X

ആരോഗ്യനിലയില്‍ മാറ്റമില്ല; കരുണാനിധി ഗുരുതരാവസ്ഥയില്‍ തുടരുന്നു

ചെന്നൈ: ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കരുണാനിധി 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പറയുന്നു. കരുണാനിധി കഴിയുന്ന വീട്ടിലേക്ക് പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

ഡോക്ടര്‍മാരുടെ സംഘം ഗോപാലപുരത്തെ വീട്ടില്‍ ക്യാംപ് ചെയ്താണ് ചികിത്സ നടത്തുന്നത്. 94 വയസ്സുള്ള കരുണാനിധിയെ ആസ്പത്രിയിലെത്തിച്ച് ചികിത്സിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നാണ് വിവരം. കഴിഞ്ഞ ഒരു വര്‍ഷമായി കരുണാനിധി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ കാരണം ചികിത്സയിലാണ്. പക്ഷേ ഏറ്റവും അടുത്തയാളുകളെ അദ്ദേഹം തിരിച്ചറിയുന്നുണ്ടായിരുന്നു. എന്നാല്‍ മൂന്ന് ദിവസമായി നില ഗുരുതരമാണ്. വൃക്ക സംബന്ധിച്ച് രോഗമുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

എം.എല്‍.എമാരോട് ഉടന്‍ ചെന്നൈയില്‍ എത്തണമെന്ന് വര്‍ക്കിങ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്‍ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് ഇന്നലെ മുതല്‍ അദ്ദേഹത്തിന്റെ വസതിയിലേക്ക് അനുയായികളുടെ ഒഴുക്കാണ്. ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം കരുണാനിധിയുടെ വീട്ടിലെത്തി. കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ളവരുമെത്തി. പക്ഷേ അണുബാധയേല്‍ക്കുന്നത് ഒഴിവാക്കാന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

chandrika: