X

61 ശതമാനം മഴ കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം; രൂക്ഷമായ വരള്‍ച്ചക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് 61 ശതമാനം മഴയുടെ കുറവുണ്ടായതായും ഇത് രൂക്ഷമായ വരള്‍ച്ചയുടെ സൂചനയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ഒരു മാസത്തിനിടെ ലഭിക്കേണ്ട മഴയിലാണ് കുറവുണ്ടായിരിക്കുന്നത്. കാലവര്‍ഷത്തിനൊപ്പം തുലാമഴയും കനിയാത്തതാണ് തിരിച്ചടിയായതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നു.
തെക്കന്‍ ജില്ലകളില്‍ 55 ശതമാനം മഴയും വടക്കന്‍ ജില്ലകളില്‍ 85 ശതമാനം മഴയും ലഭ്യമാക്കിയിരുന്ന കാലവര്‍ഷം ആദ്യം ചതിച്ചു. പിന്നാലെ തുണയാകേണ്ട തുലാവര്‍ഷവും ദുര്‍ബലമായി. കാര്യമായി മഴ ഇനിയും കനിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് വരള്‍ച്ചയുടെ തീവ്രത കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന. കാലവര്‍ഷം 34 ശതമാനവും തുലാവര്‍ഷം 69 ശതമാനവുമാണ് കുറഞ്ഞത്. ഈമാസവും ഡിസംബറിലും നല്ല മഴ ലഭിച്ചാലും സംസ്ഥാനം വരള്‍ച്ചാഭീഷണി നേരിടേണ്ടിവരും. ഈ സാഹചര്യത്തിലാണ് കേരളത്തെ വരള്‍ച്ചാ ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് 22 ശതമാനത്തോളം കുറവാണ്. തുലാമഴ വേണ്ടത്ര പെയ്തില്ലെങ്കില്‍ വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വരുമെന്നു സൂചനകളുണ്ട്. എന്നാല്‍ വേനല്‍ മാസങ്ങളില്‍ ലോഡ്‌ഷെഡിംഗ് ഏര്‍പെടുത്തില്ലെന്നും 2017 മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലയളവിലേക്കായി 200 മെഗാവാട്ട് വൈദ്യുതി അധികം വാങ്ങേണ്ടി വരുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് ഏറ്റവുമധികം ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന സംസ്ഥാനമായി കേരളം മാറി. ഒക്‌ടോബര്‍ ഒന്നുമുതല്‍ നവംബര്‍ രണ്ടുവരെ സംസ്ഥാനത്ത് ലഭിക്കേണ്ട മഴയില്‍ 61 ശതമാനത്തിന്റെ കുറവുണ്ടായി. കോഴിക്കോടും കാസര്‍കോടും വയനാടും തിരുവനന്തപുരത്തുമാണ് ഏറ്റവും കുറവ് മഴ കിട്ടിയത്. വിവിധ ജില്ലകളില്‍ ലഭിക്കേണ്ട മഴയിലുണ്ടായ കുറവ്: തിരുവനന്തപുരത്തും കോഴിക്കോടും 84 ശതമാനം. കാസര്‍കോട് 81, കണ്ണൂര്‍ 76, വയനാടും തൃശൂരും 68 ശതമാനം. കൊല്ലത്തും പത്തനംതിട്ടയും മാത്രമാണ് അല്‍പമെങ്കിലും മഴ കിട്ടിയത്.

chandrika: