X
    Categories: CultureMoreViews

കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ താക്കീതായി കര്‍ഷക സംഘം മാര്‍ച്ച്

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവഗണിച്ചുകൊണ്ട് ഒരു സര്‍ക്കാറിനും അധികകാലം മുന്നോട്ട് പോവുക സാധ്യമല്ലന്ന് മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ: ഖാദര്‍ മൊയ്തീന്‍. കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ഡല്‍ഹി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിയിരുന്നു അദ്ദേഹം. മതത്തിന്റേയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയന്നത് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന ഏകകാര്യം. കഷ്ടതയനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പോലും മോദി സര്‍ക്കാര്‍ തയ്യാറാവുന്നില്ല. തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷക നേതാവായ അയ്യാകണ്ണിന്റെ നേതൃത്വത്തില്‍ അറുപതിലധികം ദിവസങ്ങളാണ് കര്‍ഷകര്‍ ജന്തര്‍ മന്ദറില്‍ സമരമിരുന്നത്. പ്രധാനമന്ത്രി കര്‍ഷകരുടെ പ്രശ്‌നങ്ങല്‍ പരിഹരിക്കുന്നത് പോയിട്ട് അവരുടെ പരാതികള്‍ കേള്‍ക്കാന്‍ പോലൂം തയ്യാറായട്ടില്ല- ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകരും വിദ്യാര്‍ത്ഥികളും വ്യാപാരികളുമൊക്കെ ബി.ജെ.പി സര്‍ക്കാറിന്റെ പിടിപ്പുകേടുകൊണ്ട് പ്രയാസമനുഭവിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു നിന്ന് സംഘപരിവാര്‍ സര്‍ക്കാറിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷക സംഘം മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ തികച്ചും ന്യായവും പ്രാധാന്യമര്‍ഹിക്കുന്നതുമാണന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. കര്‍ഷകര്‍ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലാണ്. കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങളെ പരിഹരിക്കാതെ രാജ്യത്ത് വികസനം കൊണ്ടുവരാന്‍ കഴിയില്ല. കഷ്ടതയനുഭവിക്കുന്ന കര്‍ഷകരുടെ കടം എഴുതി തള്ളുകയെന്നത് രാജ്യത്തെ കാര്‍ഷികരംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതിന് ഒഴിച്ചു കൂടാനാവാത്തതാണ്. ഒരു സര്‍ക്കാറിന് കാര്‍ഷികരംഗത്ത് എന്തെല്ലാം കര്‍ഷകര്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുമെന്നു തെളിയിച്ച സര്‍ക്കാറുകളാണ് യു.പി.എ ഗവണ്‍മെന്റും കേരളത്തിലെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് മുന്‍ യു.പി.എ സര്‍ക്കാര്‍ 72000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയത് വിസ്മരിക്കുകയാണ് മോദി സര്‍ക്കാറെന്നും അദ്ദേഹം പറഞ്ഞു. വന്‍സാമ്പത്തിക തട്ടിപ്പിന് വഴിയൊരുക്കുന്ന തരത്തില്‍ വന്‍കിട വ്യവസായികള്‍ക്ക് വായ്പ അനുവദിക്കുന്ന പൊതുമേഖലാ ബാങ്കുകള്‍ കര്‍ഷകരുടെ വായ്പാ തിരിച്ചടവ് പ്രശ്‌നത്തെ പെരുപ്പിച്ച് കാണിച്ച് കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നത് പ്രതിഷേധാര്‍ഹമാണന്നും മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. മുഴുവന്‍ കര്‍ഷകരുടെയും വായ്പാ കടം സര്‍ക്കാര്‍ എഴുതിതള്ളണം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും ഇ.ടി പറഞ്ഞു.

മാര്‍ച്ച് പാര്‍ലമെന്റ് സ്ട്രീറ്റില്‍ പോലീസ് തടഞ്ഞു. സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്തീന്‍ അധ്യക്ഷതവഹിച്ചു. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍ , യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിര്‍ഗഫാര്‍, സെക്രട്ടറി സി.കെ സുബൈര്‍, കര്‍ഷക സംഘം ആക്ടിംഗ് സെക്രട്ടറി ശ്യാംസുന്ദര്‍, പി.പി മുഹമ്മദ് കുട്ടി, ഡല്‍ഹി സ്‌റ്റേറ്റ് മുസ്ലിം ലീഗ് പ്രസിഡണ്ട് നിസാര്‍ അഹമ്മദ്, സെക്രട്ടറി ഇമ്രാന്‍ ഐജാസ്, ഷിബു മീരാന്‍, മാജിദ് ഫിറോസുദ്ധീന്‍, ആസിഫ് അന്‍സാരി, മുഹമ്മദ് ഹലീം (ദില്ലി കെ.എം.സി.സി), കെ.കെ അബ്ദുറഹ്മാന്‍, കെ.കെ നഹ എന്നിവര്‍ പ്രസംഗിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: