X
    Categories: Article

പൗരത്വ നിയമത്തിന് വീണ്ടും നിലമൊരുക്കുന്നു

 

അ ഡ്വ. മുഹമ്മദ് ആരിഫ് കെ.പി

 

പാര്‍ലമെന്റ് 2019 ല്‍ പാസാക്കിയ പൗരത്വഭേദഗതി നിയമം അടിസ്ഥാനമാക്കി പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാഷ്ട്രങ്ങളില്‍നിന്നും 2014 ഡിസംബര്‍ 31 ന് മുമ്പായി കുടിയേറിപ്പാര്‍ത്ത ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പെട്ടവര്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 13 ജില്ലാകലക്ടര്‍മാര്‍ക്ക് അധികാരം നല്‍കി കഴിഞ്ഞ മെയ് 28ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടനാവിരുദ്ധവും ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍വേര്‍തിരിക്കുന്നതുമാണ്.

ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ്പ്രകാരം പാക്കിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാഷ്ട്രങ്ങളില്‍നിന്നും പലായനം ചെയ്തുവന്ന മുസ്‌ലിം വിഭാഗത്തില്‍പെട്ടവര്‍ക്ക് പൗരത്വം ലഭിക്കാന്‍ യാതൊരു അവകാശവുമില്ല. ഈ വിവേചനം ഭരണ ഘടനയുടെ അടിസ്ഥാന തത്വമായ മൗലികാവകാശങ്ങളുടെ പൂര്‍ണ്ണ ലംഘനമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ 14, 15, 21 അനുച്ഛേദങ്ങളുടെ നഗ്നമായലംഘനം കൂടിയാണ്. പൗരത്വം നല്‍കുന്നതിന് മതം മാനദണ്ഡമാക്കിയും മുസ്‌ലിം മതവിഭാഗത്തെ മനഃപൂര്‍വംഒഴിവാക്കിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് കടുത്ത വിവേചനയും നിയമത്തിന്മുന്നില്‍ എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കെതിരുമാണ്.

2019 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെരാജ്യമൊട്ടാകെ പ്രതിഷേധ കൊടുങ്കാറ്റ് ഉയരുകയും ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ച നിരവധി പേര്‍ക്കെതിരെ കള്ളകേസ് രജിസ്റ്റര്‍ ചെയ്ത് സമരം അടിച്ചമര്‍ത്താനുമാണ് ഭരണകൂടം ശ്രമിച്ചിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമത്തിലെമതാടിസ്ഥാനത്തിലുള്ള വിവേചനത്തെ കുറിച്ച് വ്യക്തമായ വിശദീകരണം ജനങ്ങള്‍ക്ക് നല്‍കാന്‍ ഇതുവരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സാധിച്ചിട്ടില്ല. 2019 ലെ പൗരത്വഭേദഗതി നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് ഉള്‍പ്പെടെ നിരവധി സംഘടനകള്‍ സുപ്രീംകോടതിയില്‍ റിട്ട് ഹരജി ബോധിപ്പിച്ചിട്ടുള്ളതാണ്.

ഈ റിട്ട് ഹരജികള്‍ പരിഗണിക്കുന്നതിനിടെ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ വാദത്തിനിടെ കേന്ദ്ര ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകന്‍ പൗരത്വഭേദഗതി നിയമം 2019 സ്റ്റേ ചെയ്യേണ്ട യാതൊരു ആവശ്യവും ഇപ്പോള്‍ നിലവിലില്ലെന്നും നിയമം നടപ്പിലാക്കാനുള്ള ചട്ടങ്ങള്‍ ഇതുവരെ കേന്ദ്ര ഗവണ്‍മെന്റ് തയ്യാറാക്കിയിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ പൗരത്വഭേദഗതി നിയമം 2019 സ്റ്റേ ചെയ്യേണ്ട ആവശ്യം ഇല്ല എന്ന കേന്ദ്ര ഗവണ്‍െമന്റിന്റെ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി നേരത്തെ പൗരത്വഭേദഗതി നിയമം 2019 നടപ്പിലാക്കുന്നതിനെതിരെസ്റ്റേ നല്‍കാതിരുന്നത്.

എന്നാല്‍ ഇപ്പോള്‍ കേന്ദ്ര ഗവണ്‍മെന്റ് നേരത്തെ ഇന്ത്യയുടെ പരമോന്നത നീതിപീഠം മുമ്പാകെ നല്‍കിയ ഉറപ്പിന് വിപരീതമായും ഈ വിഷയത്തെ കുറിച്ച് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന നിരവിധി റിട്ട് ഹരജികളില്‍തീരുമാനം ഉണ്ടാവുന്നതിന് മുമ്പായും ധൃതിപിടിച്ച് അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലാകലക്ടര്‍മാര്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടികള്‍ ആരംഭിക്കാനുള്ള അധികാരം നല്‍കിയിരിക്കുന്നത് കടുത്ത വിവേചനയും ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനവുമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 28.05.2021 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അധികാരം സിദ്ധിച്ച കലക്ടര്‍മാര്‍ ഉത്തരവ് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് പൗരത്വം നല്‍കുകയും തുടര്‍ന്ന് സുപ്രീംകോടതി വിധി പ്രകാരം പൗരത്വഭേദഗതി നിയമം റദ്ദ് ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ ഇപ്രകാരം പൗരത്വം ലഭിച്ചവരുടെ ഭാവിയും അനിശ്ചിതത്വത്തി ലാകും.

പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തെ സംബന്ധിച്ച് ഇത്രയും ധൃതിപിടിച്ചും ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാതെയും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം ഒഴിവാക്കി മറ്റുള്ളവര്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം നിക്ഷിപ്തതാല്‍പര്യം സംരക്ഷിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെതന്നെ വെല്ലുവിളിച്ച് നടപ്പിലാക്കാന്‍ പോകുന്ന നടപടി വളരെയധികം ഗൗരവത്തോടെ കാണേണ്ടതാണ്.

web desk 3: