെയ്തത്. പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന കബനി ജലപദ്ധതിയുടെ പമ്പ്ഹൗസ് ഈ ജലസേചന പദ്ധതിയുടെ നേര്‍ മറുകരയിലാണ്. കൂറ്റന്‍ പൈപ്പുകള്‍ പുഴയുടെ നടുഭാഗം വരെ എത്തിച്ചാണ് കര്‍ണാടക ജലപദ്ധതി ആരംഭിച്ചിരിക്കുന്നത്. പുഴയില്‍ ജല നിരപ്പ് താഴുന്നതിനിടയില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ വെള്ളം കൃഷിയിടങ്ങളിലേക്ക് എത്തിച്ചുകൊടുക്കുകയാണ് കര്‍ണാടക. മച്ചൂരിലെ നിരവധി ഹെക്ടര്‍ സ്ഥലത്ത് ഈ വെള്ളം ഉപയോഗിച്ചാണ് ഇപ്പോള്‍ കൃഷി.

ജലസേചനത്തിനായി കബനിയില്‍നിന്ന് തുള്ളി വെള്ളം കിട്ടാത്ത അവസ്ഥയില്‍ വയനാട് അതിര്‍ത്തി പ്രദേശങ്ങളിലെ നെല്‍പ്പാടങ്ങളടക്കം കൃഷിയിറക്കാനാവാത്ത നിലയിലാണ്. വര്‍ഷങ്ങള്‍ക്കു മുമ്പാണ് കര്‍ണാടക മച്ചൂരില്‍ ജലസേചന പദ്ധതിക്ക് പ്രവൃത്തികള്‍ നടപ്പാക്കിയത്. അന്ന് കേരളത്തിന്റെ അടക്കം എതിര്‍പ്പുയര്‍ന്നിരുന്നു. ഈ പദ്ധതി വരുന്നതോടെ പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലേക്ക് കുടിവെള്ളമത്തെിക്കുന്ന കബനി പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന് അന്നേ ആശങ്ക ഉയര്‍ന്നിരുന്നു.

മച്ചൂര്‍ പദ്ധതിക്കു പുറമെ കബനിയില്‍ പലയിടത്തായി മറ്റു ചില പദ്ധതികള്‍കൂടി ആരംഭിക്കാന്‍ കര്‍ണാട നീക്കം ആരംഭിച്ചിട്ടുണ്ട്. ബീച്ചനഹള്ളി, തര്‍ക്ക അണക്കെട്ടുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടാക്കി കര്‍ണാടക വന്‍തോതില്‍ വെള്ളം സംഭരിച്ചുവെക്കുന്നുമുണ്ട്. കാവേരിയിലേക്ക് എത്തുന്ന കബനികളുടെ ഉല്‍ഭവ സ്ഥാനം വയനാടാണ്. ഓരോ വര്‍ഷകാലത്തും വയനാട്ടില്‍ പെയ്യുന്ന മഴവെള്ളം കര്‍ണ്ണാടകയിലെ അണകെട്ടുകളാണ് നിറക്കുന്നത്.

chandrika: