X
    Categories: MoreViews

പ്രതിരോധത്തിന്റെ, പെണ്‍മയുടെ, പ്രകൃതിയുടെ ‘ശതചിത്ര’

ജദീര്‍ നന്തി

‘knock, knock’ തട്ട് കേട്ട് വാതില്‍ തുറക്കുന്ന ക്ഷണം കാണുന്നത് മുഖത്തിന് നേരെ ചൂണ്ടിയ തോക്കില്‍ നിന്നുയരുന്ന പുകയാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെ ചൂണ്ടപ്പെട്ട തോക്കുകള്‍ക്ക് ഛായം കൊണ്ട് പ്രതിരോധം തീര്‍ത്തതാണ് ‘knock knock’ എന്ന ഇന്‍സ്റ്റലേഷനിലൂടെ പുമേഷ് കുമാര്‍. ഇത്തരത്തില്‍ ഫാസിസം, സ്ത്രീത്വം, പ്രകൃതി ചൂഷണം, നൊസ്റ്റാള്‍ജിയ തുടങ്ങി വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുകയാണ് ആര്‍ട്ട് ഗാലറിയില്‍ ആരംഭിച്ച ശതചിത്ര എന്ന പ്രദര്‍ശനത്തിലൂടെ 100 കലാകാരന്മാര്‍. വിഭാഗീയത വര്‍ദ്ധിക്കുന്ന സമകാലിക സാഹചര്യത്തില്‍ കല കൊണ്ട് ബഹുസ്വരത സൃഷ്ടിക്കുക എന്നതാണ് ‘ബഹുസ്വരതയുടെ ചിത്രോത്സവം’ എന്ന ടാഗ് ലൈനില്‍ അവതരിപ്പിക്കപ്പെടുന്ന പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് ചിത്രകാരന്‍ മുക്താര്‍ ഉദരംപൊയില്‍ പറയുന്നു.

100 കലാകാരന്മാര്‍ തീര്‍ത്ത ചിത്രങ്ങളും ശില്‍പങ്ങളും ഇന്‍സ്റ്റലേഷനുമടങ്ങുന്ന 100 സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്. ചിത്രങ്ങളാണ് അധികവും. പുമേഷ് കുമാറിന്റെ ‘നോക്ക്, നോക്ക്’, പ്രേം ലക്ഷ്മണിന്റെ ‘കരയുന്ന ബുദ്ധനും ചിരിക്കുന്ന വെടിയുണ്ടയും’ തുടങ്ങിയ സൃഷ്ടികള്‍ വളര്‍ന്ന് വരുന്ന അസഹിഷ്ണുതയെയും ഹിംസയെയും ചോദ്യം ചെയ്യുമ്പോള്‍ ശബീബ മലപ്പുറത്തിന്റെയും ലിസി ഉണ്ണിയുടെയും ചിത്രങ്ങള്‍ ശബ്ദിക്കുന്നത് സ്ത്രീകള്‍ക്ക് വേണ്ടിയാണ്. രാജീവ് കോട്ടക്കലിന്റെ ‘ഫ്ളോ ഓഫ് ലൈഫ്’, ആര്‍ത്തവത്തിന്റെ സൃഷ്ടിപരമായ പ്രാധാന്യത്തിന് ശക്തമായ ദൃശ്യഭാഷ നല്‍കുന്നു.

ചിത്രങ്ങളിലേറെയും സ്ത്രീത്വത്തിന് വേണ്ടി സംസാരിക്കുന്നതോ സ്ത്രീ കഥാപാത്രമാവുന്നവയോ ആണ്. പ്രകൃതിചൂഷണത്തെ വന്യമായി പ്രശ്നവത്കരിക്കുന്ന ശ്രീജിത്ത് രാജീവിന്റെ ‘റേപ്പ്’, ചില്ലകളായി പരിണമിച്ച് സര്‍വ സഹായിയാവുന്ന മരത്തെ സ്ത്രീ ആയും സര്‍വ്വംസഹയായ സ്ത്രീയെ മരമായും അന്വോന്യം സന്നിവേശിപ്പിക്കുന്ന മുക്താര്‍ ഉദരംപൊയിലിന്റെ ‘ത്രീ
വുമണ്‍’, ഒരേസമയം ശക്തയും അശക്തയും സഹായിയും പരാശ്രയുമായി സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങള്‍ അവതരിപ്പിച്ച ദിനേഷ് മഞ്ചേരിടെ ചിത്രം തുടങ്ങിയവ വിഷയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായി.

ചിത്രകാരന്മാരുടേയും ചിത്രകലാ ആസ്വാദകരുടേയും കൂട്ടായ്മയായ വരക്കൂട്ടമാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ 24 വരെ പ്രദര്‍ശനം നീളും.

chandrika: