X
    Categories: indiaNews

പടക്കം പൊട്ടിക്കുന്നത് ‘ഹിന്ദു പാരമ്പര്യമില്ല’ എന്ന് പറഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥക്കെതിരെ സംഘപരിവാര്‍

ബെംഗളുരു: പടക്കം പൊട്ടിക്കുന്നത് ‘ഹിന്ദു പാരമ്പര്യമല്ല’ എന്ന് പറഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍. കര്‍ണാടകയിലെ മുതിര്‍ന്ന വനിത ഐപിഎസ് ഓഫീസര്‍ രൂപ മൗഡ്ഗിലിനെതിരെയാണ് സോഷ്യല്‍മീഡിയയില്‍ സംഘപരിവാര്‍ ആക്രമണം.

പുരാതന ഇന്ത്യയില്‍ പടക്കം ഉപയോഗിച്ചിട്ടുണ്ടോ എന്നതായിരുന്നു രൂപയുടെ പരാമര്‍ശം. നവംബര്‍ 14ന് രൂപ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പടക്കം പൊട്ടിക്കുന്നത് ഹിന്ദു പാരമ്പര്യമല്ലെന്നും മതഗ്രന്ഥങ്ങളിലും ഇതിഹാസങ്ങളിലുമൊന്നും ഇതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നും കുറിച്ചിരുന്നു.’നമ്മുടെ ഇതിഹാസങ്ങളിലും പുരാണങ്ങളിലും പടക്കം പൊട്ടിക്കുന്നത് സംബന്ധിച്ച് പരാമര്‍ശമില്ല. യൂറോപ്പുകാര്‍ക്കൊപ്പമാണ് പടക്കം രാജ്യത്തേക്ക് വന്നത്. ഇത് ഹിന്ദുമതവുമായി ബന്ധപ്പെട്ട ഒരു പ്രധാന പാരമ്പര്യമോ ആചാരമോ അല്ല ‘ എന്നായിരുന്നു രൂപ പറഞ്ഞത്.

ഇതിനു പിന്നാലെ മറ്റു മതങ്ങളുടെ ആചാരങ്ങളെ ചോദ്യം ചെയ്യാനും രൂപയ്ക്കു ധൈര്യമുണ്ടോയെന്ന് പലരും ചോദ്യം ഉന്നയിച്ചു. മാത്രമല്ല, പുരാണങ്ങളില്‍ പടക്കത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. അതോടെ രൂപ തെളിവു ചോദിച്ചു. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. വിഷയത്തില്‍ ട്രൂ ഇന്‍ഡോളജിയും രൂപയും തമ്മില്‍ തര്‍ക്കങ്ങള്‍ നടന്നിരന്നു. ഇതിനിടെ ട്വിറ്റര്‍ ട്രൂ ഇന്‍ഡോളജി ഹാന്റില്‍ അക്കൗണ്ട് താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്തിരുന്നു.

രൂപക്കെതിരെ ബോളിവുഡ് നടി കങ്കണ റണാവത്തും രംഗത്ത് എത്തിയിരുന്നു. സംവരണത്തിലൂടെയാണ് രൂപക്ക് സ്ഥാനം ലഭിച്ചതെന്നും, സംവരണത്തിന്റെ പാര്‍ശ്വഫലങ്ങളാണ് ഇതെന്നുമായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം. യോഗ്യതയില്ലാത്തവര്‍ക്ക് അധികാരം ലഭിക്കുമ്പോള്‍ അവര്‍ ഉപദ്രവിക്കും, ഇത്തരക്കാരുടെ കഴിവില്ലായ്മയില്‍ നിരാശപ്പെടാന്‍ മാത്രമേ കഴിയൂ എന്നും കങ്കണ പറഞ്ഞിരുന്നു.

 

web desk 3: