X

കെറെയില്‍ പദ്ധതി: സര്‍ക്കാര്‍ ലക്ഷ്യം തീവെട്ടിക്കൊള്ള

ഷഹബാസ് വെള്ളില

നാല് ലക്ഷം കോടി രൂപയുടെ ഭീമമായ കടം നിലനില്‍ക്കുന്ന കേരളത്തില്‍ 63941 കോടി രൂപയുടെ ബാധ്യത കൂടി മലയാളികള്‍ക്കുമേല്‍ കെട്ടിവെക്കുന്ന സില്‍വര്‍ ലൈന്‍ (കെറെയില്‍) പദ്ധതിക്ക് പിന്നില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഗൂഡലക്ഷ്യങ്ങള്‍. കൃത്യമായ സര്‍വേ നടപടികള്‍ പോലും പൂര്‍ത്തിയാക്കാത്ത പദ്ധതിക്ക് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തില്‍ നിന്നും ലഭിക്കേണ്ട അനുമതി പോലും ലഭ്യമായിട്ടില്ലെന്നിരിക്കെ പദ്ധതിയുമായി തിടുക്കപ്പെട്ട് മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാറിന്റെ ലക്ഷ്യം വന്‍ അഴിമതി മാത്രമാണെന്ന ആരോപണം ശക്തിപ്പെട്ടിരിക്കുകയാണ്.

വേണ്ടത്ര പഠനങ്ങളൊന്നും തന്നെ നടത്താതെ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം ഈ ആരോപണങ്ങള്‍ക്ക് ബലമേകുന്നതാണ്. കേരള സര്‍ക്കാര്‍ റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ച തിരുവനന്തപുരം മുതല്‍ കാസര്‍കോട് സില്‍വര്‍ ലൈന്‍ (കെ റെയില്‍) പദ്ധതിക്ക് തത്വത്തില്‍ മാത്രമാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. എന്നാല്‍ അതിവേഗം കുടിയൊഴിപ്പിക്കലുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. കെ റെയില്‍ പദ്ധതിക്ക് അനുമതി ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനെ കണ്ടിരുന്നു. വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡ് പരിശോധിച്ചുവരികയാണ്. വേഗത്തില്‍ അനുമതി നല്‍കാന്‍ കഴിയുന്ന പദ്ധതിയല്ല കേരള സര്‍ക്കാര് നിര്‍ദേശിച്ച സില്‍വര്‍ ലൈന്‍ പദ്ധതിയെന്നതാണ് വസ്തുത. ഉന്നതതല ചര്‍ച്ചകളും സാങ്കേതിക പരിശോധനകളും നടത്തണമെന്നിരിക്കെ ഇതൊന്നുമില്ലാതെ കെ റെയില്‍ പദ്ധതിക്ക് പച്ചക്കൊടി ലഭിച്ചു എന്ന രീതിയിലുള്ള പ്രചാരണമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് റെയില്‍വേ ബോര്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ അംഗവും റെയില്‍വേ വകുപ്പ് എക്‌സ് ഓഫീഷ്യോ സെക്രട്ടറിയുമായ സഞ്ജീവ് മിത്തലിന് കൊടിക്കുന്നില്‍ സുരേഷ് എം.പി നല്‍കിയ കത്തിന് ലഭിച്ച മറുപടിയില്‍ പറയുന്നത്് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെന്നാണ്.

കോടിക്കണക്കിന് രൂപയുടെ പദ്ധതിയില്‍ സര്‍ക്കാറും സി.പി.എമ്മും തീവെട്ടിക്കൊള്ളയാണ് ലക്ഷ്യം വെച്ചിരിക്കുന്നതെന്ന് വ്യക്തം. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയായി നിര്‍ദേശിച്ചിട്ടുള്ള സില്‍വര്‍ ലൈന്‍ പദ്ധതിയേക്കാള്‍ കേരളത്തിന് ആവശ്യം നിലവിലുള്ള റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ സമയബന്ധിത പൂര്‍ത്തീകരണവും വിവിധ പാതകളിലെ വൈദ്യുതീകരണവും പാത ഇരട്ടിപ്പിക്കലുമാണ്. കോടികളുടെ ദുരന്തത്തില്‍ കലാസിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി സി.പി.എമ്മിന്റെ മാത്രം താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നത്. എല്‍.ഡി.എഫിലെ ഘടക കക്ഷികളില്‍ പലര്‍ക്കും പദ്ധതിയോട് യോജിപ്പില്ല. സി.പി.ഐയില്‍ നിന്നു തന്നെ എതിര്‍ സ്വരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. യു.ഡി.എഫും സംസ്ഥാനത്തെ വിവിധ പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും പദ്ധതി പ്രായോഗികമല്ലെന്നും പരിസ്ഥിതി ആഘാതമുണ്ടാക്കുന്നതാണെന്നും പദ്ധതി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സാധാരണക്കാരോടുള്ള സ്‌നേഹമാണ് പദ്ധതിയുടെ പിന്നിലെങ്കില്‍ സംസ്ഥാനത്തിന്റെ വളരെകാലമായുള്ള ആവശ്യമായ സമഗ്രമായ സബര്‍ബന്‍ റെയില്‍വേ സംവിധാനത്തിന്റെ പൂര്‍ത്തീകരണത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കേണ്ടത്.

കേന്ദ്ര നയങ്ങള്‍ കാരണം 2023ല്‍ കേരളത്തിന് 32000 കോടി രൂപയുടെ വരുമാനം കുറയുമെന്ന് സംസ്ഥാന ധനമന്ത്രി തന്നെ പറയുമ്പോഴാണ് 64000 കോടി രൂപയുടെ ബാധ്യതയുമായി സില്‍വര്‍ ലൈന്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തിടുക്കം കാട്ടുന്നത്. സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍വേ പാതക്ക് കേന്ദ്രം അധികബാധ്യതകളൊന്നും വഹിക്കില്ല എന്നും അറിയിച്ചിട്ടുണ്ട്. റെയില്‍വേ മന്ത്രാലയത്തിന്റെ വിഹിതമായി പറഞ്ഞിട്ടുള്ള 2150 കോടി രൂപയില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ടെന്ന് കേന്ദ്രം തന്നെ വ്യക്തമാക്കുമ്പോള്‍ കേരളത്തിന് സില്‍വര്‍ ലൈന്‍ പദ്ധതി വലിയ ബാധ്യയാകുമെന്നാണ് വിദഗ്ധരുടെയെല്ലാം അഭിപ്രായം.

സില്‍വര്‍ലൈന്‍ റെയില്‍വേ പാതക്ക് വേണ്ടി സമഗ്ര പദ്ധതി റിപ്പോര്‍ട്ട് തയാറാക്കിയത് പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കാതെ എന്ന ആരോപണം നേരത്തെ തന്നെ ഉയരുന്നുണ്ട്. ആകാശ സര്‍വേ മാത്രമാണ് നിലവില്‍ നടത്തിയിട്ടുള്ളത്. പദ്ധതിമൂലം പാരിസ്ഥിതിക്ക് കോട്ടമൊന്നുമുണ്ടാവില്ലെന്നതാണ് കെ റെയില്‍ അതികൃതരും സര്‍ക്കാറും പറയുന്നത്. വിശദമായ സര്‍വേ നടപടികളൊന്നും നടത്താതെ കെ റെയില്‍ പദ്ധതി പരിസ്ഥിതിക്ക് ഹാനീകരമല്ല എന്ന നിഗമനത്തില്‍ എങ്ങനെയെത്തി എന്നതും ഉത്തരംകിട്ടാത്ത ചോദ്യമാണ്.

അതേ സമയം കെ റെയില്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്ത് ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നും പെട്രോള്‍, ഡീസല്‍ ഇന്ധന ഉപയോഗം കുറയുമെന്നുമെല്ലാമുള്ള യുക്തിരഹിതമായ വാദങ്ങളാണ് സര്‍ക്കാര്‍ ഉന്നയിക്കുന്നത്. രണ്ടു പ്രളയങ്ങളും വെള്ളക്കെട്ടുകളും കടല്‍ ക്ഷോഭങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളുടെ ആഘാതങ്ങളും പേറുന്ന സംസ്ഥാനം ഇനിയൊരു പരിസ്ഥിതി നശീകരണത്തിനെ അതിജീവിക്കുമോ എന്നത് കാണേണ്ടത് തന്നെയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി നടത്തിയ പ്രാഥമിക പരിസ്ഥിതി ആഘാത പഠനത്തില്‍ പറയുന്നത് പതിനൊന്ന് കിലോമീറ്ററോളം പാലങ്ങള്‍, തുരങ്കങ്ങള്‍, എന്നിവ നിര്‍മിക്കുകയും അനവധി പൊതുകെട്ടിടങ്ങള്‍, വീടുകള്‍ ഉള്‍പ്പെടെ പൊളിക്കുകയും വേണമെന്നാണ്. ഇത്രയധികം നിര്‍മാണ പ്രവൃത്തികള്‍ക്ക് ആവിശ്യമായ വസ്തുക്കള്‍ എവിടെ നിന്ന് കൊണ്ടുവരും. അതിനായി എത്ര ക്വാറികള്‍ വേണ്ടിവരും. തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. ഇത് കേരളത്തിന്റെ നിലനില്‍പ്പിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയും മലയാളിക്കുണ്ട്.

ഭൂമി ഏറ്റെടുക്കലെന്ന കടമ്പ

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് 15 മുതല്‍ 25 മീറ്റര്‍ സ്ഥലം മതിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ബഫര്‍ സോണ്‍ മിനിമം പരിധി 30 മീറ്ററാണ് എന്നിരിക്കെ സില്‍വര്‍ലൈന്‍ ഇതിലും കൂടുതലാകുമെന്നാണ് പലരും സൂചിപ്പിക്കുന്നത്. പതിനായിരക്കണക്കിന് കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരുമെന്നാണ് പ്രാഥമിക കണക്ക്. ഇതില്‍ പൊതു-സ്വകാര്യ കെട്ടിടങ്ങളും വീടുകളും ആരാധനാലയങ്ങളുമെല്ലാമുള്‍പ്പെടും. ഭൂമി ഏറ്റെടുക്കല്‍ സര്‍ക്കാറിന് വലിയ വെല്ലുവിളിയായിരിക്കും. ഇതിന് നേരിടുന്ന കാലതാമസം നഷ്ടപരിഹാര തുകയിലും ബാധിക്കും. ഇതിനാല്‍ പദ്ധതിക്ക് ആവശ്യമായ തുക സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതിലും കൂടും. 63941 കോടി ചെലവ് വരുന്ന പദ്ധതിയുടെ 20 ശതമാനം മാത്രമാണ് ഭൂമി ഏറ്റെടുക്കുന്നതിനായി ചെലവിടേണ്ടത്. 1383 ഹെക്ടര്‍ ഭൂമി അക്വയര്‍ ചെയ്യുന്നതിനായി 13000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഒപ്പം 3000 കോടി ഹഡ്‌കോയില്‍ നിന്നുള്ള വായ്പക്കു ധാരണയായിട്ടുണ്ട്. ഇതില്‍ സംസ്ഥാന വിഹിതമായ 2100 കോടി രൂപ കിഫ്ബിയില്‍ നിന്നും ലഭ്യമാകും. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന വായ്പ 80 ശതമാനം ഭൂമി അക്വയര്‍ ചെയ്തു കഴിഞ്ഞിട്ടു ലഭിക്കുകയൊള്ളൂ.

 

 

 

 

 

web desk 3: