X

ടി.പി വധം ആസൂത്രണം ചെയ്തത് പിണറായിയും പി. ജയരാജനും: കെ.കെ രമ

 

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധം ആസൂത്രണം ചെയ്തത് പിണറായിയും പി.ജയരാജനുമാണെന്ന് കെ.കെ രമ. ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കെതിരെ ഓഞ്ചിയത്ത് സി.പി.എം നടത്തുന്ന നരനായാട്ടില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ദ്വിദിന സത്യാഗ്രഹത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. പി.ജയരാജന്‍ ഒരു മാസികക്ക് നല്‍കിയ അഭിമുഖം വായിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്. പാര്‍ട്ടി വിട്ടപ്പോള്‍ പിണറായിയും ജയരാജനുമാണ് ടി.പിയുമായി ചര്‍ച്ച നടത്തിയത്. കുഞ്ഞനന്തന്‍, മോഹനന്‍മാസ്റ്റര്‍, ഷംസീര്‍ തുടങ്ങിയവരൊക്കെ ഇതിനായി നിയോഗിച്ചവരാണ്. കിര്‍മാണി മനോജും ഷംസീറും തമ്മില്‍ സംസാരിച്ചതിന്റെ രേഖകളുണ്ട്. കേസില്‍ ശിക്ഷിച്ച കുഞ്ഞനന്തന്‍ കഴിഞ്ഞ 11 മാസത്തില്‍ 211 ദിവസം ജയിലിന് പുറത്തായിരുന്നു. പരോള്‍ നല്‍കുന്നതിന് സി.പി.എമ്മിന്റെ കൊലയാളികള്‍ക്ക് മാനദണ്ഡിമില്ലെന്നും അവര്‍ പറഞ്ഞു.
സത്യാഗ്രഹം പാര്‍ട്ടി ദേശീയ ചെയര്‍മാന്‍ ഗംഗാധര്‍ജി ഉദ്ഘാടനം ചെയ്തു. ത്രിപുരയില്‍ തെരഞ്ഞിടുപ്പില്‍ വിജയിച്ചതോടെ ബി.ജെ.പി ചെയ്യുന്നതുപോലെയാണ് ഓഞ്ചിയത്ത് ആര്‍.എം.പിക്കെതിരെ സി.പി.എം അക്രമം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ത്രിപുരയിലെ അനുഭവത്തില്‍നിന്ന് എതിര്‍ ശബ്ദങ്ങളെ ഉന്മൂലനം ചെയ്യുന്ന രീതി സി.പി.എം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു, കെ.പി പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

chandrika: