X
    Categories: indiaNews

ബിജെപിക്ക് അനുകൂലമായി തീരുമാനമെടുക്കാന്‍ ഗൂഢാലോചന; കര്‍ണാടക നിയമസഭാ കൗണ്‍സില്‍ അധ്യക്ഷന്റെ കസേരയില്‍ കയറിയിരുന്ന ഉപാധ്യക്ഷനെ കോണ്‍ഗ്രസ് അംഗങ്ങള്‍ വലിച്ചു താഴെയിട്ടു

ബെംഗളൂരു: കര്‍ണാടക നിയമസഭ കൗണ്‍സിലില്‍ നാടകീയ രംഗങ്ങള്‍. ബിജെപിയുടെ ആവശ്യങ്ങള്‍ നടപ്പാക്കാനായി അധ്യക്ഷന്റെ അനുമതിയില്ലാതെ അധ്യക്ഷന്റെ കസേരയില്‍ കയറിയിരുന്ന ഉപാധ്യക്ഷനെ കോണ്‍ഗ്രസ് അംഗങ്ങള്‍ കസേരയില്‍നിന്നു വലിച്ചു താഴെയിട്ടു. ഇതിന്റെ വിഡിയോ പുറത്തുവന്നു. അധ്യക്ഷന്റെ കസേരയില്‍ ഇരുന്ന ഉപാധ്യക്ഷന്‍ ജനതാദള്‍ സെക്കുലറിലെ ഭൊജേഗൗഡയെ കോണ്‍ഗ്രസ് അംഗങ്ങള്‍ വളയുന്നതും കസേരയില്‍നിന്നു പിടിച്ചുവലിച്ചു കൊണ്ടുപോകുന്നതും വിഡിയോയില്‍ കാണാം.

കൗണ്‍സില്‍ അധ്യക്ഷന്‍ കോണ്‍ഗ്രസിലെ കെ.പ്രതാപചന്ദ്ര ഷെട്ടി പിന്നീട് എത്തി സഭ പിരിഞ്ഞതായി പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ബിജെപി, കൗണ്‍സില്‍ അധ്യക്ഷന്‍ പ്രതാപചന്ദ്ര ഷെട്ടിയെ മാറ്റാനുള്ള നീക്കത്തിലാണ്. ഗോവധത്തിനു കര്‍ശന ശിക്ഷ ഉറപ്പാക്കുന്ന ബില്‍ പരിഗണിക്കാതെ സഭ നേരത്തേ പിരിഞ്ഞ ഷെട്ടിക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. ഡിംബര്‍ 7 മുതല്‍ 15 വരെയാണു നിയമസഭാ കൗണ്‍സില്‍ ചേരാന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍ അധ്യക്ഷന്‍ അതു വെട്ടിച്ചുരുക്കിയെങ്കിലും സര്‍ക്കാര്‍ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കുകയായിരുന്നു. കൗണ്‍സിലില്‍ കോണ്‍ഗ്രസും ജെഡിഎസ് അംഗങ്ങളും ചേര്‍ന്നാല്‍ ബിജെപിയേക്കാള്‍ കൂടുതലാണ്. ഗോവധ നിരോധന നിയമത്തെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചിരുന്നു. എന്നാല്‍ സഭ ചേര്‍ന്നപ്പോള്‍ ജെഡിഎസ്, സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിരുന്നു എന്നാണു കോണ്‍ഗ്രസിന്റെ ആരോപണം.

അധ്യക്ഷനു പകരം ഉപാധ്യക്ഷനെ ചെയറില്‍ കണ്ടതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. അനധികൃതമായാണ് ഉപാധ്യക്ഷന്‍ അധ്യക്ഷന്റെ കസേരയില്‍ ഇരിക്കുന്നതെന്നു കോണ്‍ഗ്രസ് ആരോപിച്ചു. എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടര്‍ന്ന് ബലം പ്രയോഗിച്ചു നീക്കേണ്ടി വന്നുവെന്നു കോണ്‍ഗ്രസ് അംഗം പ്രകാശ് റാത്തോഡ് പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: