X

ന്യൂനപക്ഷ രാഷ്ട്രീയത്തിന് പ്രതീക്ഷയേകി ദേശീയ കെ.എം.സി.സി

സി.പി സദഖത്തുള്ള

മുസ്‌ലിംലീഗിന്റെ പ്രവാസി വിഭാഗമായ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ ദേശീയമായി സംഘടിച്ചത് ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഏറെ ഗുണകരമാണ്. അതത് സംസ്ഥാനങ്ങളിലെ തദ്ദേശീയരില്‍ മുസ്‌ലിം ലീഗിന്റെ സന്ദേശവുമായി ഇറങ്ങിച്ചെല്ലാന്‍ കെ.എം.സി.സി ദേശീയമായി രൂപം പ്രാപിച്ചത് പ്രസ്ഥാനത്തിന് വന്‍ കുതിച്ചുചാട്ടത്തിനുള്ള വഴിയാണൊരുക്കുക. ഗള്‍ഫ് പ്രവാസം ആരംഭിക്കുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്നേ മലയാളികള്‍ ഉപജീവനത്തിന് ചേക്കേറിയത് മുംബൈയിലും ചെന്നൈയിലും ബംഗളൂരുവിലും കൊല്‍ക്കത്തയിലും ഹൈദരാബാദിലുമൊക്കെ ആയിരുന്നു. ഇവിടങ്ങളിലൊക്കെ എത്തിപ്പെട്ട മുസ്‌ലിംലീഗ് അനുയായികള്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പല പേരുകളില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി തങ്ങളുടെ അടങ്ങാത്ത പാര്‍ട്ടി പ്രണയം പ്രകടിപ്പിച്ചു പോന്നിരുന്നു. മുംബൈ കേരള മുസ്‌ലിം വെല്‍ഫെയര്‍ ലീഗും ബാംഗ്ലൂര്‍ കേരള മുസ്‌ലിം വെല്‍ഫെയര്‍ ലീഗും ചെന്നൈ കേരള മുസ്‌ലിം അസോസിയേഷനും അതില്‍ സജീവമായി സംഘടനാ പ്രവര്‍ത്തനം നടത്തിയവയായിരുന്നു. മുസ്‌ലിം ലീഗിലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പ് പ്രവാസ സംഘടന രംഗത്തും വീറും വാശിയും സൃഷ്ടിച്ചിരുന്നു. ലയന ശേഷം ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും ഗള്‍ഫ് പ്രവാസം ശക്തമായപ്പോള്‍ നേതൃ നിരയില്‍പെട്ടവര്‍ അധികവും ഗള്‍ഫില്‍ എത്തിപ്പെട്ടു. അതോടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു. പിന്നീട് കുറെ വര്‍ഷങ്ങള്‍ മുംബൈയിലും ബാംഗ്ലൂരിലും ചെന്നൈയിലും ഒഴികെ മറ്റൊരിടത്തും സംഘടനാപ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നില്ല. ആ കാലഘട്ടങ്ങളില്‍ മുംബൈയില്‍ മുസ്‌ലിംലീഗ് നേതാക്കള്‍ക്ക് സ്വീകരണ സമ്മേളനങ്ങള്‍ ഒരുക്കി പാര്‍ട്ടി ഊര്‍ജസ്വലത പുലര്‍ത്തി പോന്നിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വ്യാപാരികളായ ഏറെപേര്‍ അവിടങ്ങളില്‍ സംഘടനക്ക് തണലായി ശക്തമായി നിലകൊണ്ടപ്പോള്‍ സാധാരണ പ്രവര്‍ത്തകര്‍ സംഘടനയെ നെഞ്ചേറ്റി പ്രവര്‍ത്തിച്ചു.

കര്‍ണാടകയില്‍ പല ഭാഗങ്ങളിലും മലയാളി സാന്നിധ്യമുണ്ടായിരുന്നെങ്കിലും ബാംഗ്ലൂര്‍, മൈസൂര്‍, ബെല്ലാരി എന്നിവിടങ്ങളിലാണ് അക്കാലത്ത് സംഘടനാപ്രവര്‍ത്തനം കാര്യമായി നടന്നത്. ബെല്ലാരി നഗരത്തില്‍ ബാഫഖി തങ്ങളും സീ എച്ചും പങ്കെടുത്ത കൂറ്റന്‍ റാലിയും സമ്മേളനവും ആ കാലങ്ങളില്‍ നടന്നിരുന്നു. അബ്ദുല്‍ അസീസ് മേമന്‍ സേട്ടു പ്രസിഡന്റായ മുസ്‌ലിംലീഗ് കര്‍ണാടക സംസ്ഥാന കമ്മിറ്റിയില്‍ ജ്യേഷ്ഠ സഹോദരന്‍ സി.പി ലത്തീഫ് ഹാജി സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഖമറുല്‍ ഇസ്‌ലാം ജനറല്‍ സെക്രട്ടറിയായ കമ്മറ്റിയില്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ എനിക്കും ഭാഗ്യമുണ്ടായി.

ബാംഗ്ലൂര്‍ നഗരം കേന്ദ്രീകരിച്ചാണ് ബാംഗ്ലൂര്‍ കേരള മുസ്‌ലിം വെല്‍ഫെയര്‍ ലീഗ് പ്രവര്‍ത്തിച്ചിരുന്നത്. നഗരത്തില്‍ മലയാളികളുടെ ഒഴുക്ക് വര്‍ധിച്ചപ്പോള്‍ അവരുടെ ആവലാതികളും വര്‍ധിച്ചു. ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ തദ്ദേശീയരായ സാമൂഹിക വിരുദ്ധര്‍ ശല്യം ചെയ്യുന്ന സാഹചര്യങ്ങളില്‍ അവര്‍ക്കു താങ്ങായി മാറാന്‍ സംഘടനക്കായി. കേരളത്തിലെ നേതാക്കളെ സംഘടിപ്പിച്ചു വന്‍ സമ്മേളനങ്ങള്‍ നടത്തി. അറബ് പ്രവാസം ശക്തിപ്പെട്ടപ്പോള്‍ മുംബൈ പോലെ ബാംഗ്ലൂരിലും സംഘടന പ്രവര്‍ത്തനം മന്ദീഭവിച്ചു. പ്രധാന പ്രവര്‍ത്തകര്‍ ഗള്‍ഫില്‍ ചേക്കേറി തുടങ്ങിയപ്പോള്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയുണ്ടായി. പിന്നീട് ലീഗ് ലയനശേഷം ഇരുസംഘടനകളും വീണ്ടും ഒന്നിച്ചു പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി. നാട്ടിലെ നേതാക്കളെ പങ്കെടുപ്പിച്ചു വന്‍ സമ്മേളനങ്ങളിലൂടെയും റിലീഫ് വസ്ത്ര വിതരണ പരിപാടികളിലൂടെയും പ്രവര്‍ത്തനം നടത്തിവന്നെങ്കിലും പ്രധാന പ്രവര്‍ത്തകരുടെ ഗള്‍ഫ് പ്രവാസവും നാട്ടിലേക്കുള്ള തിരിച്ചുപോക്കും പ്രവര്‍ത്തനങ്ങള്‍ നിലക്കാന്‍ ഇടവന്നു.
പിന്നീട് ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 1997 ല്‍ എ.ബി ഖാദര്‍ ഹാജി പ്രസിഡന്റും ഈ ലേഖകന്‍ ജനറല്‍ സെക്രട്ടറിയും കഴിഞ്ഞ ദിവസം മരണപ്പെട്ട എ.ബി അബ്ദുല്ല കുഞ്ഞി ഖജാഞ്ചിയുമായി ഇന്ത്യയില്‍ പ്രഥമമായി കെ.എം.സി. സി എന്ന പേരില്‍ മുസ്‌ലിം ലീഗിന്റെ പോഷക സംഘടന പുനര്‍ നാമകരണത്തോടെ പ്രവര്‍ത്തനം തുടങ്ങി. മുംബൈ, ചെന്നൈ എന്നീ ഘടകങ്ങളും കെ.എം.സി.സി എന്ന പേരില്‍ പുനര്‍ നാമകരണം ചെയ്യപ്പെടുകയാണുണ്ടായത്.

ബാംഗ്ലൂരില്‍ വളരെ ഊര്‍ജസ്വലരായ നേതൃത്വവും അതിനേക്കാള്‍ പ്രവര്‍ത്തന സമര്‍പ്പണ ബോധവുമുള്ള പ്രവര്‍ത്തകരും സംഘടനയെ നഗരത്തിലെ ഏറ്റവും വലിയ സാമൂഹിക സംഘടനയാക്കി മാറ്റി. 2003ലും 2010ലും മുസ്‌ലിം ലീഗിന്റെ രണ്ട് ദേശീയ സമ്മേളനങ്ങള്‍ക്കു വേദിയൊരുക്കി ബാംഗ്ലൂര്‍ കെ.എം.സി.സി പാര്‍ട്ടിയുടെ യശസ്സിന് പൊന്‍തൂവല്‍ ചാര്‍ത്തി. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സമ്മേളനത്തിനും വേദിയൊരുക്കാന്‍ ബാംഗ്ലൂര്‍ കെ.എം.സി.സിക്കായതു പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി തന്നെ കാണണം. ജീവകാരുണ്യ മേഖലയില്‍ വേറിട്ട പ്രവര്‍ത്തനമാണ് ഉദ്യാന നഗരിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാഴ്ചവെക്കുന്നത്. ഉന്നത ചികിത്സക്കായി നഗരത്തിലെ ആതുരാലയങ്ങളില്‍ എത്തിപ്പെടുന്ന പാവപ്പെട്ട രോഗികള്‍ക്കുള്ള സഹായ ഹസ്തം ആയിരങ്ങള്‍ അനുഭവിച്ചു കഴിഞ്ഞു. വാഹന അപകടങ്ങളില്‍പെടുന്നവര്‍ക്ക് സമാശ്വാസമായി ഏതു പാതിരാവിലും കെ.എം.സി.സി വളണ്ടിയര്‍മാര്‍ ഓടിയെത്തി വേണ്ടത് ചെയ്യുന്നു. സാമൂഹ്യദ്രോഹികളുടെ ആക്രമത്തില്‍പെടുന്ന മലയാളി യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും സംരക്ഷണ വലയം തീര്‍ക്കാന്‍ സംഘടന പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നഗര ഹൃദയ ഭാഗത്തു നിംഹാന്‍സ് ആസ്പത്രിക്കു സമീപം പത്തു കോടി മുടക്കി നിര്‍മിക്കുന്ന ശിഹാബ്തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി എന്ന പേരിലുള്ള എട്ടു നിലകളുള്ള കാരുണ്യ സമുച്ചയം മുസ്‌ലിം ലീഗിന്റെ കേരളത്തിന് പുറത്തുള്ള പ്രഥമ സംരംഭമായിരിക്കും. ഏതാനും മാസങ്ങള്‍ക്കകം നിര്‍മാണം പൂര്‍ത്തിയാകുന്ന സംരംഭത്തിന്റെ ഫണ്ട് ഭൂരിഭാഗവും സ്വരൂപിച്ചത് മൈക്രോ ഫൈനാസ് മോഡലില്‍ മാസാന്ത കളക്ഷനിലൂടെ മുപ്പതോളം ഏരിയ കമ്മിറ്റികള്‍ വഴി നഗരത്തിലെ സാധാരണക്കാരായ വ്യാപാരികളായ പ്രവര്‍ത്തകരില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും ആണെന്നതും പ്രത്യേകതയാണ്.

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ പ്രത്യേക കമ്മിറ്റിയാണ് സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
തമിഴ്‌നാട്ടില്‍ പ്രളയ ദുരന്ത മുഖത്ത് ചെന്നൈ കെ.എം.സി.സി നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുന്ന വിധമായിരുന്നു. ഉടുതുണിക്ക് മറുതുണിയില്ലാത്ത ആയിരങ്ങള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചു നല്‍കി ചെന്നൈ കെ.എം.സി.സി ചരിത്രം സൃഷ്ടിച്ചിരുന്നു. ഡല്‍ഹിയിലും പോണ്ടിച്ചേരിയിലും മറ്റിടങ്ങളിലും കെ.എം.സി.സി പ്രവര്‍ത്തന രംഗത്ത് സജീവമായി വരുമ്പോള്‍ ഇവിടങ്ങളിലെ തദ്ദേശീയരില്‍ മുസ്‌ലിം ലീഗിന്റെ സന്ദേശവും കാരുണ്യ പ്രവര്‍ത്തനങ്ങളും എത്തിക്കാന്‍ വഴി തുറക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല .

കര്‍ണാടകയും തമിഴ്‌നാടും പാര്‍ട്ടിക്ക് വളക്കൂറുള്ള മണ്ണാണ്. ഇവിടങ്ങളിലെ തദ്ദേശീയരില്‍ ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കാനുള്ള വഴിയായി കെ.എം.സി.സി ദേശീയ കമ്മിറ്റി പ്രവര്‍ത്തനം മാറ്റിയെടുക്കാന്‍ നേതൃത്വം ജാഗ്രത കാണിക്കണം. ദേശീയ തലത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗും എം.എസ്.എഫും ശക്തമായ സാന്നിധ്യമറിയിക്കാന്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് ഇതര സംസ്ഥാനങ്ങളില്‍ കെ.എം.സി.സിയും പ്രവര്‍ത്തന പാതയില്‍ മുതല്‍ കൂട്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്.

 

chandrika: