X

കേരളം തളരുന്നു: കടം രണ്ടു ലക്ഷം കോടി

സിനു എസ്.പി കുറുപ്പ്
തിരുവനന്തപുരം

സംസ്ഥാന വരുമാനത്തിന്റെ വളര്‍ച്ചാ നിരക്കില്‍ കുറവുണ്ടായതായും കടം കൂടുന്നതായും 2017 ലെ സാമ്പത്തികാവലോകനരേഖ വ്യക്തമാക്കുന്നു. മുന്‍കാലത്തെ അപേക്ഷിച്ച് 2016-17 ല്‍ വളരെയധികം കുറഞ്ഞ് 9.53 ശതമാനത്തിലെത്തി. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിലും കുറവുണ്ടായെന്ന് വ്യക്തമാക്കുന്ന സാമ്പത്തികാവലോകനരേഖ ധനമന്ത്രി തോമസ് ഐസക്  നിയമസഭയുടെ മേശപ്പുറത്ത് വെച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സാമ്പത്തികാവലോകന രേഖ സമര്‍പ്പിച്ചത്.

കടത്തിന്റെ വളര്‍ച്ചാ നിരക്കും കൂടുകയാണ്. 2015-16 ല്‍ 157,370.33 കോടി രൂപയായിരുന്ന സംസ്ഥാനത്തിന്റെ കടം തൊട്ടടുത്ത വര്‍ഷം രണ്ട് ശതമാനത്തിലേറെ വര്‍ധിച്ച് 186,453 കോടിയായി. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കണക്ക് അനുസരിച്ച് പൊതുകടം 207,026.81 കോടി രൂപയാണ്. ആഭ്യന്തര കടം മുന്‍വര്‍ഷത്തെ 118268.72 കോടിയില്‍ നിന്നും നടപ്പുസാമ്പത്തിക വര്‍ഷം ഇതുവരെയുള്ള കണക്ക് അനുസരിച്ച് 1,39,636.01 കോടിയായി വര്‍ധിച്ചു. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ വളര്‍ച്ചയും കുറയുന്ന പ്രവണതയാണ് രേഖപ്പെടുത്തുന്നത്. 2015-16ല്‍ 12.37 ശതമാനമായിരുന്ന ആഭ്യന്തര ഉല്‍പാദന നിരക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.25 ആയി കുറഞ്ഞു.

അതേ സമയം സംഖ്യാപരമായി വരുമാനം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിക്കാറുണ്ടെങ്കിലും നിരക്ക് അടിസ്ഥാനത്തിലെ കണക്ക് പരിശോധിച്ചാല്‍ എല്ലാ മേഖലകളിലും കുറവാണ് സൂചിപ്പിക്കുന്നത്.നികുതിയിതര വരുമാനത്തിന്റെ വളര്‍ച്ചയും കുറയുകയാണ്. മുന്‍കാലങ്ങളിലെ കണക്കിനെ അപേക്ഷിച്ച് നികുതിവരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പകുതിയായി കുറഞ്ഞു.

വരുമാനത്തിലെ വളര്‍ച്ചാ നിരക്ക് കുറയുന്നതിനൊപ്പം സംസ്ഥാനത്തിന്റെ ചെലവ് അനുദിനം കുതിച്ചുയരുന്നത് ആശങ്കാജനകമാണ്. 2015-16 ല്‍ 78,689.47 കോടി രൂപ ചെലവായത് തൊട്ടടുത്ത വര്‍ഷം 15 ശതമാനത്തോളം വര്‍ധിച്ച് 91, 096.31 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൊത്തം ചെലവില്‍ 30.69 ശതമാനവും ചെലവിട്ടത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാണ്. 16.77 ശതമാനം തുക പെന്‍ഷന്‍ വിതരണത്തിനും 13.30 ശതമാനം വായ്പകള്‍ക്കുള്ള പലിശ ഒടുക്കുന്നതിനും ചെലവാക്കി. തദ്ദേശസ്ഥാപനങ്ങള്‍ക്ക് 6.65 ശതമാനം തുകയും അനുവദിച്ചതായും സാമ്പത്തികാവലോകന രേഖയില്‍ വ്യക്തമാക്കുന്നു.

സംഖ്യാപരമായ കണക്കുകളില്‍ മാത്രമാണ് സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിക്കുന്നത്. നികുതിയിനത്തില്‍ നിന്നാണ് സംസ്ഥാനവരുമാനത്തിന്റെ 55.78 ശതമാനവും ലഭിക്കുന്നത്. മൂല്യവര്‍ധിത നികുതി, വില്‍പ്പനനികുതി, എക്‌സൈസ് ഡ്യൂട്ടി, ഭൂനികുതി, റജിസ്‌ട്രേഷന്‍ ഫീസ്, മോട്ടോര്‍ വാഹന നികുതി എന്നിവയാണ് സംസ്ഥാനത്തിന്റെ പ്രധാന നികുതി സ്രോതസുകള്‍. 2016-17 ല്‍ നികുതി വരുമാനമായി ഖജനാവിലെത്തിയത് 42176.38 കോടി രൂപയാണ്. നികുതിയിതര വരുമാനമായി 9698.98 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ നികുതി-ഗ്രാന്റ് ഇനങ്ങളിലായി 23735.36 കോടി രൂപയും സംസ്ഥാനത്തിന് ലഭിച്ചു.

2016-17 ലെ വാറ്റ്-വില്‍പ്പന നികുതിയിനത്തില്‍ 33453.49 കോടി രൂപയും വാഹനനികുതിയായി3107.23 കോടിയും സ്്റ്റാമ്പ് ഡ്യൂട്ടി-റജിസ്‌ട്രേഷന്‍ ഫീസായി 3006.59 കോടിയും എക്‌സൈസ് ഡ്യൂട്ടിയായി 2019.30 കോടിയും ഭൂനികുതിയായി 124.15 കോടിയും ഖജനാവിലെത്തി. കേന്ദ്രസര്‍ക്കാറില്‍ നിന്ന് 2016-17 കാലയളവില്‍ 23,735.37 കോടി രൂപ നികുതിവിഹിതമായും ഗ്രാന്റായും ലഭിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 9.82 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ റവന്യുച്ചെലവ് 78,689.47 കോടിയില്‍ നിന്നും 15.76 ശതമാനം വര്‍ധിച്ച് 91,096.31 കോടിയായെന്ന് വ്യക്തമാക്കുന്ന 2016-17 ലെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടും ഇന്നലെ നിയമസഭയില്‍ വെച്ചു. മൂലധനച്ചെലവ് 35.29 ശതമാനം കൂടി 11286.24 കോടിയിലെത്തി. ആഭ്യന്തര ഉല്‍പാദന-റവന്യുകമ്മി നിരക്ക്് സര്‍ക്കാറിന്റെ സാമ്പത്തികനയത്തില്‍ ലക്ഷ്യമിട്ടിരുന്നതിനേക്കാള്‍ കുറയ്ക്കാനായി. അതേസമയം ധനകമ്മി 3.51 ശതമാനമെന്ന പരിധി മറികടന്ന് 4.04 ശതമാനമായി. കടം 26.82 ശതമാനമെന്ന പരിധിയില്‍ നിലനിര്‍ത്താനായിരുന്നു ലക്ഷ്യമെങ്കിലും നേരിയ തോതില്‍ വര്‍ധിച്ച് 28.96 ശതമാനമായി.

chandrika: