X

ഇടതു ഭരണത്തില്‍ പാപ്പരാകുന്ന കേരളം-എഡിറ്റോറിയല്‍

മൂര്‍ച്ചയുള്ള വാളു പോലെ സാമ്പത്തിക പ്രതിസന്ധി ലോകത്തിന്റെ തലക്കുമീതെ തൂങ്ങിനില്‍ക്കുന്നുണ്ട്. ശ്രീലങ്കയടക്കം പല രാജ്യങ്ങളും അതിന്റെ ഇരകളാണ്. സമ്പന്ന രാജ്യങ്ങള്‍ക്കു പോലും നാളെയെക്കുറിച്ച് പേടിയുണ്ട്. കടഭാരം കുന്നുകൂടുകയും തിരിച്ചടവിന് വഴിയില്ലാതെ വലയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരു ജനത ഒന്നടങ്കം കുത്തുപാളയെടുക്കേണ്ടിവരുന്നു. ഭരണകൂടങ്ങളുടെ നയ വൈകല്യങ്ങളും വരുമാനദായകമല്ലാത്ത പദ്ധതികളുമാണ് സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണങ്ങളില്‍ പ്രധാനം. സാമൂഹിക പ്രതിബദ്ധത നഷ്ടപ്പെട്ട ഭരണകൂടങ്ങള്‍ താല്‍ക്കാലിക കയ്യടികളില്‍ സുഖം കാണുന്നതാണ് സമ്പദ്ഘടനയുടെ വലിയ ശാപം. ഉല്‍പാദന മേഖലയെ ഉത്തേജിപ്പിക്കുന്നതിന് പകരം കടങ്ങള്‍ വാങ്ങിക്കൂട്ടി ജനപ്രീണനത്തില്‍ മാത്രമായി സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിപ്പോകുന്നത് വലിയ അപകടങ്ങളുണ്ടാക്കുമെന്നതിന് അനുഭവപാഠങ്ങള്‍ ധാരാളം നമുക്ക് മുന്നിലുണ്ട്. ഇപ്പോള്‍ കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ഭരണകൂട സൃഷ്ടിയാണ്. ഈ വര്‍ഷം സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 3,50,000 കോടിയായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. വര്‍ഷാവസാനത്തോടെ അത് നാല് ലക്ഷം കോടിയാകും. റീ ബില്‍ഡ് കേരളയുടെ ഭാഗമായി ഫ്രഞ്ച് ബാങ്കില്‍ നിന്ന് 800 കോടി വായ്പയെടുക്കാന്‍ തീരുമാനിച്ചതിന് പുറമെ 2000 കോടി കൂടി കടം വാങ്ങാനാണ് സര്‍ക്കാറിന്റെ തീരുമാനം. വായ്പയോടൊപ്പം പലിശഭാരം കൂടിയാകുമ്പോള്‍ കടക്കെണിയില്‍ കൂപ്പുകുത്തുമെന്ന് തീര്‍ച്ച. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ദയനീയമാണെന്നാണ് അവലോകന റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നത്. ഇടതുപക്ഷ സര്‍ക്കാരിന് കടം വാങ്ങിയിട്ട് പൂതി തീരുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ 5000 കോടി രൂപയാണ് ഒറ്റയടിക്ക് വായ്പ വാങ്ങിയത്. ഇനിയും വലിയ കടങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ പുതിയ വാതിലുകള്‍ മുട്ടിക്കൊണ്ടിരിക്കുന്നു.

കിട്ടാവുന്നത്ര ഇരന്നുവാങ്ങുകയെന്നതാണ് എല്‍. ഡി.എഫ് സര്‍ക്കാരിന്റെ നയം. വികസന മുന്നേറ്റത്തിനെന്ന പേരില്‍ രൂപീകരിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) കടം വാങ്ങാനുള്ള സംവിധാനമാണ്. സാമ്പത്തിക വിദഗ്ധര്‍ക്കു തന്നെ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുണ്ട്. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് അഞ്ച് വര്‍ഷം കൊണ്ട് അമ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് കിഫ്ബിയുടെ ലക്ഷ്യം. മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാത്ത പദ്ധതികള്‍ കേരളത്തെ കടക്കെണിയിലാക്കില്ലേ എന്നാണ് വിദഗ്ധര്‍ ചോദിക്കുന്നത്. കിഫ്ബിയുടെ പദ്ധതികളില്‍ ഒന്നുപോലും വരുമാനം ഉണ്ടാക്കുന്നവയല്ല. സാമ്പത്തിക വളര്‍ച്ചക്ക് അടിസ്ഥാന സൗകര്യ വികസനം അനിവാര്യമാണെങ്കിലും അതിനുവേണ്ടി വാങ്ങുന്ന വായ്പയുടെ തിരിച്ചടവ് എങ്ങനെ സാധിക്കുമെന്ന ചോദ്യം ഏറെ പ്രസക്തമാണ്. കെ റെയില്‍ പോലെ വന്‍കിടക്കാരെ മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ കൊണ്ട് സംസ്ഥാനത്തിനെന്ത് പ്രയോജനമെന്ന ചോദ്യത്തില്‍ കഴമ്പുണ്ട്. പക്ഷെ, ആത്യന്തികമായി അതിന്റെ സാമ്പത്തിക ഭാരം വീഴുന്നത് സാധാരണക്കാരന്റെ തലയിലുമായിരിക്കും.

രാജ്യത്തിനു പുറത്തുള്ള ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പ വാങ്ങാന്‍ സര്‍ക്കാരിന് വലിയ ആവേശമാണ്. പ്രായോഗിക ധനസമാഹരണത്തിന് നീക്കമില്ലെന്ന് മാത്രമല്ല, അനാവശ്യ ചെലവുകള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. വാര്‍ഷിക ബജറ്റിനെ പ്രഖ്യാപനങ്ങള്‍ക്കുള്ള രേഖ മാത്രമായി തരംതാഴ്ത്തിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കടങ്ങള്‍ വാങ്ങിക്കൂട്ടുമ്പോഴും മന്ത്രിമാരുടെ ആര്‍ഭാടങ്ങള്‍ക്ക് ഒട്ടും കുറവില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനഭ്രമത്തിന്റെ ബാധ്യതയും പൊതുഖജനാവിന്റെ തലയിലാണ്. പിണറായിക്ക് സഞ്ചരിക്കാന്‍ കിയ കാര്‍ണിവലും എസ്‌കോര്‍ട്ടിനായി മൂന്ന് ഇന്നോവ ക്രിസ്റ്റയും വാങ്ങാന്‍ 88,69,841 രൂപയാണ് മുതല്‍മുടക്ക്. അതോടൊപ്പം മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാനും നീക്കമുണ്ട്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഉള്‍പ്പെടെ ശമ്പളമില്ലാതെയും ജനം വരുമാനമില്ലാതെയും നട്ടംതിരിയുമ്പോഴാണ് ഭരണതലത്തില്‍ ദൂര്‍ത്ത് പൊടിപൊടിക്കുന്നതെന്ന് ഓര്‍ക്കണം. ഇടതുപക്ഷത്തിന് അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ മാത്രമേ താല്‍പര്യമുണ്ടാകൂ. സര്‍ക്കാര്‍ കാലാവധി തീര്‍ത്ത് ഇറങ്ങിപ്പോയാലും കടബാധ്യത സംസ്ഥാനത്തിന്റെ കണക്കില്‍ തന്നെ ഉണ്ടാകും. അതിന് തല വെച്ചുകൊടുക്കേണ്ടത് പാവപ്പെട്ട ജനങ്ങളായിരിക്കും. നിത്യചെലവിനുപോലും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമുന്നില്‍ കൈ നീട്ടുന്ന അവസ്ഥയിലേക്ക് സംസ്ഥാനത്തെ എത്തിച്ചതിന്റെ ഉത്തരവാദി സര്‍ക്കാര്‍ മാത്രമാണ്. കൃത്യമായ നികുതി പിരിവ് ഉള്‍പ്പെടെ വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ആലോചനയില്ല. സമ്പദ്ഘടന വലിയ തകര്‍ച്ചയുടെ വക്കില്‍ എത്തിയിരിക്കുന്നു. എല്ലാം കോവിഡിന്റെ തലയില്‍ കെട്ടിവെച്ച് ഇനിയും മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് സാധിക്കില്ല. സാമ്പത്തിക യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കണ്ണുതുറന്നേ തീരൂ. അല്ലാത്തപക്ഷം, കേരളം പാപ്പരാകുന്ന കാലം അധികം വിദൂരമല്ല.

web desk 3: