X

പ്രളയത്തിന് മുമ്പും പ്രളയത്തിന് ശേഷവും; കേരളത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നാസ

മാഹാപ്രളയത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു.

കേരളം കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ പ്രളയ നേരിട്ട സമയത്തെ വെളളപ്പൊക്കത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ആകാശചിത്രങ്ങളാണ് നാസ പുറത്തു വിട്ടിരിക്കുന്നത്.

പ്രളയത്തിനു മുമ്പും ശേഷവുമുള്ള കേരളത്തിന്റെ ചിത്രത്തില്‍ കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളുടെ ഭാഗങ്ങള്‍ വ്യക്തമായി കാണുന്ന രീതിയിലാണ് രണ്ടു ചിത്രങ്ങളുമുള്ളത്.

ഫെബ്രുവരി 6ന് എടുത്ത ചിത്രം

പ്രളയത്തിനു ശേഷം ഓഗസ്റ്റ് 22ന് എടുത്ത ചിത്രം

പ്രളയത്തിനു മുമ്പ് ഫെബ്രുവരി ആറിന് എടുത്ത ചിത്രമാണ് ആദ്യത്തേത്. പ്രളയത്തിനു ശേഷം ഓഗസ്റ്റ് 22ന് എടുത്ത ചിത്രമാണ് രണ്ടാമത്തേത്. പ്രളയത്തില്‍ മുങ്ങിയ ഭാഗങ്ങള്‍ നീലനിറത്തിലും വെള്ളം കയറാത്ത ഭാഗങ്ങള്‍ പച്ച നിറത്തിലുമായാണ് കാണുന്നത്.

നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണ് കേരളത്തിലുണ്ടായതെന്ന് നേരത്തെ നാസ പറഞ്ഞിരുന്നു. ഇത് തെളിയിക്കുന്ന വീഡിയോയും ചിത്രങ്ങളും നാസ പുറത്തുവിട്ടതുമാണ്. ഗ്ലോബല്‍ പ്രസിപ്പിറേഷന്‍ മെഷര്‍മെന്റ് മിഷന്‍ കോര്‍ സാറ്റ്ലൈറ്റായ ജിപിഎം പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.

ജൂണ്‍ തുടക്കം മുതല്‍ തന്നെ കേരളത്തില്‍ മഴ കനത്തിരുന്നു. സാധാരണയില്‍ നിന്ന് 42 ശതമാനം കൂടുതല്‍ മഴ പെയ്തതായും ആഗസ്തിലെ ആദ്യ 20 ദിവസങ്ങളില്‍ സാധാരണയില്‍ നിന്ന് 164 ശതമാനം അധികം മഴ പെയ്തതായും നാസയുടെ എര്‍ത്ത് ഒബ്സര്‍വേറ്ററി വ്യക്തമാക്കി.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ വിശദാംശങ്ങളിലാണ് കേരളത്തിന്റെ ദുരന്ത കാഴ്ച വ്യക്തമാക്കുന്നത്.

chandrika: