കാസര്‍കോട്: ബദിയടുക്കയില്‍ പൊലീസ് പിടിച്ചെടുത്ത ആറ് കോഴികളെ ഏഴായിരം രൂപക്ക് വിറ്റു. കഴിഞ്ഞ ഒമ്പതിനാണ് കോഴിയങ്കം നടത്തുന്നതിനിടെ ആറ് അങ്കക്കോഴികളെയും 12 പേരെയും പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഇന്നലെ കാസര്‍ക്കോട് കോടതി കോംപ്ലക്‌സില്‍ കോഴിയെ ലേലത്തില്‍ വില്‍ക്കുകയായിരുന്നു.
ഒന്‍പതിന് വൈകീട്ടോടെയാണ് കോഴിയങ്കം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ. കെ.പി.വിനോദ്കുമാറും സംഘവും പരിശോധന നടത്തിയത്. രണ്ട് കേസുകളിലായി വിദ്യാഗിരിയില്‍നിന്നും പീലിത്തടുക്കയില്‍നിന്നും ആറ് കോഴികളെയും 12 പേരെയും പോലീസ് പിടിച്ചു. അറസ്റ്റിലായവരെ നോട്ടീസ് നല്‍കി വിട്ടു.
കോഴിക്ക് നോട്ടീസ് നല്‍കാന്‍ വകുപ്പില്ലാത്തതിനാലും ശനിയും ഞായറും കോടതി അവധിയായതിനാലും അവയുടെ സംരക്ഷണം പോലീസിന് അധിക പണിയായി.
നേരത്തെയും സമാന കേസില്‍ പിടികൂടിയ കോഴികള്‍ സ്റ്റേഷനില്‍ ‘പണി’ തന്നിട്ടുള്ളതിനാല്‍ കോഴിക്കടയില്‍നിന്ന് കൊണ്ടുവന്ന കൂടുകളിലാണ് അങ്കകോഴികളെ ബന്തവസ്സിലാക്കിയത്.