X

ഖലിസ്ഥാൻ നേതാവ് ലഖ്ബിർ സിങ് ലണ്ടയെ ഭീകരനായി പ്രഖ്യാപിച്ചു

ഖലിസ്ഥാന്‍ വാദിയും കാനഡയിലെ ഗുണ്ടാത്തലവന്‍ ലഖ്ബീര്‍ സിങ് ലാന്‍ഡയെ ആഭ്യന്തരമന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. യു.എ.പി.എ പ്രകാരമാണു ഭീകര പട്ടിയില്‍ ഉള്‍പ്പെടുത്തിയത്. 2021ല്‍ മൊഹാലിയിലെ പഞ്ചാബ് പൊലീസ് ഇന്റലിജന്‍സ് ആസ്ഥാനത്തിനു നേര്‍ക്ക് നടന്ന റോക്കറ്റാക്രമണത്തില്‍ ലാന്‍ഡക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷനല്‍ എന്ന ഖലിസ്ഥാന്‍ സംഘത്തിലുള്‍പ്പെട്ട ആളാണ് 34കാരനായ ലാന്‍ഡയെന്ന് ആഭ്യന്തരമന്ത്രാലയത്തിന് വിവരം ലഭിച്ചിരുന്നു.

1989ല്‍ പഞ്ചാബിലെ താണ്‍ തരണ്‍ ജില്ലയില്‍ ജനിച്ച ലാന്‍ഡ 2017ലാണ് കാനഡയിലെത്തിയത്. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷനലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പാകിസ്താനിലെ ഗുണ്ടാത്തലവന്‍ ഹവീന്ദര്‍ സിങ് എന്ന റിന്‍ഡയുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.

മൊഹാലിയിലെ റോക്കറ്റാക്രമണത്തിന് വേണ്ട സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും വിതരണം ചെയ്തത് ലാന്‍ഡയാണെന്ന് കണ്ടെത്തിയിരുന്നു. ഭീകരാക്രമണങ്ങള്‍, കൊലപാതകം, സ്‌ഫോടനം, ആയുധം കടത്തല്‍, മയക്കുമരുന്ന് കടത്ത് തുടങ്ങി നിരവധി കുറ്റങ്ങളില്‍ പങ്കാളിയാണ് ലാന്‍ഡ.

താന്‍ തരണിലെ സര്‍ഹലി പോലീസ് സ്റ്റേഷന് നേരെ 2022 ഡിസംബറിലുണ്ടായ ആര്‍.പി.ജി. ആക്രമണത്തിന് പിന്നിലും ലാന്‍ഡയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അമൃത്സറില്‍ പൊലീസ് സബ് ഇന്‍സ്പെക്ടറുടെ കാറിന്റെ അടിയില്‍ ഐ.ഇ.ഡി. ഘടിപ്പിച്ച സംഭവത്തിലും പ്രതിയാണ്. കാനഡയിലെ നിരവധി ഖലിസ്ഥാന്‍ സംഘങ്ങളുമായും ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ട്.

ഇന്ത്യക്കെതിരെ ഗൂഢാലോചന നടത്തുന്നതില്‍ സജീവമായിരുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ ഇയാളുടെ അടുത്ത കൂട്ടാളികളുമായി ബന്ധമുള്ള 48 ഇടങ്ങളില്‍ പഞ്ചാബ് പൊലീസ് പരിശോധന നടത്തുകയും ഏതാനും പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ലഖ്ബിര്‍ സിങ് ലാന്‍ഡയെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് എന്‍.ഐ.എ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

 

webdesk13: