X
    Categories: Views

ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ മതി, വിരട്ടല്‍ ഇങ്ങോട്ടു വേണ്ട

കെ.എം ഷാജി എം.എല്‍.എ

സത്യത്തില്‍ വലിയ തമാശയാണു കണ്ണൂരിലെ സമാധാനകമ്മിറ്റി യോഗം. കുറേ ആളുകള്‍ക്കു ചായയും ബിസ്‌കറ്റും കഴിച്ചു പിരിയാന്‍ ഒരവസരം. പലപ്പോഴും ഞങ്ങള്‍ പറഞ്ഞിട്ടുണ്ട് , ഈ കമ്മിറ്റിയില്‍ സത്യത്തില്‍ ബി.ജെ.പിയും സി.പി.എമ്മും മാത്രം മതി എന്ന്…
അവര്‍ രണ്ടുപേരും മാത്രം തീരുമാനിച്ചാല്‍ കണ്ണൂര്‍ ശാന്തമാകുമെന്നു അവര്‍ക്കുമറിയാം; മാലോകര്‍ക്കും അറിയാം…

ഇന്നത്തെ നിയമസഭയിലെ അടിയന്തിര പ്രമേയത്തിന്റെ മറുപടിയിലാണു മുഖ്യമന്ത്രി അടിയന്തിര പ്രമേയത്തെ വഴിതിരിച്ചുവിട്ട് യു.ഡി.എഫിനെ അക്രമിക്കുന്ന സ്ഥിരം ശൈലിയിലേക്കു മാറിയത്.
അതിനിടയില്‍ രമണ്‍ ശ്രീവാസ്തവയും കടന്നുവന്നു.
രമണ്‍ ശ്രീവാസ്തവയെ നിങ്ങളല്ലെ ഇപ്പൊ പോറ്റുന്നത് എന്ന ഞങ്ങളുടെ (ഞാനും ബല്‍റാമും അനില്‍ അക്കരയും) ചോദ്യത്തിനു കളി ഇങ്ങോട്ടു വേണ്ട എന്ന സ്ഥിരം വിരട്ടലുമായി മുഖ്യമന്ത്രി!

നിങ്ങള്‍ ഷംസീറിനെയും രാജേഷിനെയും ഒക്കെ പേടിപ്പിചാല്‍ മതി കളി ഞങ്ങളോട് വേണ്ടെന്നു ഞാനും.
ഞങ്ങള്‍ക്കു നേരെ വിരല്‍ചൂണ്ടിയ മുഖ്യനോട് വിരല്‍ചൂണ്ടി സംസാരിക്കരുതെന്നു മുഖ്യമന്ത്രിയുടെ തന്നെ പഴയ പരാമര്‍ശത്തെ കളിയാക്കി ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

പിന്നെ മുഖ്യന്‍ എനിക്കുനേരെ തിരിഞ്ഞു.
കോണ്‍ഗ്രസ്സുകാര്‍ക്കു ചൊറിയുന്നതു മനസ്സിലാകും, കെ.എം ഷാജി എന്തിനാണു ഇങ്ങനെ കുഴപ്പമുണ്ടാക്കുന്നത് എന്നായി. അപ്പഴേക്കും ഇളകിയല്ലോ പിണറായി ഫാന്‍സ് അസോസിയേഷന്‍. ഏറ്റുപിടിക്കാന്‍ സ്ഥിരം ഞരമ്പുരോഗികളായ സംഘി – എന്‍.ഡി.എഫ് പ്രതിഭകളും.

പതിവു തെറ്റിക്കാതെ തന്നെയായിരുന്നു ഇത്തവണയും ഓരിയിടല്‍. കുമ്മനം ഷാജി, രാമന്‍ ഷാജി, ചാരന്‍ ഷാജി….

ഒരുകാര്യം ഇത്തരക്കാരോടു പറയട്ടെ, പിണറായിയെ കാണുമ്പോ മുട്ടുവിറച്ചു മൂത്രമൊഴിച്ചുപോകുന്ന പാര്‍ട്ടിക്കാരും നോക്കു കൂലിക്കാരുമൊന്നും അക്കൂട്ടത്തില്‍ നട്ടെല്ലു വളയാത്ത ഞങ്ങളെ കൂടി കൂട്ടരുത്.

ഇങ്ങോട്ടു പറഞ്ഞാല്‍ പത്തായി തിരിച്ചുപറയും.
വിരല്‍ ചൂണ്ടിയാല്‍ തിരിച്ചു മുഷ്ടിതന്നെ ചുരുട്ടും.
അതു ഏതു കൊമ്പത്തെ മുഖ്യനായാലും ശരി.

കഴുതക്കാമം തീര്‍ക്കാന്‍ കുമ്മനമെന്നും കമ്മനമെന്നും ഒക്കെ ഓരിയിട്ടിട്ടു യാതൊരു കാര്യവുമില്ല.

കണ്ണൂരിലെ ഈ ചോരക്കളിയിലെ ലാഭം ആര്‍ക്കാണെന്ന മുനീര്‍ സാഹിബിന്റെയും രമേശേട്ടന്റെയും ചോദ്യത്തിനു ആദ്യം നിങ്ങള്‍ ഉത്തരം പറയൂ! 20 കൊല്ലമായി കണ്ണൂരിലെ എല്ലാ ബൂത്തിലും നിങ്ങള്‍ ബി.ജെ.പിയെ വളര്‍ത്തുകയല്ലെ എന്ന ചോദ്യത്തിനും തെറിപറയാതെ ഉത്തരം പറയൂ…

സത്യത്തില്‍ പരസ്പരം പാലൂട്ടി വളര്‍ത്തുന്ന ശത്രുക്കള്‍ തന്നെയാണു നിങ്ങള്‍… ബി.ജെ.പിക്കു സി.പി.എമ്മും സി.പി.എമ്മിനു ബിജെപിയും പരസ്പരം വളരാന്‍ ആവശ്യമാണ്. ആയുധം കൊടുത്ത് നിങ്ങള്‍ പറഞ്ഞുവിട്ട അണികളെ നില നിര്‍ത്താന്‍ നിങ്ങള്‍ക്ക് അതാവശ്യവുമാണ്.

ആര്‍.എസ്.എസ്, ബി.ജെ.പി പോലെയുള്ള ഫാഷിസ്റ്റുകള്‍ക്കും മത തീവ്രവാദികള്‍ക്കുമൊക്കെ എതിരെ പൊരുതാന്‍ ഏതായാലും എ.കെ.ജി സെന്ററില്‍നിന്നും എന്‍.ഡി.എഫ് ആപ്പീസില്‍ നിന്നും തല്‍ക്കാലം സര്‍ട്ടിഫിക്കറ്റു വാങ്ങാന്‍ ഉദ്ദേശ്യമില്ലെന്ന കാര്യവും ടിയാന്‍മാരെ ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നു.

ആദ്യം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ഇതൊരു നാട്ടുരാജ്യമല്ലെന്നും അവിടുത്തെ മഹാരാജാവല്ല താനെന്നും ഇതൊരു ജനാധിപത്യ രാജ്യമാണെന്നും ബോധ്യപ്പെടുത്ത്…
കണ്ണുരുട്ടി നോക്കിയാല്‍ ആര്‍ത്ത് കരയുന്ന യുവജന നേതാക്കളുടെ കൂട്ടത്തില്‍ എല്ലാവരും പെടില്ലെന്നും പഠിപ്പിച്ചു കൊടുക്ക്…

പിന്നെ ഇങ്ങനെ സ്റ്റേജില്‍ കയറി ഇടത്തും വലത്തും പോലീസ് പടയെ നിര്‍ത്തി ബി.ജെപ.ി വിരുദ്ധ മുക്രയിടാതെ ബൂത്തില്‍ കയറി ബിജെപിയുടെ 20 കൊല്ലത്തെ ചീട്ടുകീറിയ മലപ്പുറത്തുകാരെയും ലീഗിനെയും കണ്ട് പഠിച്ച് ഇനിയെങ്കിലും ഒന്നു നന്നാവാന്‍ നോക്ക്…

ചന്ദ്രിക വെബ് ഡെസ്‌ക്‌: