X

കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് സ്റ്റാലിന്‍

ചെന്നൈ: ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുന്‍മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെയന്ന് മകന്‍ എം.കെ സ്റ്റാലിന്‍.

കലൈഞ്ചറുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണം തുടരുകയാണെന്നും സ്റ്റാലിന്‍ അറിയിച്ചു. പനിയും അണുബാധയും കുറഞ്ഞുവരികയാണും സ്റ്റാലിന്‍ വ്യക്തമാക്കി. മൂത്രാശയത്തിലെ അണുബാധ കാരണമുണ്ടായ പനിക്കാണ് നിലവില്‍ ചികിത്സ നല്‍കുന്നത്. 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കരുണാനിധിയുടെ ആരോഗ്യനില നേരിയതോതില്‍ മോശമായെന്ന് വ്യാഴാഴ്ച പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നു. ഗോപാലപുരത്തെ വീട്ടിലാണ് കരുണാനിധി ഇപ്പോഴുള്ളത്. ആസ്പത്രിക്കു സമാനമായ ചികിത്സാസൗകര്യങ്ങള്‍ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി തുടങ്ങിയവര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ആരോഗ്യം വീണ്ടെടുക്കാന്‍ കരുണാനിധിക്ക് ആശംസകളുമായെത്തി. കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി ഒ പനീര്‍ ശല്‍വം ഉള്‍പ്പെടെയുള്ള മന്ത്രിമാരും നടന്‍ കമല്‍ഹാസനും കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു.

കരുണാനിധി പാര്‍ട്ടി തലവനായുള്ള അന്‍പതാം വാര്‍ഷികം 27ന് ആഘോഷിക്കാനിരിക്കെയാണു ഡി.എം.കെ അണികളെ ആശങ്കയിലാക്കി അസുഖവാര്‍ത്ത വന്നത്. ഗോപാല്‍പുരത്തെ വസതിയിലേക്ക് നേതാക്കളും പ്രവര്‍ത്തകരും ഒഴുകിയെത്തിയതോടെ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. വീടിനു മുന്നില്‍ വന്‍സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈ നഗരത്തിലും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി.

chandrika: