X

‘ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ അടച്ചിടേണ്ടി വരും’: ആരോഗ്യമന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: ലോക്ഡൗണിനെക്കുറിച്ചും കോവിഡ് വ്യാപനത്തെ കുറിച്ചും പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് കോവിഡ് 19 വ്യാപനത്തിന്റെ രണ്ടാം തരംഗമാണെന്നും ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ മറ്റു വഴികള്‍ ഇല്ലാതെ വരുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

‘മറ്റൊരു സംസ്ഥാനത്തെക്കാളും കൂടുതല്‍ ശ്രദ്ധിക്കേണ്ട സംസ്ഥാനമാണ് കേരളം. ആ ഒരു ഗൗരവം കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടായിരിക്കണം.’ മന്ത്രി പറഞ്ഞു. മൂന്ന് ഘടകങ്ങളാണ് സംസ്ഥാനത്ത് ഭീഷണിയാകുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പ്രായമായവരുടെ ജനസംഖ്യ കൂടുതലുള്ള ഭൂപ്രദേശമാണ് കേരളം.’ രാജ്യത്തു തന്നെ ജനസംഖ്യയില്‍ പ്രായമായവരുടെ ശതമാനം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്നും ജനസംഖ്യയുടെ 15 ശതമാനം 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ ഇത് 18 ശതമാനം വരെയാണ്. മന്ത്രി ഓര്‍മിപ്പിച്ചു. ഇത് നല്ലകാര്യമാണ്. പക്ഷെ പകര്‍ച്ചവ്യാധിയുടെ കാലത്ത് ശ്രദ്ധിച്ചില്ലെങ്കില്‍ പ്രായമായവരിലേയ്ക്ക് രോഗം കടന്നു ചെല്ലും.’

കേരളത്തിന്റെ ജനസാന്ദ്രത ഉയര്‍ന്നതാണെന്നും ഇത് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു. ചതുരശ്ര കിലോമീറ്ററില്‍ 860 പേരാണ് സംസ്ഥാനത്ത് അധിവസിക്കുന്നത്. കോമോര്‍ബിഡിറ്റി അഥവാ ജീവിതശൈലി രോഗങ്ങള്‍ ഏറ്റവുമധികം ഉള്ളത് കേരളത്തിലാണെന്നും ഇത് മരണനിരക്ക് കൂടാന്‍ ഇടയാക്കുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

ലോകത്തെ പല രാജ്യങ്ങളും വീണ്ടും ലോക്ക് ഡൗണിലേയ്ക്ക് പോകുകയാണെന്ന് ചൂണ്ടിക്കാട്ടിയ ആരോഗ്യമന്ത്രി ആ സാഹചര്യം നമുക്ക് പാഠമാകണെന്ന് ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും കൊവിഡ് വന്നു പൊയ്‌ക്കോട്ടെ എന്ന നിലപാടല്ല സര്‍ക്കാര്‍ സ്വീകരിച്ചത്. ‘ഇസ്രയേല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങള്‍ കടുത്ത ഷട്ട് ഡൗണിലേയ്ക്ക് പോകാന്‍ തുടങ്ങിയിരിക്കുന്നു’. മന്ത്രി പറഞ്ഞു. ‘നിസ്സാരമായി തള്ളിക്കളയേണ്ടതല്ല, ഗൗരവത്തോടെ കാണേണ്ടതാണ് കൊവിഡ് 19.’ ആരോഗ്യമന്ത്രി വ്യക്തമാക്കി.

യുവാക്കള്‍ക്ക് കൊവിഡ് ബാധിക്കില്ലെന്ന ധാരണ തെറ്റാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 656 പേരാണ് കൊവിഡ് 19 ബാധിച്ചു മരിച്ചത്. ഇതില്‍ 72 ശതമാനം പേരും 60 വയസ്സിനു മുകളിലുള്ളവരാണ്. എന്നാല്‍ മരിച്ചവരില്‍ 28 ശതമാനം പേര്‍ ചെറുപ്പക്കാരാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. ‘അതുകൊണ്ട് ചെറുപ്പക്കാരെ കൊവിഡ് മരണം കീഴടക്കില്ല എന്ന ചിന്തയുണ്ടെങ്കില്‍ അത് തെറ്റാണ്.’ മന്ത്രി വ്യക്തമാക്കി. ഏറ്റവുമധികം രോഗം ബാധിച്ചത് 20 വയസ്സ് മുതല്‍ 40 വയസ്സു വരെ പ്രായമുള്ളവരിലാണെന്നും ‘കൊവിഡ് ഏറ്റവുമധികം പരത്തുന്നത് ചെറുപ്പക്കാരാണെന്നും മന്ത്രി വ്യക്തമാക്കി.

chandrika: