X

കര്‍ണ്ണാടക പ്രതിസന്ധി: പ്രതികരണവുമായി കെ.സി വേണുഗോപാല്‍

ബാംഗളൂരു: കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരിന് നിലവില്‍ പ്രതിസന്ധികളില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി.കെ.സി വേണുഗോപാല്‍. അതേസമയം, കോണ്‍ഗ്രസിന്റെ നിര്‍ണായക നിയമസഭാകക്ഷി യോഗത്തില്‍ വിമത എം.എല്‍.എമാര്‍ എത്തിയില്ല. യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കുമെന്ന പാര്‍ട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. മന്ത്രി പദവികള്‍ വാഗ്ദാനം ചെയ്തിട്ടും വിമത എം.എല്‍.എമാര്‍ തിരിച്ചുവരാത്തത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയിട്ടുണ്ട്.

മുംബൈയിലേക്ക് എം.എല്‍.എമാരുമായി ചര്‍ച്ച നടത്താന്‍ പോയ ഡി.കെ.ശിവകുമാറിലാണ് സര്‍ക്കാറിന്റെ പ്രതീക്ഷകള്‍. ഇതും പാളിയില്‍ കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തുന്നതിനാണ് സാധ്യത. അതിനിടെ, വിമത എംഎല്‍എമാരെ രാജിതീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാനായി കര്‍ണാടക മന്ത്രി കൂടിയായ ശിവകുമാര്‍ മുംബൈക്ക് തിരിച്ചതോടെ, വിമത എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.

ഇതോടെ വിമതരുമായി കൂടിക്കാഴ്ച നടത്താനുള്ള ശിവകുമാറിന്റെ തന്ത്രം പാളി. രാജിവെച്ച വിമതരെയെല്ലാം മന്ത്രിമാരാക്കാമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നോട്ടുവെച്ചിട്ടുള്ള വാഗ്ദാനം. എന്നാല്‍ ഈ നിര്‍ദേശങ്ങളോട് വിമതരുടെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ശിവകുമാര്‍ മടങ്ങിയെത്തുമ്പോള്‍ പ്രശ്‌നമെല്ലാം തീരുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

11 എംഎല്‍എമാരാണ് മുംബൈയിലെ റിസോര്‍ട്ടില്‍ കഴിഞ്ഞിരുന്നത്. ഡി കെയുടെ സന്ദര്‍ശന വിവരം അറിഞ്ഞ വിമത നേതാക്കള്‍ എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇവരെ വൈകാതെ പൂനെയിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതിന് പിന്നാലെ, കേവലഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ബിജെപിയെയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. അന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പ്രലോഭനത്തില്‍ വീഴാതെ കാത്തത് ഡി കെ ശിവകുമാറിന്റെ ഇടപെടലുകളാണ്.

chandrika: