X
    Categories: indiaNews

അണ്‍ലോക്ക് മാര്‍ഗനിര്‍ദേശം നിലനില്‍ക്കെ എങ്ങനെ യാത്രക്കാരെ തടയും? ; അതിര്‍ത്തി അടച്ചതില്‍ കര്‍ണാടക സര്‍ക്കാരിനും കേന്ദ്രത്തിനും ഹൈക്കോടതി നോട്ടീസ്

ബംഗളൂരു: കേരളത്തിലെ കോവിഡ് വ്യാപനത്തിന്റെ പേരില്‍ അതിര്‍ത്തികള്‍ അടച്ച നടപടിയില്‍ ബന്ധപ്പെട്ടവര്‍ക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. ചെക്ക്‌പോസ്റ്റുകള്‍ അടച്ച് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരേ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കര്‍ണാടക സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ദക്ഷിണ കന്നഡ ജില്ലയുടെ ദുരന്തനിവാരണസമിതി അധ്യക്ഷന്‍ കൂടിയായ ഡെപ്യൂട്ടി കമ്മിഷണര്‍ക്കുമാണ് നോട്ടീസ് അയച്ചത്.

അതിര്‍ത്തിയില്‍ ചെക്ക്‌പോസ്റ്റുകള്‍ അടച്ചതും യാത്രക്കാരെ തടയുന്നതും കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് അണ്‍ലോക്ക് നാലാംഘട്ട യാത്രാ ഇളവിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ ബി. സുബ്ബയ്യ റായ് നല്‍കിയ പരാതിയിലാണ് ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവസ് ഒക്ക, ജസ്റ്റിസ് സച്ചിന്‍ ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

കേരള-കര്‍ണാടക അതിര്‍ത്തിയില്‍ ദക്ഷിണ കന്നഡ ജില്ലയിലെ 12 അതിര്‍ത്തി ചെക്ക്‌പോസ്റ്റുകള്‍ അടച്ചതായും ബാക്കിയുള്ള അഞ്ച് ചെക്ക്‌പോസ്റ്റുകളില്‍ ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരെ മാത്രം കടത്തിവിടാനുമാണ് കര്‍ണാടകയുടെ തീരുമാനമെന്നും ഹര്‍ജിയില്‍ പറയുന്നു. കാസര്‍കോട്ടു നിന്ന് ദക്ഷിണകന്നഡ ജില്ലയിലേക്കും തിരിച്ചും ജോലി ആവശ്യത്തിനും വ്യാപാര ആവശ്യത്തിനും ചികിത്സാ ആവശ്യങ്ങള്‍ക്കും ദിവസവും വരുന്നവര്‍ക്ക് ഇത് വലിയ ദുരിതമുണ്ടാക്കുന്നുവെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

അണ്‍ലോക്ക് നാലിലെ മാര്‍ഗനിര്‍ദേശം നിലവിലിരിക്കെ എങ്ങനെയാണ് അതിര്‍ത്തിയില്‍ യാത്രക്കാരെ തടയുകയെന്ന് അഡ്വക്കറ്റ് ജനറലിനോട് കോടതി ചോദിച്ചു. തടയുകയല്ല, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെടുകമാത്രമാണ് ചെയ്തതെന്ന് അഡ്വക്കറ്റ് ജനറല്‍ വിശദീകരിച്ചു. തുടര്‍ന്ന് ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, നിലവിലുള്ള നിയന്ത്രണങ്ങള്‍ക്ക് താത്കാലിക സ്റ്റേ ഇല്ല. കേസ് മാര്‍ച്ച് അഞ്ചിന് പരിഗണിക്കാന്‍ മാറ്റി.

 

web desk 3: