X

കെ.എം ബഷീറിന്റെ മരണം; ശ്രീറാമിന് റെട്രൊഗ്രേഡ് അംനേഷ്യയെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസില്‍ നിന്നും പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ശ്രീറാമിന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ പുതിയ കണ്ടെത്തല്‍. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂര്‍ണ്ണമായും ഓര്‍ത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിതെന്നാണ് ഡോക്ടറര്‍മാര്‍ പറയുന്നത്. ഒരു പക്ഷെ സംഭവത്തെ കുറിച്ച് എന്നന്നേക്കുമായി മറന്ന് പോകാനും ചിലപ്പോള്‍ സമ്മര്‍ദ്ദം ഒഴിയുമ്പോള്‍ പതിയെ ഓര്‍ത്തെടുക്കാനും കഴിഞ്ഞേക്കുമെന്നും പറയുന്നു.

അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തലകറക്കവും തലവേദനയുമുണ്ട്. അപകടത്തില്‍ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. റിമാന്റിലായിരിക്കെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനെ പിന്നീട് ട്രോമ ഐസിയുവിലേക്കാണ് മാറ്റിയിരുന്നത്. എന്നാല്‍ ആന്തരിക പരിക്കുകള്‍ ഇല്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. ട്രോമാ ഐസിയുവില്‍ നിന്ന് നിലവില്‍ ന്യൂറോ സര്‍ജറി നിരീക്ഷണ വാര്‍ഡിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിട്ടുള്ളത്.

കെഎം ബഷീര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് റിമാന്റിലായ ശ്രീറാം വെങ്കിട്ടരാമന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്നും മാനസികാരോഗ്യ വിദഗ്ധന്റെ സേവനം ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതര്‍ നേരത്തെ വിശദീകരിച്ചിരുന്നു.

chandrika: