X

വേനല്‍മഴ കാര്യമായി; ഡാമുകളില്‍ ജലനിരപ്പ് കൂടി

നെയ്യാര്‍ ഡാം (ഫയല്‍ ചിത്രം)

തിരുവനന്തപുരം: സംസ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന വേനല്‍മഴയില്‍ ചൂടുകുറഞ്ഞതിനൊപ്പം വൈദ്യുതി ഉപഭോഗവും കുറഞ്ഞു. വേനല്‍മഴ കാര്യമായി ലഭിച്ചതിനാല്‍ അണക്കെട്ടുകളിലെ ജലനിരപ്പും ഉയര്‍ന്നു.

ഇന്നലെത്തെ കണക്ക് അനുസരിച്ച് ഇടുക്കി അണക്കെട്ടില്‍ ഡാമിന്റെ സംഭരണശേഷിയുടെ 25 ശതമാനം വെളളമുണ്ട്. 732.43 മീറ്റര്‍ വരെ വെള്ളം ഉള്‍ക്കൊള്ളാം എന്നിരിക്കെ 708.038 മീറ്ററാണ് ജലനിരപ്പ് പമ്പയില്‍ 28 ശതമാനവും മാട്ടുപ്പെട്ടിയില്‍ 38 ശതമാനവും ജലമുണ്ട്. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലുമായി 1012 മെഗായൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലമുണ്ട്.

കഴിഞ്ഞ വര്‍ഷം ഇതേസമയം 547 മെഗാ യൂണിറ്റും 2016ല്‍ 945 ഉം മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലമാണുണ്ടായിരുന്നത്. എന്നാല്‍, വേനല്‍മഴ കാര്യമായി ലഭിച്ച 2015ല്‍ ഇതേസമയം 1,328 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലമുണ്ടായിരുന്നു. അതിനാല്‍ മേയ് അവസാനം ഉണ്ടാകാറുള്ള വൈദ്യുതി ക്ഷാമം ഒഴിവാകുകയും ചെയ്തു.

കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയോഗം 72.2848 ദശലക്ഷം യൂണിറ്റാണ്. വേനല്‍ കടുത്താല്‍ 78 ദശലക്ഷം യൂണിറ്റായി ഉപയോഗം ഉയരാറുണ്ട്. കഴിഞ്ഞ ദിവസം 18.9775 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളില്‍നിന്ന് ഉത്പാദിപ്പിക്കുകയും 53.3074 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്നു വാങ്ങുകയും ചെയ്തു.

chandrika: