X

കെവിന്റെ തിരോധാനം 14 മണിക്കൂര്‍ മറച്ചുവെച്ചു; പൊലീസുകാരെ പിരിച്ചുവിട്ടേക്കും

 

കെവിന്‍ കൊലക്കേസില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകും.

എസ്‌ഐ ഷിബു, എഎസ്‌ഐ ടി.എം.ബിജു, സിപിഒ അജയകുമാര്‍ എന്നിവരെ പിരിച്ചുവിടുന്നതും പരിഗണനയിലുണ്ട്. എഎസ്‌ഐ സണ്ണിമോനെ കര്‍ശന നടപടിയില്‍ നിന്ന് ഒഴിവാക്കിയേക്കും. നിയമപരമായ എല്ലാ സാധ്യതകളും തേടാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. കെവിന്റെ തിരോധാനം 14 മണിക്കൂര്‍ എസ്.ഐ. മറച്ചുവച്ചതായി റിപ്പോര്‍ട്ടിലുണ്ട്.

രാവിലെ ആറിന് അറിഞ്ഞെങ്കിലും അന്വേഷണം തുടങ്ങിയത് രാത്രി എട്ടിനാണ്. റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. മുഖ്യമന്ത്രി, ഐ.ജി., എസ്.പി. എന്നിവരുടെ നിര്‍ദേശം അവഗണിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇത് വെറുമൊരു കുടുംബപ്രശ്‌നമായി ഒഴിവാക്കിയെന്ന കുറ്റപ്പെടുത്തലുമുണ്ട്.

അതേസമയം കെവിന്‍ കൊലക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കെവിന്‍ കൊലക്കേസില്‍ പ്രതിരോധത്തിലായ സിപിഎമ്മിന്റെ വിശദീകരണ യോഗവും ഇന്നാണ്. കോട്ടയം തിരുന്നക്കര മൈതാനത്ത് നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിക്കും.

മുങ്ങിമരണമാണ് എന്ന് പൊലീസ് ആവര്‍ത്തിക്കുന്നതിനിടെ, കെവിന്റെ മരണം കൊലപാതകമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി മുഖ്യമന്ത്രി അറിയിച്ചു. ദുരഭിമാനക്കൊല കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ്. പൊലീസുകാരുടെ വീഴ്ചയില്‍ കൂടുതല്‍ നടപടിയുണ്ടാകും.

ഇതില്‍ അനാവശ്യമായി രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കെവിന്റെ മരണം സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കെവിനെ കൊണ്ടുപോയതും കൊണ്ടുകൊല്ലിച്ചതും സിപിഎമ്മാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി . പൊലീസിന്റേത് ഗുരുതര വീഴ്ചയാണെന്നും നീനുവിനെ പിതാവ് പൊലീസ് നോക്കിനില്‍ക്കെ മര്‍ദിച്ചെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

chandrika: