X
    Categories: CultureNewsViews

സംസ്ഥാനത്ത് മഴ തുടരുന്നു; കടലാക്രമണം അതിശക്തം

തിരുവനന്തപുരം: ശക്തമായ മഴയിലും കടലാക്രമണത്തിലും സംസ്ഥാനത്തെ തീരദേശ മേഖലകള്‍ ഭീതിയില്‍. കൊല്ലം നീണ്ടകരയില്‍ വള്ളം തകര്‍ന്നു കടലില്‍ കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം അഞ്ചുതെങ്ങില്‍ കരക്കടിഞ്ഞു.
കന്യാകുമാരി നീരോടി സ്വദേശി സഹായ് രാജിന്റെ മൃതദേഹമാണു കരക്കടിഞ്ഞത്. ഒപ്പമുണ്ടായിരുന്ന രാജു, ജോണ്‍ ബോസ്‌കോ എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. നീണ്ടകര അഴിമുഖത്തു നിന്ന് ഒന്നര നോട്ടില്‍ മൈല്‍ പടിഞ്ഞാറു ഭാഗത്താണു വള്ളം തകര്‍ന്നത്. അഞ്ചു പേരാണു വള്ളത്തിലുണ്ടായിരുന്നത്. ഉടമ ഉള്‍പ്പെടെ രണ്ടുപേര്‍ നീന്തി രക്ഷപെട്ടിരുന്നു. ബുധനാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ആറു ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടും ബുധനാഴ്ച വരെ 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കേന്ദ്രകാലാവസ്ഥാ വകുപ്പ് എല്ലാ ജില്ലകളും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ കുടലുവിലാണ് ഇന്നലെവരെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്, 31 സെന്റി മീറ്റര്‍. ഹോസ്ദുര്‍ഗില്‍ 28, കണ്ണൂരില്‍ 22, തലശ്ശേരിയില്‍ 19 സെന്റിമീറ്റര്‍ ഇങ്ങനെയാണ് മഴയുടെ കണക്ക്. എല്ലാ ജില്ലകളിലും സാമാന്യം ശക്തമായ മഴ പെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് മഴക്ക് ശമനം ഉണ്ടായെങ്കിലും ശക്തമായ കടലാക്രമണമാണ് തീരമേഖലയില്‍ അനുഭവപ്പെടുന്നത്. 120 കുടുംബങ്ങളെ ഇതിനകം മാറ്റിപ്പാര്‍പ്പിച്ചു. വലിയതുറയില്‍ നിരവധി വീടുകള്‍ കടലെടുത്തു. ശംഖുമുഖം ബീച്ചിലേക്ക് ഒരാഴ്ചത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇടുക്കിയില്‍ മലയോരങ്ങളിലും ഉള്‍ക്കാടുകളിലും കനത്ത മഴപെയ്യുന്നു. അതിതീവ്ര മഴ മുന്നറിയിപ്പ് അത്ര പ്രകടം അല്ലെങ്കിലും ജില്ലാ ഭരണകൂടത്തിന്റെ അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. പരമാവധി സംഭരണ ശേഷിയിലേക്ക് എത്താന്‍ ഇനിയും ഏറെ കാത്തിരിക്കണമെങ്കിലും നീരൊഴുക്ക് കൂടി ജലനിരപ്പ് ഉയരുന്ന സാഹചര്യം കെ.എസ്.ഇ.ബിക്ക് ആശ്വാസമാണ്. പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതോടെ ചാലക്കുടിപ്പുഴയിലും ജലനിരപ്പ് കൂടി.
അതേസമയം കെ.എസ്.ഇ.ബിയും ജലവിഭവ വകുപ്പും നിയന്ത്രിക്കുന്ന അണക്കെട്ടുകളില്‍ മിക്കവയും സംഭരണ ശേഷിയിലേക്ക് അടുക്കുന്നതെയുള്ളു. ചാലക്കുടി പുഴയില്‍ രണ്ട് അടിയിലേറെ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മധുര്‍ മേഖലയില്‍ നിന്ന് മാത്രം മുപ്പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കട്‌ല, കാഞ്ഞങ്ങാട് നീലേശ്വരം, ചെറുവത്തൂര്‍ മേഖലയിലെല്ലാം കനത്ത മഴ തുടുകയാണ്. കാഞ്ഞങ്ങാട്ടും കിനാലൂരിലും വെള്ളക്കെട്ട് രൂക്ഷമായതിനെ തുടര്‍ന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കനത്ത മഴയില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. കോഴിക്കോട്ട് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിന്റെ ഭീതി നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രതയാണ് ഭരണകൂടം പുലര്‍ത്തുന്നത്. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചലിനും സാധ്യതയുള്ള മേഖലയിലെല്ലാം റവന്യു വകുപ്പിന്റെ ജാഗ്രത തുടരുകയാണ്.
കോഴിക്കോട്ട് കക്കയം അണക്കെട്ട് പരിസരത്തേക്ക് സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മഴ ശക്തിപ്പെട്ടതോടെ കാറ്റിന്റെ വേഗം മണിക്കൂറില്‍ അമ്പത് കിലോമീറ്ററില്‍ കൂടാന്‍ ഇടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.7 മുതല്‍ 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സമുദ്ര സ്ഥിതിപഠന കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: