X

കെഎംസിസി മറ്റൊരു ചരിത്രം രചിക്കുകയാണ്

റസാഖ് ഒരുമനയൂര്‍

അബുദാബി ഈ കെഎംസിസിക്കാരെന്ന് പറഞ്ഞാല്‍ ഇങ്ങിനെയാണ്. നേതൃത്വം എന്തെങ്കിലുമൊന്ന് പറഞ്ഞാല്‍ പിന്നെ അവര്‍ സര്‍വ്വവും മറന്നു സര്‍വ്വസജ്ജരാകും.പിന്നെ ഊണില്ല, ഉറക്കില്ല, വിശ്രമമില്ല, പാതിരാവുമില്ല. മുഴുസമയം കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ മുഴുകും. അത്യാവശ്യമെങ്കില്‍ തൊഴിലിടങ്ങളില്‍നിന്നും അവധിയുമെടുക്കും. മാത്രമോ? അവധി കിട്ടാന്‍ ബുദ്ധിമുട്ടാണെങ്കില്‍ എടുക്കുന്ന അവധി വാര്‍ഷിക അവധിയുടെ കണക്കില്‍ പെടുത്തിക്കോളൂ എന്നും മേലുദ്യോഗസ്ഥരോട് പറയും. കെഎംസിസിക്കാര്‍ എന്ന് പറയുന്ന ഈ കൂട്ടരുടെ ഹൃദയം കാരുണ്യത്തിന്റെ നീരൊഴുക്കില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന് പറഞ്ഞാലും അതിശയോക്തിയില്ല. ലോകത്തെ കണ്ണീരണിയിച്ച സിറിയയിലെയും തുര്‍ക്കിയിലെയും ജനതയ്ക്ക് ആശ്വാസം പകരാന്‍ ഭക്ഷണവും ഉടുതുണിയും കമ്പിളിയും വേണമെന്ന് അബുദാബി കെഎംസിസി പറഞ്ഞപ്പോള്‍ രണ്ടുദിവസത്തിനകം രണ്ടുകോടിയുടെ വസ്തുക്കള്‍ എത്തിച്ച കെഎംസിസി പ്രവര്‍ത്തകരെ എന്താണ് വിളിക്കേണ്ടത്? ഇവരുടെ സേവനത്തെ എങ്ങിനെയാണ് അഭിനന്ദിക്കേണ്ടത് ? സാധനങ്ങള്‍ ക്രമീകരിക്കാനും
പായ്ക്ക് ചെയ്യാനും നേരം പുലരുവോളം നിന്നു കഠിനാദ്ധ്വാനം ചെയ്തവര്‍ താമസസ സ്ഥലത്തുപോയി ഒന്ന് മയങ്ങി വീണ്ടും തിരികെയെത്തി കര്‍മ്മ പാന്ഥാവില്‍ സര്‍വ്വസജ്ജരായ സേവകരെ കെഎംസിസിയില്ലാതെ മറ്റെവിടെയാണ് കാണാനാവുക?.

പുലര്‍ച്ചെ രണ്ടുമണി നേരത്ത് വിവിധ ഭാരവാഹികള്‍ക്ക് വീണ്ടും ഫോണ്‍കോള്‍ വരുന്നു ‘ മുസഫയില്‍നിന്നും കുറെ സാധനങ്ങള്‍ ഉടനെ എത്തിക്കും, ബനിയാസില്‍നിന്ന് ഇനിയും സാധനം കയറ്റുന്നുണ്ട്, ഷഹാമയില്‍ സാധനം കയറ്റാന്‍ വണ്ടി കാത്തുനില്‍ക്കുകയാണ്’ ‘നാളെ എനിക്ക് അര്‍ബാബ് അവധി തന്നു. കെഎംസിസി എന്ന് പറഞ്ഞപ്പോള്‍ അര്‍ബാബിന് വലിയ സന്തോഷമായി. കുറെ സാധനങ്ങള്‍ അദ്ദേഹവും തരാമെന്ന് പറഞ്ഞു’ അങ്ങിനെ പോകുന്നു ഭാരവാഹികള്‍ക്ക് എത്തുന്ന വിവിധ കോളുകള്‍.

വിവിധ ജില്ലാ-മണ്ഡലം- പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ സാധനങ്ങള്‍ പാക്ക് ചെയ്യുന്ന തിരക്കിലാണ്. നേരം പുലരാനായിട്ടും പലരുടെയും സഹധര്‍മ്മിണികള്‍ ഈ അകത്തളത്തില്‍തന്നെയുണ്ട്.അവരും അല്‍പ്പം മാറി തങ്ങള്‍ക്ക്  ചെയ്യാനാവുന്നതെല്ലാം ചെയ്യുന്നുണ്ട്. അവരുടെ കുരുന്നുമക്കളും അങ്ങകലെ ആര്‍ക്കൊക്കെയോ ഉള്ള കമ്പിളിപ്പുതപ്പും ബിസ്‌ക്കറ്റ് പാക്കറ്റുകളും അടുക്കിവെക്കുന്നുണ്ട്. ഇതൊക്കെ കെഎംസിസിക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? ഈ കാരുണ്യപ്രവാഹത്തിന്റെ പുണ്യവും പൂനിലാവും മലയാളിക്ക് അഭിമാനമാണ്. അല്ല; ഓരോ ഇന്ത്യക്കാരും അഭിമാനമാണ്.

പകരം വെക്കാനില്ലാത്ത ഈ കാരുണ്യപ്രവാഹം ലോകാവസാനം വരെയും തുടരും. ഈ പ്രകൃയ ജാതിയും മതവും നോക്കാതെ രാജ്യവും രാജ്യാന്തരവും കടന്നു കാരുണ്യക്കടലിലെ നിലക്കാത്ത തിരമാലയായി അലയടിച്ചുകൊണ്ടിരിക്കുകയാണ്.വരുംനാളുകളിലും നേരുള്ള വേരുകളുമായി ഈ സംഘത്തിന്റെ പ്രയാണം ലോകത്തിന് പരിമളം പരത്തി നമ്മോടൊപ്പമുണ്ടാകുമെന്നതില്‍ സംശയമില്ല.

 

 

 

 

webdesk14: