X

ക്ഷേമനിധി-സാമൂഹികസുരക്ഷാ പെന്‍ഷന്‍: ഗുണഭോക്താക്കളുടെ എണ്ണം കുറക്കുന്നു

തിരുവനന്തപുരം: പോരായ്മകളുണ്ടെന്ന് ആരോപിച്ച് ക്ഷേമനിധി-സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ വാങ്ങുന്ന ഗുണഭോക്താക്കളുടെ എണ്ണം സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുന്നു. ഇതനുസരിച്ച് പട്ടികയില്‍ നിന്നും പുറത്താക്കേണ്ടവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. നേരത്തെയുള്ള സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് രണ്ട് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഒരു പെന്‍ഷന്‍ പുതുക്കിയ നിരക്കിലും മറ്റൊന്ന് പുതുക്കുന്നതിന് മുമ്പുള്ള നിരക്കിലും കൈപ്പറ്റാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വരുമാനനഷ്ടമുണ്ടാക്കുന്നെന്ന് പറഞ്ഞ് ഒരു പെന്‍ഷന്‍ അനുമതിച്ചാല്‍ മതിയെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ആയിരം രൂപയുടെ രണ്ട് പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് പോലും ഒരു പെന്‍ഷന്‍ മാത്രമേ ലഭിക്കു.
ആദായനികുതി അടയ്ക്കുന്നവരും രണ്ടേക്കറിലേറെ ഭൂമിയുള്ളവര്‍ക്കും ഇനി ഒരു തരത്തിലുമുള്ള പെന്‍ഷന്‍ കിട്ടില്ല. ഇ.പി.എഫ്, കേന്ദ്ര, സംസ്ഥാന സര്‍വീസ് പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കും ക്ഷേമനിധി-സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കില്ല. ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ മറ്റു സര്‍വീസ് പെന്‍ഷനോ ഇ.പി.എഫ് പെന്‍ഷനോ കൈപ്പറ്റുന്നില്ലെന്നും ആദായനികുതി അടക്കുന്നില്ലെന്നും രണ്ടു ഏക്കറിന് പുറത്ത് ഭൂമിയില്ലെന്നും തദ്ദേശസ്ഥാപനങ്ങളില്‍ സത്യവാങ്മൂലം നല്‍കണം. പെന്‍ഷന്‍ ഇരട്ടിപ്പ് കണ്ടെത്തുന്നതിന് ആധാര്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
വിധവാപെന്‍ഷന്‍ ലഭിക്കുന്നവര്‍ തങ്ങള്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സത്യവാങ്മൂലം നല്‍കണം. ബാങ്ക് മുഖനേയോ ഇ മണിയോര്‍ഡര്‍ മുഖനേയോ പെന്‍ഷന്‍ വാങ്ങുന്നവര്‍ അക്ഷയസെന്റര്‍ മുഖനേ വിവരങ്ങള്‍ പുതുക്കി നല്‍കണം. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും ഒരു പെന്‍ഷന്‍ മാത്രമേ ലഭിക്കു. രണ്ട് പെന്‍ഷന്‍ ലഭിച്ചെന്ന് കണ്ടെത്തിയാല്‍ ഇത് പിന്നീടുള്ള പെന്‍ഷനില്‍ വകയിരുത്തും.

സ്വന്തം ഫണ്ടില്‍ നിന്നും പെന്‍ഷന്‍ അനുവദിക്കുന്ന ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ക്കും വികലാംഗപെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താക്കള്‍ക്കും ഒരു സാമൂഹികസുരക്ഷാപെന്‍ഷന്റെ കൂടി കേന്ദ്രവിഹിതം മാത്രം നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, ഇന്ദിരാഗാന്ധി ദേശീയ വിധവാ പെന്‍ഷന്‍ എന്നിവയുടെ കേന്ദ്രവിഹിതമാണ് ലഭിക്കുക. പുതിയ തീരുമാനത്തോടെ ഇതും ലഭിക്കാത്ത സ്ഥിതിയുണ്ടാകുമെന്ന് ആശങ്കയുണ്ട്.
തദ്ദേശസ്ഥാപനങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ പരിശോധിച്ചായിരിക്കും വെട്ടിനിരത്തല്‍ നടക്കുന്നത്. ഗുണഭോക്താക്കളുടെ വിവരം ശേഖരിക്കാനും അത് ശരിയാണെന്ന് ഉറപ്പുവരുത്താനും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കുടുംബശ്രീയുടെ സേവനം പ്രയോജനപ്പെടുത്താം. കുടുംബശ്രീ സര്‍വേയും ബാങ്കുകളില്‍ നിന്നുള്ള പ്രതികരണവും കണക്കിലെടുത്താണ് പെന്‍ഷന്‍ വിതരണത്തിലെ പോരായ്മകള്‍ പരിഹരിക്കുന്നതെന്നാണ് അധികൃതരുടെ വാദം. ഇക്കഴിഞ്ഞ ജൂണ്‍ മുതലാണ് ക്ഷേമ പെന്‍ഷനുകള്‍ ജില്ലാസഹകരണബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സഹകരണബാങ്കുകള്‍ മുഖേന വീട്ടിലെത്തിക്കാന്‍ തുടങ്ങിയത്.

chandrika: