X
    Categories: CultureNewsViews

തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളുടെ മൃതദേഹം നദിയില്‍ കണ്ടെത്തി

ഭോപാല്‍: തട്ടിക്കൊണ്ടുപോയ ആറു വയസ്സുള്ള ഇരട്ട സഹോദരങ്ങളുടെ മൃതദേഹം യുപിയിലെ യമുനാനദിയില്‍ നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറു പേര്‍ അറസ്റ്റില്‍.
ബജ്‌റംഗ് ദളിന്റെ പ്രാദേശിക നേതാവായ വിഷ്ണുകാന്ത് ശുക്ലയാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് റെവ ഐ.ജി ചഞ്ചല്‍ ശേഖര്‍ പറഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി തയ്യാറാക്കിയതും നടപ്പാക്കിയതും വിഷ്ണുകാന്താണെന്നും എന്നാല്‍ ഇയാള്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
കേസിലെ ഒന്നാം പ്രതി വിഷ്ണുകാന്തിന്റെ സഹോദരന്‍ പദം ശുക്ലയാണെന്നും ഐ.ജി കൂട്ടിച്ചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് രാമരാജ്യം എന്ന് നമ്പര്‍ പ്ലേറ്റില്‍ എഴുതിയ ബൈക്കുകളും ബി.ജെ.പിയുടെ പതാകയുള്ള കാറും പിടിച്ചെടുത്തിട്ടുണ്ട്. കുട്ടികളെ വിട്ടുകിട്ടാന്‍ 20 ലക്ഷം രൂപ തങ്ങള്‍ മോചനദ്രവ്യമായി നേരത്തെ നല്‍കിയിരുന്നുവെന്നും ഇതിന് ശേഷം തട്ടിക്കൊണ്ടുപോയവര്‍ മോചനദ്രവ്യം ഒരു കോടി രൂപ വേണമെന്ന് ആവശ്യപ്പെട്ടുവെന്നും മാതാപിതാക്കള്‍ പറഞ്ഞു. മധ്യപ്രദേശിലെ ചിത്രക്കൂട് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ആറു വയസ്സുള്ള ശ്രേയാംശ്, പ്രിയാംശ് എന്നിവരുടെ മൃതദേഹമാണ് യമുനാനദിയില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്.
മധ്യപ്രദേശിലെ ബിസിനസ്സുകാരനായ ബ്രിജേഷ് റാവത്തിന്റെ മക്കളാണ് കൊല്ലപ്പെട്ടത്. മൃതദേഹം കെട്ടിയിട്ട നിലയിലാണ് നദിയില്‍ നിന്ന് കണ്ടെത്തിയത്. ഫെബ്രുവരി 12നാണ് ആറു വയസ്സുകാരായ ഇരട്ട സഹോദരങ്ങളെ സ്‌കൂള്‍ ബസില്‍ നിന്ന് രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയത്.
വീട്ടില്‍ നിന്ന് നാലു കീലോമീറ്റര്‍ അകലെയുള്ള നഴ്‌സറിയില്‍ നിന്ന് തിരികെ വരുന്നവഴിയാണ് ബൈക്കില്‍ മുഖം മറച്ചെത്തിയ രണ്ടുപേര്‍ തോക്കൂചൂണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോയത്. അഞ്ചുപേരെ ഉത്തര്‍പ്രദേശില്‍ നിന്നും ഒരാളെ മധ്യപ്രദേശില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. രാജു ദ്വിവേദി, ലക്കി തോമര്‍, രോഹിത് ദ്വിവേദി, രാംകേഷ് യാദവ്, പിന്റു രാംസ്വരൂപ് യാദവ് എന്നിവരാണ് അറസ്റ്റിലായത്.
കുറ്റകൃത്യത്തില്‍ ഉപയോഗിച്ച വാഹനവും 20 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു. തട്ടിക്കൊണ്ടുപോയവര്‍ ഉപയോഗിച്ച വാഹനത്തില്‍ നിന്ന് ബിജെപിയുടെ പതാകയും രാമരാജ്യം എന്നെഴുതിയതും ക്രൂരകൃത്യം ചെയ്തവരുടെ രാഷ്ട്രീയ ബന്ധമാണ് കാണിക്കുന്നതെന്നും ആരോപണമുണ്ട്.
കുട്ടികളുടെ മരണത്തെ തുടര്‍ന്ന് ചിത്രക്കൂട് മേഖലയില്‍ വന്‍പ്രതിഷേധമാണ് അരങ്ങേറിയത്. വ്യാപാരികള്‍ കടകളടച്ചു. ടയര്‍ കത്തിച്ചും മറ്റും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മേഖലയില്‍ പൊലീസ് സംഘത്തെ വിന്യസിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: