X

മതസൗഹാര്‍ദ്ദത്തില്‍ കേരളത്തിന്റെ പാരമ്പര്യം ഉജ്വലമെന്ന് രാഷ്ട്രപതി

മതസൗഹാര്‍ദ്ദത്തില്‍ കേരളത്തിന്റെ പാരമ്പര്യം ഉജ്വലമാണെന്ന് രാഷ്ട്രപതി രാംനാഥ്‌കോവിന്ദ്. ക്രൈസ്തവര്‍ ഇന്ത്യയില്‍ ആദ്യമെത്തിയത് കേരളത്തിലാണ്. ആദ്യ മുസ്‌ലിം പള്ളിയും കേരളത്തിലാണുണ്ടായത്. ജൂതരും റോമാക്കാരും ഒക്കെ കേരളത്തിലെത്തി. ഇവരൊക്കെ പരസ്പര ധാരണയോടെ, സഹവര്‍ത്തിത്വത്തോടെ, ഒരോരുത്തരുടെയുംവിശ്വാസങ്ങളെ ആദരിച്ച് ജീവിച്ചു. കേരളത്തിന്റെ ഈ പാരമ്പര്യം തികച്ചും അഭിമാനാര്‍ഹമാണെന്നും രാഷ്ട്രപതി പറഞ്ഞു. വള്ളിക്കാവ് അമൃതപുരിയില്‍ അമൃതാനന്ദമയിയുടെ 64-ാം ജന്മദിനത്തോടനുബന്ധിച്ച് മൂന്ന് സേവന പദ്ധതികള്‍ സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

ലൗജിഹാദും തീവ്രവാദവും ആരോപിച്ച് കേരളത്തിന് വര്‍ഗീയപരിവേശം നല്‍കാന്‍ ബി.ജെ. പിയും സംഘ്പരിവാറും കിണഞ്ഞു ശ്രമിക്കുമ്പോഴാണ്, മാതൃകാപരമായ മതേതര പാരമ്പര്യത്തെ വാനോളം പുകഴ്ത്തിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗം. രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷമുള്ള രാംനാഥ് കോവിന്ദിന്റെ ആദ്യ കേരള സന്ദര്‍ശനമായിരുന്നു ഇത്.

ആധ്യാത്മികതയുടെയും ശാസ്ത്രത്തിന്റെയും മികച്ച സമ്മേളന വേദിയാണ് കേരളമെന്ന് രാഷ്ട്രപതി പറഞ്ഞു. ശ്രീശങ്കരാചാര്യരും ശ്രീനാരായണഗുദേവനും അയ്യങ്കാളിയും ആധ്യാത്മികതക്കൊപ്പം സാമൂഹ്യ പരിഷ്‌കരണത്തിലും ഒരേ പോലെ പരിവര്‍ത്തനം സൃഷ്ടിച്ചവരാണ്. കേരളത്തിന്റെ ആധ്യാത്മിക പാരമ്പര്യത്തിലും സാമൂഹ്യ പരിഷ്‌കരണത്തിലും സൗഹാര്‍ദത്തിന്റെ ഈ മികവ് കാണാം. ശങ്കരാചാര്യരും അയ്യങ്കാളിയും കേരളത്തിന്റെ ദീപസ്തംഭങ്ങളാണ്.

സഹജീവികളെ സ്‌നേഹിക്കുകയും നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവും തുല്യ അവസരം നല്‍കുകയും ചെയ്യുക എന്നത് അനിവാര്യമാണ്. രാഷ്ട്രപതിയായതിന് ശേഷം ആദ്യ സന്ദര്‍ശനം ലഡാക്കിലേക്കായിരുന്നു. രാജ്യത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ലഡാക്കില്‍ നമ്മുടെ ധീര സൈനികര്‍ നടത്തുന്ന ഐതിഹാസിക ജീവിതമാണ് ഞാന്‍ കണ്ടത്. രണ്ടാമതായി വന്നത് കേരളത്തിലാണെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.

ദേശീയതലത്തില്‍ 5000 ഗ്രാമങ്ങളില്‍ ശുദ്ധ ജലം നല്‍കാനുള്ള ജീവാമൃതം പദ്ധതി രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. നൂറു കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. വെളിസ്ഥലത്തെ വിസര്‍ജ്ജനം ഒഴിവാക്കിയ 12 ഗ്രാമങ്ങള്‍ക്ക് ചടങ്ങില്‍ രാഷ്ട്രപതി സാക്ഷ്യപത്രം നല്‍കി. അമൃതാനന്ദമയിമഠം സ്വാശ്രയ ഗ്രാമവികസന പദ്ധതിയായ അമൃതാസെര്‍വ്വിന്റെ ഭാഗമാണിത്.

കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സ് നടത്തുന്ന 2000 ത്തോളം സൗജന്യ ശസ്ത്രക്രിയകളുടെ സാക്ഷ്യപത്രവും രാഷ്ട്രപതി നല്‍കി. 53 കോടിരൂപ ചിലവില്‍ 200 ഹൃദയശസ്ത്രക്രിയകളും 70 മസ്തിഷ്‌ക ശസ്ത്രക്രിയകളും 20 വൃക്കമാറ്റ ശസ്ത്രക്രിയകളും ഇതില്‍ ഉള്‍പ്പെടും.

ഗവര്‍ണര്‍ പി.സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എം.പി, ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ എന്നിവര്‍ സംബന്ധിച്ചു. അമൃതാനന്ദമയിമഠം ട്രസ്റ്റ്‌വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ പുരി സ്വാഗതവും എയിംസ്‌മെഡിക്കല്‍ ഡയറക്ടര്‍ ഡോ പ്രേം നായര്‍ നന്ദിയും പറഞ്ഞു. ഗായിക പ്രതിഭ വൈഷ്ണവ് പ്രാര്‍ഥനാ ഗാനം ആലപിച്ചു.

chandrika: