X

യുവാക്കളെ സൈന്യം വെടിവെച്ചു കൊന്നതില്‍ പ്രതിഷേധം ശക്തം; കശ്മീര്‍ വീണ്ടും സംഘര്‍ഷ ഭൂമിയാകുന്നു

 

ശ്രീനഗര്‍: ഒരിടവേളക്ക് ശേഷം കശ്മീര്‍ വീണ്ടും സംഘര്‍ഷഭൂമിയാകുന്നു. ശനിയാഴ്ച ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേന നാട്ടുകാരായ ഏഴുപേരെ വെടിവെച്ചുകൊന്നതോടെയാണ് പ്രശ്‌നം രൂക്ഷമായത്. സൈന്യത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സുരക്ഷസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നാട്ടുകാരെ വെടിവെച്ചുകൊന്നത് കൂട്ടക്കൊലയാണെന്നാണ് വിമര്‍ശനം.
സംഭവത്തില്‍ പ്രതിഷേധിച്ച് വിഘടനവാദികള്‍ ആഹ്വനം ചെയ്ത മൂന്ന് ദിവസത്തെ ഹര്‍ത്താല്‍ തുടരുകയാണ്. ഹര്‍ത്താല്‍ താഴ്‌വരയില്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. കടകളും പെട്രോള്‍ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിച്ചില്ല. ചുരുക്കം ചില സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡിലിറങ്ങിയത്. വിഘടനവാദി നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, മിര്‍വായീസ് ഉമര്‍ ഫാറൂഖ്, യാസീന്‍ മാലിക് എന്നിവരുടെ നേതൃത്വത്തില്‍ ബദാമിബാഗിലെ സൈനിക ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. സൈന്യത്തിന്റെ ഇത്തരം അമിതാധികാരങ്ങള്‍ നീതീകരിക്കാനാവില്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം പുല്‍വാമ ജില്ലയിലെ ആറ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ കരുതലിന്റെ ഭാഗമായി പലയിടങ്ങളിലും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു.
ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ ശനിയാഴ്ച സൈന്യം നടത്തിയ വെടിവെപ്പിലാണ് ഏഴ് നാട്ടുകാരും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു ജവാന്റെ ജീവന്‍ നഷ്ടപ്പെട്ടു. 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സിര്‍നൂ ഗ്രാമത്തിലായിരുന്നു സംഭവം. തീവ്രവാദികളെ കണ്ടെത്താനെന്ന പേരില്‍ വീടുകള്‍ കയറി പരിശോധിച്ചതോടെ നാട്ടുകാര്‍ പ്രതിഷേധിക്കുകയായിരുന്നു.
അതേസമയം പി.ഡി.പി-ബി.ജെ.പി സംഖ്യം വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രീയ അസന്തുലിതാവസ്ഥ നിലനില്‍ക്കുകയാണ്. പി.ഡി.പിയുമായുള്ള കൂട്ടുകെട്ട് ബി.ജെ.പി ഉപേക്ഷിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസും പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ സത്യപാല്‍ മാലിക് നിയമസഭ പിരിച്ചുവിട്ടത് വിവാദമായി. ഇതോടെ സംസ്ഥാനം രാഷ്ട്രപതി ഭരണത്തില്‍ കീഴിലാവുകയും ചെയ്തു. കശ്മീരില്‍ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കനുകൂലമായ തരംഗം സൃഷ്ടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും. ഇതിനിടെ സുരക്ഷാസേനയുടെ വെടിയേറ്റ് പ്രദേശവാസികള്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായിട്ടുണ്ട്. കേന്ദ്രത്തിന്റെയും സൈന്യത്തിന്റെയും നിലപാട് രാഷ്ട്രീയമായി വിപരീതഫലം ഉളവാക്കിയേക്കാമെന്നാണ് വിലയിരുത്തല്‍.

chandrika: