X
    Categories: MoreViews

പനിച്ചുവിറച്ച് തീരദേശം 17,000 പേര്‍ ചികിത്സയില്‍ തിരുവനന്തപുരം

 

കേരളം പനിച്ചുവിറക്കുമ്പോള്‍ കൂടുതല്‍ ദുരിതം ചുമന്ന് തീരദേശം. ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്തെ ഒന്‍പത് തീരദേശ ജില്ലകളില്‍ 17,000 ഓളം പേര്‍ക്കാണ് പനി ബാധിച്ചിരിക്കുന്നത്. 600 ഓളം പേരെ കിടത്തി ചികിത്സക്ക് വിധേയമാക്കിയിട്ടുണ്ട്.
സംസ്ഥാനത്താകെ 183 പേര്‍ ഡെങ്കിപ്പനി സ്ഥിരീകരിക്കപ്പെട്ട് ചികിത്സയില്‍ കഴിയുമ്പോള്‍ ഇതില്‍ 155ഉം തീരദേശ ജില്ലകളിലാണ്. തിരുവനന്തപുരം തന്നെയാണ് രോഗികളുടെ എണ്ണത്തിലും രോഗതീവ്രതയിലും മുന്നില്‍. 3700 പേര്‍ പനിക്ക് ചികിത്സ തേടിയപ്പോള്‍ 110 പേര്‍ വിവിധ സര്‍ക്കാര്‍ ആസ്പത്രികളില്‍ കിടക്കുകയാണ്. ഇവിടെ 210 പേര്‍ ഡെങ്കിപരിശോധനാഫലം കാത്തിരിക്കുകയാണ്. എന്നാല്‍ ഡെങ്കി സ്ഥിരീകരിക്കപ്പെട്ട 155 പേരുടെ നില ഗുരുതരം തന്നെയാണ്. ഇവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും തലസ്ഥാനത്തെ തീരദേശത്തുനിന്ന് മണിക്കൂറില്‍ അന്‍പതോളം പേര്‍ ആസ്പത്രികളിലെത്തുന്നതായാണ് കണക്ക്. തീരദേശ ജില്ലയായ കൊല്ലത്ത് ഏറ്റവും പുതിയ കണക്കനുസരിച്ച് 1800 പേര്‍ പനി ബാധിതരാണ്. 44 പേര്‍ ഡെങ്കിപ്പനിക്ക് ചികിത്സ തേടിയപ്പോള്‍ 15 പേര്‍ക്ക് സ്ഥിരീകരിച്ചു. നാലുപേരാണ് കൊല്ലത്ത് ഡെങ്കിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചത്.
ആലപ്പുഴയില്‍ 1800 പേര്‍ക്ക് പനി ബാധിച്ചപ്പോള്‍ 70 പേര്‍ കിടത്തിചികിത്സയിലാണ്. 25 പേര്‍ക്ക് ഡെങ്കി പിടിപെട്ടു. ഇതില്‍ പത്തുപേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എറണാകുളത്ത് 1800 പനിബാധിതരുണ്ടെന്നാണ് കണക്ക്. എഴുപതോളംപേര്‍ കിടത്തിചികിത്സയിലാണ്. 11 പേര്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൃശൂരില്‍ 1750 പേര്‍ക്ക് പനി പിടിപെട്ടതായാണ് ഏറ്റവും പുതിയ കണക്ക്. ഇതില്‍ 140 പേരെ വിവിധ ആസ്പത്രികളിലായി അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കൂടുതല്‍ പേരെ കിടത്തി ചികിത്സക്ക് വിധേയമാക്കേണ്ടിവന്ന ജില്ലയാണ് തൃശൂര്‍. തിരുവനന്തപുരത്തിന് പിന്നാലെ ഗുരുതര സാഹചര്യം തരണം ചെയ്യാനാകാത്ത സ്ഥിതിയിലാണ് മലപ്പുറം. 3100 ഓളം പേര്‍ക്കാണ് പനി പിടിച്ചത്. 84 പേര്‍ക്ക് ഡെങ്കി സംശയിക്കുന്നതായി പറയുന്ന ആരോഗ്യവകുപ്പ് ആര്‍ക്കും സ്ഥിരീകരിച്ചതായി രേഖപ്പെടുത്തിയിട്ടില്ല.
കോഴിക്കോട് 1850 പേരാണ് പനി ബാധിതര്‍. 105 പേര്‍ ഡെങ്കിയുടെ പരിശോധനാഫലം കാത്തിരിക്കുന്നു. ഇന്നലെ മൂന്നുപേര്‍ക്ക് കൂടി ഡെങ്കി സ്ഥിരീകരിച്ചു. കണ്ണൂരില്‍ 1700 പനി ബാധിതരുണ്ട്. 50 പേര്‍ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 36പേര്‍ ഡെങ്കിപ്പനിയുടെ പരിശോധനാ ഫലം കാത്തിരിക്കുമ്പോള്‍ 14 പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. കാസര്‍കോടാണ് പനിബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത്. ഇവിടെ എഴുന്നൂറോളം പേര്‍ക്കാണ് പനി. പതിനാറുപേര്‍ കിടത്തി ചികിത്സിക്കുന്നു. അതേസമയം 25 പേര്‍ക്ക് ഡെങ്കി ബാധിച്ചതായി സംശയമുണ്ട്. അഞ്ചുപേര്‍ക്ക് സ്ഥിരീകരിച്ചിട്ടുമുണ്ട്.
ഇത്തരത്തില്‍ പകര്‍ച്ച പനി പടര്‍ന്നു പിടിക്കുമ്പോള്‍ തീരദേശ ജില്ലകളില്‍ മതിയായ ചികിത്സാ സൗകര്യങ്ങളില്ല. പൊതുവേ തീരദേശ മേഖകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വേണ്ടത്ര സൗകര്യമോ മരുന്നുകളോ ഇല്ലെന്നതാണ് വസ്തുത. ഇപ്പോള്‍ പനി പടര്‍ന്നുപിടിക്കുമ്പോള്‍ ചികിത്സ തേടിയെത്തുന്ന എല്ലാ രോഗികളെയും പരിശോധിക്കാനുള്ള ഡോക്ടര്‍മാര്‍ പോലുമില്ല. ഒ.പി കൗണ്ടറിലും ഡോക്ടറെ കാണാനും ലാബിന് മുന്നിലും മരുന്നുവാങ്ങാനും നീണ്ട് ക്യൂവാണ് കാണാനാകുന്നത്. അസുഖം വന്നാല്‍ ഓടിയെത്താന്‍ അടുത്തെങ്ങും മറ്റ് ആസ്പത്രികളില്ലാത്തതാണ് തീരദേശമേഖലകളിലേറെയും. തീരദേശത്ത് പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.

chandrika: