X

ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക്: തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പിന്‍വലിച്ചു, കേരളത്തില്‍ ഞായറാഴ്ചയോടെ മഴ കുറയും

തിരുവനന്തപുരം: കേരളത്തിന് ആശ്വാസമേകി കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം മധ്യപ്രദേശ് മേഖലയിലേക്ക് മാറിയതോടെ കേരളത്തില്‍ അതിതീവ്ര മഴയുണ്ടാകില്ലെന്നാണ് അറിയിപ്പ്. ഞായറാഴ്ചയോടെ മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്.

അതേസമയം തിരുവനന്തപുരത്ത് റെഡ് അലര്‍ട്ട് പിന്‍വലിച്ചു. മധ്യകേരളത്തില്‍ പ്രളയക്കെടുതി തുടരുകയാണ്. ആയിരങ്ങളാണ് പലയിടത്തുമായി ഒറ്റപ്പെട്ട് കുടുങ്ങിക്കിടക്കുന്നത്. തൃശൂറിലെ ചാലക്കുടി ഒറ്റപ്പെട്ട അവസ്ഥയിലാണ്. എറണാകുളത്ത് ആലുവ, കളമശ്ശേരി, പറവൂര്‍, പെരുമ്പാവൂര്‍, കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡ് പരിസരങ്ങളില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. പത്തനംതിട്ട റാന്നി, ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങളിലും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്

എറണാകുളം, ഇടുക്കി ജില്ലകളില്‍ നാളെ കൂടി ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മറ്റു ജില്ലകളില്‍ നാളെ മുതല്‍ മഴയുടെ തീവ്രതയില്‍ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 12 ജില്ലകളിലേയും റെഡ് അലര്‍ട്ട് തുടരും. കോഴിക്കോടു നിന്നും ആശ്വാസകരമായ വാര്‍ത്തകളാണ് പുറത്തു വരുന്നത്. നിലവില്‍ ആരും ഒറ്റപ്പെട്ട നിലയിലില്ല. ഇരുവഴഞ്ഞി, ചെറുപുഴ, പുനൂര്‍ പുഴകളിലെ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. കക്കയം ഡാമിന്റെ ഷട്ടര്‍ രണ്ടര അടിയാക്കിയതോടെ കുറ്റിയാടി പുഴയിലെ ജലനിരപ്പും ചെറുതായി താണിട്ടുണ്ട്. നഗരത്തില്‍ വെള്ളക്കെട്ടുണ്ടെങ്കിലും സ്ഥിതിഗതികള്‍ ആശ്വാസകരമാണ്.

കോഴിക്കോടു നിന്നും വയനാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട്താമരശ്ശേരി ചുരത്തിലൂടെയുള്ള സര്‍വ്വീസാണ് ആരംഭിച്ചത്. വയനാട് നാലം മൈല്‍ വരെയാണ് സര്‍വ്വീസ്. വയനാട് പായോട് ഇപ്പോഴും വെള്ളത്തിലായതിനാല്‍ നാലാം മൈല്‍ വരെയെ ബസ് സര്‍വ്വീസുളളൂ. ബാക്കി ദൂരം തോണികളിലും മറ്റും കടത്തി വിടുന്നുണ്ട്. കോഴിക്കോട്കുറ്റിയാടിപക്രംതളം ചുരത്തിലൂടെയുമുള്ള യാത്ര പുനരാരംഭിച്ചിട്ടുണ്ട്. ഇതും നാലാം മൈല്‍ വരെയാണുള്ളത്.

സൈന്യത്തിന്റെ കൂടുതല്‍ സംഘം പ്രളയബാധിത മേഖലകളില്‍ ഇന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുലര്‍ച്ചെയോടെ പുനരാരംഭിച്ചു. കര,? നാവിക,? വ്യോമസേനകള്‍, ദേശീയ ദുരന്തനിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവയുടെ സംയുക്ത സംഘമാണ് സര്‍വ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. മഴ തുടര്‍ന്നാല്‍ ഡാമുകളുടെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. പല സ്ഥലങ്ങളും പൂര്‍ണമായും വെള്ളത്തിനടിയിലാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

chandrika: