X

കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരവും റോഡും 5 കോടി രൂപ ചെലവിൽ മോടി പിടിപ്പിക്കുന്നു

കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരവും അനുബന്ധ റോഡും അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താനുള്ള ആശയത്തിൻ്റെ ഭാഗമായി കാസർകോട് വികസന പാക്കേജിൽ ഇതിനുവേണ്ടി 5 കോടി രൂപ വകയിരുത്തിയതായി എൻ.എ നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു. കിലോമീറ്റർ 1/700 മുതൽ ( ക്ലോക്ക് ടവർ ) 2/200 വരെ ( തെരുവത്ത് ) കണ്ണഞ്ചിപ്പിക്കുന്ന മാറ്റങ്ങളും പരിഷ്കാരങ്ങളുമാണ് ആവിഷ്കരിച്ചത്.

പ്രതീക്ഷയോടെ 2022 ജനുവരിയിൽ ഒരു കരാറുകാരനെ പ്രവൃത്തി ഏൽപ്പിച്ചു. അതേവർഷം ജൂലൈയിൽ പ്രവൃത്തി പൂർത്തീകരിക്കാനായിരുന്നു കരാർ. പൂർത്തീകരിക്കുക പോയിട്ട് പ്രവൃത്തി തുടങ്ങുകപോലും ചെയ്തില്ല. കരാറുകാരനുമായി പലവട്ടം ചർച്ച നടത്തി. ഒഴിയാനല്ലാതെ പ്രവൃത്തിയുമായി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് താൽപ്പര്യം തീരെ ഇല്ലായിരുന്നു.ആശിച്ച മനോഹരമായ ഒരു പദ്ധതി ഉപേക്ഷിക്കേണ്ടിവന്ന ആ ഘട്ടത്തിൽ ഉണ്ടായ നിരാശയും ദുഃഖവും വിവരിക്കാന്‍ വാക്കുകളില്ല. പത്താം ക്ലാസ്സിലായിരുന്നപ്പോൾ പ്രിയപ്പെട്ട ഒരധ്യാപകൻ ഓട്ടോഗ്രാഫിൽ കുറിച്ചിട്ട വാക്കുകൾ ഓർമ്മയിൽ കടന്ന് വന്നു. ” After black clouds there is a clear weather. Don’t be in despair if something is dark on your way “.

കാസർകോടിന്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന വാശിക്ക് ആ പഴയ ഓട്ടോഗ്രാഫിലെ വാക്കുകൾ ശക്തികൂട്ടി. ഒരിക്കൽ ടെർമിനേറ്റ് ചെയ്യപ്പെട്ട പ്രവൃത്തിക്ക് വീണ്ടും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കുക അങ്ങേയറ്റം പ്രയാസകരമാണെന്ന് അറിയാമായിരുന്നു. എങ്കിലും മുന്നോട്ടുപോകാൻ തന്നെ തീരുമാനിച്ചു. ജില്ലാ കളക്ടർ ശ്രീമതി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, ഐ.എ.എസ്, കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ശ്രീ. രാജ് മോഹൻ, കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസർ ശ്രീ ശിവപ്രകാശ് എന്നിവർ നൽകിയ കലവറയില്ലാത്ത സഹകരണത്തിന്റെയും കരുത്തിന്റെയും ഫലമായി ഈ പ്രവൃത്തി വീണ്ടും ടെണ്ടർ ചെയ്യാൻ സാധിച്ചു.

ഓരോ മാസാവസാനവും ചേരുന്ന ജില്ലാ വികസന സമിതി യോഗത്തിൽ ഞാൻ ഈ വിഷയം അവതരിപ്പിക്കുമ്പോൾ കളക്ടറെടുക്കാറുണ്ടായിരുന്ന ധീരമായ നിലപാട് അഭിനന്ദനീയമാണ്. ആദ്യവസാനം എന്നോടൊപ്പം നിന്ന് ഈ പദ്ധതി യാഥാർഥ്യമാകാൻ കളക്ടർ പ്രകടിപ്പിച്ച ആത്മാർത്ഥതയുടെയും സാങ്കേതികത്വം മാത്രം പറയാൻ എണീറ്റ് നിൽക്കുന്നവരെ നിശ്ശബ്ദരാക്കാൻ കാണിച്ച ചങ്കൂറ്റത്തിന്റെയും ഫലമായാണ് കാസർകോട് റെയിൽവേ സ്റ്റേഷനും പരിസരവും മിനുങ്ങാൻപോകുന്നത്.

സാങ്കേതികത്വം പറഞ്ഞു മുന്നിൽ വന്നവരെ നേരിടാനും എല്ലാ തടസ്സവാദങ്ങളെയും തട്ടിമാറ്റാനും ശ്രീ രാജ്മോഹൻ കാണിച്ച ആർജ്ജവം അത്ഭുതകരവും അനുപവുമാണ്. ജനങ്ങളോടാണ് തന്റെ പ്രതിബദ്ധത എന്ന് സംശയാതീതമായി തെളിയിച്ച ഗവർമെന്റ് അഡീഷണൽ സെക്രട്ടറി കൂടിയായ ശ്രീ രാജ്മോഹന് കാസർകോട്ടെ ജനങ്ങൾക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട്. ഇന്നലെയാണ് ( 20-03-2023 ) ടെണ്ടർ ഓപ്പൺ ചെയ്തത്. സുബിൻ ആൻറണി എന്ന യുവ കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തിരിക്കുകയാണ്. ജില്ലക്കാരന്‍ തന്നെ. കാസര്‍കോട് മണ്ഡലത്തിലുമാണ്. ഈ മാസം തന്നെ കരാറിൽ ഒപ്പിട്ട് മഴയ്ക്കു മുമ്പും മഴക്കാലത്തും ചെയ്യാൻ പറ്റുന്ന പ്രവൃത്തികളെല്ലാം പൂർത്തീകരിച്ച് മഴ കഴിഞ്ഞ ഉടൻ പദ്ധതി യാഥാർത്ഥ്യമാക്കുമെന്ന് അദ്ദേഹം വാക്കു നൽകിയിട്ടുണ്ട്.

നൂറ് ശതമാനം പ്രവൃത്തി പൂർത്തീകരിക്കുമ്പോൾ റെയിൽവേ സ്റ്റേഷൻ പരിസരവും റോഡും അവിശ്വസനീയമായ മാറ്റത്തിന് വിധേയമാകും. മരങ്ങൾക്ക് സംരക്ഷണഭിത്തി ഉണ്ടാകും. പ്രകൃതിഭംഗി നിലനിർത്തി കൊണ്ടുള്ള നിർമ്മാണമായിരിക്കും. റോഡിന്റെ ഇരുവശങ്ങളിലും ഇൻറർലോക്കും ഡ്രൈനേജും ഉണ്ടാകും. വിശാലമായ പാർക്കിംഗ് ഏരിയയും ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും KIOSK ഉം ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗമാണ് നിർവഹണം ഏറ്റെടുത്തിട്ടുള്ളത്. പുതുതായി ചാർജെടുത്ത എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ ദേവസേനൻ പ്രവൃത്തി റീ ടെണ്ടർ ചെയ്യുന്ന കാര്യത്തിൽ കാണിച്ച ശുഷ്ക്കാന്തി പ്രത്യേകം എടുത്തുപറയുന്നു.

webdesk14: