X
    Categories: MoreViews

തമിഴ്‌നാടുമായി പുതിയ കരാര്‍; 49 റൂട്ടുകളില്‍ പുതിയ ബസ് സര്‍വീസ്

 

തിരുവനന്തപുരം: കേരളവും തമിഴ്‌നാടും പുതിയ അന്തര്‍സംസ്ഥാന ഗതാഗത കരാറില്‍ ഒപ്പുവെച്ചു. തമിഴ്‌നാട്ടില്‍ 49 റൂട്ടുകളിലായി കെ.എസ്.ആര്‍.ടി.സിയുടെ 89 ബസുകള്‍ ഓടിക്കുന്നതടക്കം വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിലവിലെ 284 സര്‍വീസുകളുടെ എണ്ണം പുതിയ കരാറോടെ 373 ഉയരും. ഇപ്പോള്‍ 33,016.4 കിലോമീറ്ററാണ് കെ.എസ്.ആര്‍.ടി.സിയുടെ തമിഴ്‌നാട്ടിലെ സര്‍വീസ്. പുതിയ കരാറോടെ 8865 കിലോമീറ്റര്‍ കൂടി അധികമായി സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് തുറന്ന് കിട്ടും. ഫലത്തില്‍ കെ.എസ്.ആര്‍.ടി.സിയുടെ തമിഴ്‌നാട്ടിലെ ഗതാഗത സാന്നിധ്യം 41,881.4 കിലോമീറ്ററായി ഉയരും. ഇത്രയും ദൂരം തമിഴ്‌നാടിന് കേരളത്തിലും സര്‍വീസ് നടത്താമെന്നതും കരാറിലെ വ്യവസ്ഥയാണ്. 30 റൂട്ടുകളിലായി 54 സര്‍വീസുകളാണ് തമിഴ്‌നാട് കേരളത്തില്‍ ആരംഭിക്കുക. ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ മന്ത്രി എ.കെ ശശീന്ദ്രനും തമിഴ്‌നാട് ഗതാഗതമന്ത്രി എം.ആര്‍ വിജയഭാസ്‌കറുമാണ് കരാറില്‍ ഒപ്പിട്ടത്.
മധുര, പളനി, വേളാങ്കണ്ണി എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണമെന്ന് അതിര്‍ത്തി ജില്ലകളില്‍ നിന്ന് ആവശ്യമുണ്ടായിരുന്നുവെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പുതിയ കരാര്‍ പ്രകാരം തിരക്കുള്ള സമയങ്ങളില്‍ വാരാന്ത്യസര്‍വീസുകളും ഉത്സവകാല സര്‍വീസുകളും ആരംഭിക്കാനാകും. കരാറിലൂടെ ജനങ്ങളുടെ യാത്ര സൗകര്യം മെച്ചപ്പെടും എന്നതിനൊപ്പും രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടുമായി ആദ്യമായി കേരളം ഗതാഗത കരാറില്‍ ഒപ്പിട്ടത് 1976 ലാണ്. തുടര്‍ന്ന് 1979, 1984, 1995, 1998, 2008 എന്നീ വര്‍ഷങ്ങളില്‍ അഞ്ച് സപ്ലിമെന്ററി കരാറുകളും ഒപ്പിട്ടിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി എം.ഡി എ.ഹേമചന്ദ്രന്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.പത്മകുമാര്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി.സമയമൂര്‍ത്തി, തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (എസ്.ഇ.ടി.സി) എം.ഡി അനന്തപത്മനാഭന്‍, തമിഴ്‌നാട് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (ടി.എന്‍.എസ്.ടി.സി) മോനി, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്.വേലുസ്വാമി, എസ്.ഇ.ടി.സി ജനറല്‍ മാനേജര്‍ ആര്‍.പൊന്‍മുടി, ടി.എന്‍.എസ്.ടി.സി ജനറല്‍ മാനേജര്‍ തിരുവമ്പലം എന്നിവര്‍ സംബന്ധിച്ചു.
പുതിയ സര്‍വീസുകള്‍: തിരുവനന്തപുരം- ആറ്റിന്‍കര, തിരുവനന്തപുരം – പേച്ചിപ്പാറ, തിരുവനന്തപുരം- കുളച്ചല്‍, തിരുവനന്തപുരം- തേങ്ങാപ്പട്ടണം, തിരുവനന്തപുരം- ഊട്ടി, എറണാകുളം- ചെന്നൈ, എറണാകുളം- പുതുച്ചേരി, ആര്‍ത്തുങ്കല്‍- വേളാങ്കണ്ണി, പാലക്കാട്- കോയമ്പത്തൂര്‍, ഇടുക്കി -കമ്പമേട്, കോട്ടയം- മധുര.

chandrika: