X

അടുത്ത അധ്യയന വര്‍ഷം 202 പ്രവൃത്തി ദിനം; സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ 5 മുതല്‍

തിരുവനന്തപുരം: പുതിയ അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ 202 പ്രവൃത്തി ദിനങ്ങള്‍ വേണമെന്ന് ക്യു.ഐ.പി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. ജൂണ്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. രണ്ടാം തിയതി ശനിയാഴ്ചയും പ്രവൃത്തി ദിനമായിരിക്കും. ഒന്‍പത് ശനിയാഴ്ചകളില്‍ കൂടി ക്ലാസുകള്‍ നടത്തിയാവും 202 പ്രവൃത്തി ദിനങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. ജൂണ്‍ 16, ആഗസ്റ്റ് 18, സെപ്തംബര്‍ ഒന്ന്, 22, ഒക്‌ടോബര്‍ ആറ്, 20, നവംബര്‍ 24, ജനുവരി അഞ്ച് എന്നീ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമായിരിക്കും. വി.എച്ച്.എസ്.ഇയില്‍ 222 അധ്യയന ദിനങ്ങളായിരിക്കും ഉണ്ടാവുക. അധ്യയന ദിനങ്ങളുടെ എണ്ണം 200 ആയി നിലനിര്‍ത്തണമെന്നും സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ നാലിലേക്ക് മാറ്റണമെന്നും കെ.പി.എസ്.ടി.എയും കെ.എസ്.ടി.യുവും യോഗത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബര്‍ അഞ്ചു മുതല്‍ ഒന്‍പതു വരെ നടത്താനും യോഗം തീരുമാനിച്ചു. അവസാന പാദത്തില്‍ പഠനപ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിയാല്‍ മതിയെന്നും സ്‌കൂള്‍ കലാ, കായിക മത്സരങ്ങള്‍ ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. സ്‌കൂള്‍ കായിക മേള ദേശീയ സ്‌കൂള്‍ കായിക മേളയുടെ കൂടി തിയതി അനുസരിച്ച് ക്രമീകരിക്കാനും തീരുമാനിച്ചു. ശാസ്ത്രമേള നവംബര്‍ ഒന്‍പതുമുതല്‍ 11 വരെയും സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം ഒക്‌ടോബര്‍ 26 മുതല്‍ 28 വരെയും നടത്തും.

പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് ആറിന് ആരംഭിച്ച് 25 ന് പൂര്‍ത്തിയാക്കും. മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി ഏഴ് മുതല്‍ 13വരെ നടക്കും. സ്‌കൂള്‍ പാദവാര്‍ഷിക പരീക്ഷ ആഗസ്റ്റ് 30 മുതലും അര്‍ധവാര്‍ഷിക പരീക്ഷ ഡിസംബര്‍ 12 മുതലും ഒന്ന് മുതല്‍ ഒന്‍പതുവരെ ക്ലാസുകള്‍ക്ക് വാര്‍ഷിക പരീക്ഷ ഫെബ്രുവരി അവസാനത്തോടെയും നടത്തും.

ഡി.പി.ഐ കെ.വി മോഹന്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ അധ്യാപക സംഘടനാ ഭാരവാഹികളായ കെ.സി ഹരികൃഷ്ണന്‍, സി. ഹരിഗോവിന്ദന്‍, എ.കെ സൈനുദ്ദീന്‍, എന്‍. ശ്രീകുമാര്‍, ഇടവം ഖാലിദ് കുഞ്ഞ്, ജയിംസ് കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

chandrika: