X
    Categories: MoreViews

കാവേരി വിധി; തെരഞ്ഞെടുപ്പ് ഗോദയില്‍ സിദ്ധരാമയ്യക്ക് പുതുഊര്‍ജ്ജം

ബംഗളൂരു: ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ക്കു മുന്നില്‍ ചടഞ്ഞിരിക്കാത്ത കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്നലെ 10 മണിവരെ പതിവിന് വിരുദ്ധമായി ടിവിക്കു മുന്നിലായിരുന്നു. 13-ാം ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നതിനു മുമ്പായി കാവേരി വിധി തിരിച്ചടിയാവുമോ എന്ന ഭയമായിരുന്നു സിദ്ധുവിന്റെ ആധി. എന്നാല്‍ കാവേരി വിധി ടിവിയില്‍ ഫഌഷ് ന്യൂസുകളായതോടെ പുഞ്ചിരിക്കുന്ന മുഖവുമായി സിദ്ധരാമയ്യ നിയമസഭയിലേക്ക് ബജറ്റ് അവതരണത്തിനായി ഇറങ്ങി.

മുഖ്യമന്ത്രിയാവുന്നതിന് മുമ്പേ എട്ടു ബജറ്റുകള്‍ ധനകാര്യമന്ത്രി എന്ന നിലയില്‍ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. 138 വര്‍ഷമായുള്ള നിയമ യുദ്ധത്തിന്റെ അന്തിമ വിധി സിദ്ധരാമയ്യക്കും കോണ്‍ഗ്രസിനും ഒരുപോലെ നിര്‍ണായകമായിരുന്നു. സുപ്രീം കോടതിയില്‍ സര്‍ക്കാറിനെ പ്രതനിധീകരിക്കുന്ന അഭിഭാഷകരെ പ്രതിപക്ഷമായ ബി.ജെ.പി അടിക്കടി വിമര്‍ശിക്കുകയും ചെയ്തിരുന്നു. കാവേരി കേസില്‍ 20 വര്‍ഷമായി കര്‍ണാടകയെ പ്രതിനിധീകരിക്കുന്ന ഫാലി എസ് നരിമാനെ മാറ്റണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

പക്ഷെ മാറ്റാന്‍ സിദ്ധരാമയ്യ ഒരുക്കമായിരുന്നില്ല. പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കിടയില്‍ ശുഭാപ്തി വിശ്വാസത്തോടെ നിലയുറപ്പിച്ച സിദ്ധരാമയ്യക്കും കര്‍ണാടക്കും അനുകൂലമായാണ് അന്തിമ വിധി എത്തിയത്. നദീ ജല തര്‍ക്കത്തില്‍ ഒരു സംസ്ഥാനത്തിനും പൂര്‍ണമായ തൃപ്തി ലഭിക്കില്ലെങ്കിലും കര്‍ണാടക്ക് ചിരിക്കാന്‍ ഇത്തവണ ഒന്നിലേറെ കാരണങ്ങളുണ്ടെന്നത് ശ്രദ്ധേയമാണ്.

കാവേരി വിഷയം കാവേരി ബെല്‍റ്റായ ജില്ലകളില്‍ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണ വിഷയമാക്കുമെന്നുറപ്പാണ്. കാവേരിയുടെ ഭാഗമല്ല കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവെന്ന തമിഴ്‌നാടിന്റെ വാദത്തെ വിദഗ്ധമായി മറികടക്കാന്‍ കര്‍ണാടക സര്‍ക്കാറിനു സാധിച്ചത് സിദ്ധരാമയ്യ സര്‍ക്കാറിന് നേട്ടമാണ്.
കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണത്തെ കുറിച്ച് സുപ്രീം കോടതി ഒന്നും പറയാത്തതും കര്‍ണാടക നേട്ടമായി കാണുന്നു. രാഷ്ട്രീയപരമായി വിധി പ്രതിപക്ഷമായ ബി.ജെ.പിക്കും ജെ.ഡി.എസിനും ആശ്വാസത്തിന് വക നല്‍കുന്നതല്ല. കാവേരി ബെല്‍റ്റില്‍ നിര്‍ണായകമായ ജെ.ഡി.എസിന് സുപ്രീം കോടതി വിധി ഗുണത്തേക്കാളേറെ ദോഷമായി മാറും. 14.75 ടി.എം.സി അധിക ജലം കോണ്‍ഗ്രസ് വോട്ടാക്കി മാറ്റുമെന്ന് ജെ.ഡി.എസ് ഭയക്കുന്നുണ്ട്. ശ്രദ്ധയോടെയാണ് ബി.ജെ. പി നേതാക്കള്‍ സുപ്രീം കോടതി വിധിയോട് പ്രതികരിച്ചത്.

പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ വിധിയെ സ്വാഗതം ചെയ്തപ്പോള്‍ മറ്റു നേതാക്കള്‍ അഭിഭാഷകരുമായി സംസാരിച്ച ശേഷം പ്രതികരിക്കാമെന്ന മറുപടിയാണ് നല്‍കിയത്. ഗോവയുമായുള്ള മാഹാദായി നദീജല തര്‍ക്കത്തില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ കോണ്‍ഗ്രസ് കാവേരി നേട്ടം മുന്‍നിര്‍ത്തി ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയേക്കും.

chandrika: