X
    Categories: CultureNewsViews

കണ്ണീര്‍ മഴ ചോരാതെ കവളപ്പാറ

മലപ്പുറം: ദുരന്തം കുത്തിയൊഴുകി വന്ന നിലമ്പൂര്‍ കവളപ്പാറയിലെ സ്ഥിതി അതീവ ഗുരുതരം. ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്നലെ രാവിലെ രണ്ട് മൃതദേഹങ്ങളും വൈകുന്നേരം നാല് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. കവളപ്പാറ ചെല്ലന്റെ ഭാര്യ മാതി (65), പൂതാലി വീട്ടില്‍ മുഹമ്മദലിയുടെ മകള്‍ ആതിര (18), മുതിരക്കുളം മുഹമ്മദിന്റെ ഭാര്യ ഫൗസിയ (40), മകള്‍ ഫിദ (10), വാളകത്ത് വീട്ടില്‍ സന്തോഷ് (30), ഭൂതാനം ചോലാടി ഗോപിയുടെ മകള്‍ പ്രജിത (13), എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. ചോലാടി ഗോപിയുടെ ഭാര്യ പ്രിയ (35), മകന്‍ ഗോകുല്‍ (12), കവളപ്പാറ തൊമ്മന്റെ മകള്‍ അനഘ (നാലര) എന്നിവരുടെ മൃതദേഹങ്ങള്‍ വെള്ളിയാഴ്ച ലഭിച്ചിരുന്നു.
ഏഴുപതോളം പേര്‍ മണ്ണിനിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. സന്നദ്ധ പ്രവര്‍ത്തകരും സേനാംഗങ്ങളും സജ്ജമെങ്കിലും ഇടമുറിയാത്ത മഴയും ഇടക്കിടെയുള്ള മണ്ണിയിടിച്ചിലും കാരണം രക്ഷാ പ്രവര്‍ത്തനം ഇന്നലെ പാതിവഴിയില്‍ നിലച്ചു. വൈകുന്നേരം നാല് മണിയോടെ രക്ഷാ പ്രവര്‍ത്തനത്തിനിടെ ഉരുള്‍പൊട്ടിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. രക്ഷാ പ്രവര്‍ത്തകരും നാട്ടുകാരുമടക്കം ഓടി രക്ഷപ്പെട്ടത് മൂലം മറ്റൊരു ദുരന്തം ഒഴിവായി.
കവളപ്പാറയിലെ ഉള്‍പൊട്ടലില്‍ രണ്ട് കിലോ മീറ്റര്‍ പ്രദേശമാണ് മണ്ണിനടിയില്‍ പെട്ടിരിക്കുന്നത്. എത്ര കുടുംബങ്ങള്‍ അപകടത്തില്‍പ്പെട്ടുവെന്നതിന്റെ കൃത്യമായ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. എഴുപതോളം വീടുകള്‍ തകര്‍ന്നിട്ടുണ്ടെന്നും അറുപതിലധികം പേരെ കാണാതായിട്ടുണ്ടെന്നുമാണ് അനൗദ്യോഗിക കണക്കുകള്‍. രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ടീം മാത്രമാണ് ഇന്നലെ രംഗത്തുണ്ടായിരുന്നത്. സൈന്യം എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അവര്‍ക്ക് വൈകുന്നേരമായിട്ടും കവളപ്പാറയിലെത്താന്‍ സാധിച്ചില്ല.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന ആരോപണം ശക്തമാണ്. അധികൃതരുടെ അനാസ്ഥക്കെതിരെ നാട്ടുകാര്‍ ക്ഷുഭിതരാണ്. പട്ടാളത്തെ സമയത്തിനെത്തിക്കാനോ കാര്യക്ഷമമായി സുരക്ഷാ സേനയെ വിന്യസിക്കാനോ ഈ മേഖലയില്‍ സാധിച്ചിട്ടില്ല എന്നതാണ് പ്രധാന ആരോപണം. ദുരന്ത മുഖത്ത് വെള്ളിയാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചയുമായി കുടുങ്ങി കിടക്കുന്നവരുടെ കരച്ചില്‍കേട്ടതായി നാട്ടുകാര്‍ പറയുന്നു. മണ്ണിനടിയില്‍ വീടുകള്‍ക്കുള്ളില്‍ പലര്‍ക്കും ജീവനുണ്ടാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. രക്ഷാ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയാല്‍ ജീവന്‍ രക്ഷിക്കാനാവുമെന്നും ഇവര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടത് തിരിച്ചടിയായി.
രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടത്ര ഉപകരണങ്ങളില്ലാത്തതും കവളപ്പാറയെ പ്രതിസന്ധിയിലാക്കി. മണ്ണ് മാറ്റുന്നതിനായി ഒരു ജെ.സി.ബിയും ഹിറ്റാച്ചിയും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ ഹിറ്റാച്ചി മണ്ണില്‍ കുടുങ്ങി തകരാറിലായതും പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി. ജനങ്ങള്‍ക്ക് നേരിട്ട് രക്ഷാ പ്രവര്‍ത്തനം നടത്താന്‍ യാതൊരു തരത്തിലും സാധ്യമല്ല. കൊഴുപ്പേറിയ മണ്ണും വലിയ കല്ലും മരങ്ങളും നീക്കാന്‍ പോലും സാധിക്കുന്നില്ല എന്നാണ് പറയുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: