X

കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; നിലപാട് കടുപ്പിച്ച് കര്‍ണാടക

ബംഗളൂരു: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വീണ്ടും കടുത്ത യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ണ്ണാടക. 72 മണിക്കൂറിനുള്ളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ കര്‍ണാടകയിലേക്ക് പ്രവേശിക്കാനാകൂ. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ സംസ്ഥാനത്തേക്ക് പ്രവേശിക്കാമെന്നും കര്‍ണാടക വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ് വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതെന്ന് കര്‍ണാടക അറിയിച്ചു.

കാസര്‍കോഡ്, വയനാട് ജില്ലകളിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. കേരള കര്‍ണാടക അതിര്‍ത്തികളായ ദക്ഷിണ കന്നഡ, കൊടക്, ചാമ്രാജ നഗര എന്നിവടങ്ങളിലെ ചെക്‌പോസ്റ്റുകളില്‍ കര്‍ശനമായ പരിശോധനയുണ്ടാകും.

ഇത് കൂടാതെ കേരളത്തിലേക്ക് ഇടയ്ക്കിടെ വന്നുപോകുന്ന വിദ്യാര്‍ഥികള്‍, വ്യാപാരികള്‍ എന്നിവര്‍ രണ്ടാഴ്ച ഇടവിട്ട് ടെസ്റ്റ് നടത്തണമെന്നും കര്‍ണാടക അറിയിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, മരണ ആവശ്യത്തിനായി എത്തുന്നവര്‍, രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് ഇളവ് ലഭിക്കും. ഇവരൊഴികെ മതിയായ രേഖകളില്ലാതെ കര്‍ണാടകയിലെത്തുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുമെന്നും കര്‍ണാടക അറിയിച്ചിട്ടുണ്ട്.

 

web desk 3: