X

പ്രിയവര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി തടഞ്ഞു

കൊച്ചി : കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികക്കായി ഒന്നാംറാങ്ക് നല്‍കിയ പ്രിയവര്‍ഗീസിന്റെ നിയമനം ഹൈക്കോടതി തടഞ്ഞു. നിയമനാധികാരിയായ സ്‌ക്രൂട്ടിനി സമിതിയുടെ നടപടി തെറ്റാണെന്ന് കോടതി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറിയും സി.പി.എം മുന്‍എം.പിയുമായ കെ കെ രാഗേഷിന്റെ ഭാര്യയാണ് പ്രിയവര്‍ഗീസ്. പ്രിയയുടെ നിയമനത്തില്‍ തെറ്റില്ലെന്നായിരുന്നു സര്‍വകലാശാലയുടെയും സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും വാദം. ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കംചെയ്യാന്‍ നിയമം കൊണ്ടുവരാനിരിക്കെയുള്ള ഈ വിധി സര്‍ക്കാരിനെയും സി.പി.എമ്മിനെയും സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്. തദ്ദേശസ്ഥാപനങ്ങളിലും സഹകരണസ്ഥാപനങ്ങളിലും സര്‍വകലാശാലകളിലുമുള്‍പ്പെടെ സി.പി.എമ്മുകാരെയും അവരുടെ ബന്ധുക്കളെയും നിയമിക്കുന്നത് വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലുള്ള വിധിക്ക് വളരെയേറെ രാഷ്ട്രീയപ്രാധാന്യമുണ്ട്.

എട്ടുവര്‍ഷത്തെ അധ്യാപനപരിചയം വേണമെന്ന യു.ജി.സി ചട്ടം ലംഘിച്ചാണ് പ്രിയയെ റാങ്ക് പട്ടികയില്‍ ഒന്നാമതാക്കിയതെന്നും പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാംറാങ്കുകാരനായ ചങ്ങനാശേരി എസ്.ബി കോളേജിലെ മലയാളം വിഭാഗംമേധാവി ജോസഫ്സ്‌കറിയയാണ് ഹര്‍ജി നല്‍കിയിരുന്നത്. കാല്‍നൂറ്റാണ്ട് അധ്യാപനപരിചയവും നൂറില്‍പരം ഗവേഷണപ്രബന്ധങ്ങളുമുള്ള ജോസഫ് സ്‌കറിയയെയും മലയാളം സര്‍വകലാശാലയിലെ രണ്ട് അദ്ധ്യാപകരെയും പിന്തള്ളിയാണ് പ്രിയവര്‍ഗീസിന് ഒന്നാംറാങ്ക് നല്‍കിയത്. പ്രിയയ്ക്ക് അഞ്ചുവര്‍ഷവും അഞ്ചുദിവസവും മാത്രമാണ് പരിചയം. പ്രിയ പിഎച്ച് ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്‌സ് ഡയറക്ടറായി ഡെപ്യൂട്ടേഷനില്‍ പോയതുമൊക്കെ അധ്യാപനപരിചയമായി കണക്കാക്കിയാണ് നിയമനം നല്‍കാനൊരുങ്ങുന്നതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഗവേഷണകാലം അധ്യാപനപരിചയമായി കണക്കാക്കാനാവില്ലെന്നാണ് കോടതി തീര്‍പ്പുകല്‍പിച്ചിരിക്കുന്നത്. ഗവര്‍ണറും നേരത്തെ നിയമനം തടഞ്ഞിരുന്നു.

അപേക്ഷകരായ നാലുപേരില്‍ ഏറ്റവുംകുറവ് റിസര്‍ച്ച് സ്‌കോറുള്ളയാളായിരുന്നു പ്രിയ. അധ്യാപനത്തോടൊപ്പം ഗവേഷണം നടത്തിയാലേ ആ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയൂ. പ്രിയയുടെ ഗവേഷണകാലം അധ്യാപന പരിചയത്തില്‍പ്പെടുന്നില്ല. പിഎച്ച് ഡി ഹാജര്‍ സംബന്ധിച്ചും സംശയമുണ്ടെന്നാണ് യു ജി സി ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ പി.എച്ച്.ഡി പഠനവും ഡെപ്യൂട്ടേഷന്‍ കാലാവധിയുമൊക്കെ അധ്യാപനപരിചയമായി കണക്കാക്കണമെന്നായിരുന്നു പ്രിയ വര്‍ഗീസിന്റെ വാദം. സ്റ്റുഡന്റ്‌സ്ഡയറക്ടര്‍ പദവിയിലിരിക്കെ എന്‍.എസ.്എസ് കോ-ഓര്‍ഡിനേറ്ററായിരുന്നുവെന്നും പ്രിയ പറയുന്നു. അധ്യാപകര്‍ രാഷ്ട്രനിര്‍മാതാക്കളാണെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു പ്രിയയുടെവാദം. റാങ്ക് പട്ടികമാത്രമേ തയ്യാറാക്കിയിട്ടുള്ളൂവെന്നും നിയമനം ലഭിച്ചിട്ടില്ലെന്നും പ്രിയ വാദിച്ചു.

ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ പ്രിയവര്‍ഗീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതിയുടേതായി വന്ന വാര്‍ത്തയില്‍ പരാമര്‍ശിച്ചതുപോലെ നാഷണല്‍ സര്‍വീസ് സ്‌കീമിനെ കോടതി അധിഷേപിച്ചിട്ടില്ലെന്നും, കോടതിയില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ കോടതിക്കുള്ളില്‍തന്നെ നില്‍ക്കണമെന്നും കോടതി പരാമര്‍ശിച്ചു.’കുഴിവെട്ട്’ എന്ന പ്രയോഗം താന്‍ പ്രയോഗിച്ചതായി ഓര്‍മയിലില്ലെന്നും ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഭാഗമായി കുഴി വെട്ടിയത് അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനുള്ള അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ഹൈക്കോടതിയുടെ പരാമര്‍ശനത്തിനു മറുപടിയായി പ്രിയ വര്‍ഗീസ് താന്‍ കുഴിമാത്രമല്ല, കക്കൂസ് കുത്തിയതിലും അഭിമാനമുണ്ടെന്ന് കാട്ടി ഫേസ്ബുക്ക്പോസ്റ്റിടുകയും പിന്നീട് വിവാദമായതോടെ പിന്‍വലിക്കുകയും ചെയ്തിരുന്നു.

 

 

 

 

 

 

 

web desk 3: