X

‘സഹോദര ഭാര്യക്ക് രക്ഷകരാകാന്‍ യൂത്ത്‌ലീഗോ?; വിഎസിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാന്‍

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കെ.എം ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഒക്ടോബര്‍ 7 ന് ‘മലയാള മനോരമ’ യുടെ ഒന്നാം പേജില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട് ‘ 10,000 രൂപക്കായി അഞ്ച് വട്ടം നടന്ന് വി എസിന്റെ സഹോദര ഭാര്യ’ എന്നാണ്.
ഒക്ടോബര്‍ 8 ന് വന്ന വാര്‍ത്തയില്‍ ഇപ്രകാരം പറയുന്നു: ‘സരോജിനിയുടെ ദുരിതം അറിഞ്ഞ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന നേതൃത്വം ഇന്നലെ വീട്ടിലെത്തി 10,000 രൂപ കൈമാറിയിരുന്നു ‘.

പ്രളയ ദുരന്തത്തിന് ഇരയായ, മെലിഞ്ഞുണങ്ങിയ ശരീരവുമായി വില കുറഞ്ഞ വസ്ത്രവും ധരിച്ച് ഒരു വയോവൃദ്ധ, പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ ധനസഹായത്തിന് വേണ്ടി തുടര്‍ച്ചയായി അഞ്ച് പ്രാവശ്യം വില്ലേജ് ഓഫീസും ബാങ്കും കയറിയറങ്ങി നരകിക്കുന്നതിന്റെ ദയനീയ ചിത്രമാണ് മുകളില്‍ കണ്ടത്.

ഒരു പ്ലാസ്റ്റിക് സഞ്ചിയും തൂക്കിപ്പിടിച്ച്, കഷ്ടപ്പാടുകള്‍ ഏല്പിച്ച ശരീര അവശതകളുമായി പിണറായി സര്‍ക്കാരിന്റെ പ്രളയ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള പൊങ്ങച്ചം പറച്ചിലിന് നേരെ ഒരു ചോദ്യചിഹ്നമായി, ഒരു നോക്കുകുത്തി പോലെ ആ വൃദ്ധ നില്‍ക്കുന്നു.

ആ വൃദ്ധ മറ്റാരുമല്ല. സാക്ഷാല്‍ വി എസ് അച്യുതാനന്ദന്റെ സഹോദരന്‍ വി എസ് പുരുഷോത്തമന്റെ ഭാര്യ സരോജിനിയാണവര്‍.

ഭരണ പരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം കൈക്കലാക്കാനും, ആനുകൂല്യങ്ങള്‍ ഒന്നൊന്നായി പിടിച്ചു വാങ്ങാനും വി എസ് കാണിച്ച സമ്മര്‍ദ്ദത്തിന്റെ ചെറിയൊരംശം താല്പര്യം കാട്ടിയിരുന്നുവെങ്കില്‍ ഈ പാവം വൃദ്ധ ഇങ്ങനെ അലഞ്ഞു തിരിയേണ്ടി വരുമായിരുന്നോ?

സ്ത്രീ സുരക്ഷയുടെ പേരില്‍ വി എസ് രണ്ട് പതിറ്റാണ്ടോളം ആക്രമിച്ച പി കെ കുഞ്ഞാലിക്കുട്ടിയുടെ യൂത്ത് ലീഗ്കാരില്‍ നിന്ന് സ്വന്തം സഹോദര ഭാര്യക്ക് സാമ്പത്തിക സഹായം കൈപ്പറ്റേണ്ടി വരുമായിരുന്നോ?

ഇത് തിരിച്ചറിയണമെങ്കില്‍, വരണ്ടുണങ്ങിയ സിദ്ധാന്തം മാത്രം പോര,
മനുഷ്യത്വം വേണം,
അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി സ്ത്രീകളേയും ദാരിദ്യത്തേയും കാണാതിരിക്കാനുള്ള തിരിച്ചറിവ് വേണം.

എല്ലാറ്റിനുമപ്പുറം, ഭൂതകാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ വേണം.
അച്ഛനും അമ്മയും മരിച്ച ശേഷം അനാഥബാല്യത്തില്‍ താങ്ങായി നിന്ന സഹോദരങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളുണ്ടായിരിക്കണം.

സ്വന്തം ഭാര്യയെ കുറിച്ചും മക്കളെക്കുറിച്ചുമുള്ള ഓര്‍മ്മകള്‍ മാത്രമാകുമ്പോള്‍, ഏത് മനുഷ്യനും, അയാള്‍ എത്ര വലിയ കമ്മ്യൂണിസ്റ്റ്കാരനായിരുന്നാലും, മരിച്ചതിന് തുല്യമാവുകയാണ്.

വി എസിന്റെ സഹോദര ഭാര്യയെ കഷ്ടപ്പാടില്‍ നിന്ന് കൈ പിടിച്ചുയര്‍ത്താന്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ പാര്‍ട്ടി,
ഹാ കഷ്ടം!!!

chandrika: