X

കാസര്‍കോട് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ കൂടുതല്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കും

കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയം നിര്‍ദ്ദേശിക്കുന്ന നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ കൂടുതലായി ആരംഭിക്കുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എജ്യൂക്കേഷന്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്നുണ്ട്. എജ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ബിഎസ്സി ബിഎഡ് (ഫിസിക്‌സ്), ബിഎസ്സി ബിഎഡ് (സുവോളജി), ബിഎ ബിഎഡ് (ഇംഗ്ലീഷ്), ബിഎ ബിഎഡ് (എക്കണോമിക്‌സ്), ബികോം ബിഎഡ് എന്നീ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമുകളാണ് ആരംഭിക്കുന്നത്. ബി കോം ബിഎഡിന് 50ഉം മറ്റുള്ളവക്ക് 25 വീതവും സീറ്റുകളാണുള്ളത്.

ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ നിലവിലുള്ള മൂന്ന് വര്‍ഷ യുജി പ്രോഗ്രാം ഈ വര്‍ഷം മുതല്‍ നാല് വര്‍ഷ ബിരുദ പ്രോഗ്രാമായി മാറ്റും. ബിഎ ഓണേഴ്‌സ് വിത്ത് റിസര്‍ച്ച് ഇന്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്നതാണ് പ്രോഗ്രാം. പ്രധാന ഐഛിക വിഷയത്തില്‍ മേജര്‍ ബിരുദവും മറ്റു വിഷയങ്ങളില്‍ മൈനര്‍ ബിരുദങ്ങളും ഒരേ കോഴ്‌സിന്റെ ഭാഗമായി ഇതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. അവസാന വര്‍ഷം മേജര്‍ വിഷയത്തില്‍ ഗവേഷണം നടത്താനും സാധിക്കും. ഇങ്ങനെ ചെയ്യുന്ന വിദ്യാര്‍ത്ഥിക്ക് പിജി ഇല്ലാതെ തന്നെ പിഎച്ച്ഡിക്ക് ചേരാം. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നാല് വര്‍ഷ പ്രോഗ്രാമുകള്‍ പരിഗണനയിലാണ്. ഒന്നിലധികം ഡിപ്പാര്‍ട്ട്‌മെന്റുകളെ ഉള്‍പ്പെടുത്തിയുള്ള മള്‍ട്ടി ഡിസിപ്ലിനറി ബിരുദ കോഴ്‌സുകള്‍ തുടങ്ങുന്നതും ചര്‍ച്ചയിലുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ അവസരങ്ങള്‍ ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. കേരളത്തിനും പ്രത്യേകിച്ച് കാസര്‍കോട് ജില്ലക്കും നേട്ടമാകും. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 70 കോടി രൂപയുടെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. ക്ലാസ് മുറികള്‍, ലാബുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങിയ നിര്‍മ്മിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അധികൃതർ പറഞ്ഞു.

 

 

webdesk15: