X

വേഷം മാറി വന്ന ഡിസിപിയോട് വനിതാ പൊലീസ് ചെയ്തത്; തിരിച്ച് ഡിസിപി പണി കൊടുത്തത്; അനന്തരം ഡിസിപിക്ക് ആഭ്യന്തര വകുപ്പിന്റെ രൂക്ഷ വിമര്‍ശനം

കൊച്ചി: മഫ്തിയില്‍ പൊലീസ് സ്റ്റേഷനിലേക്കു വന്ന ഡിസിപിയെ തടഞ്ഞ പാറാവുകാരനെ സ്ഥലം മാറ്റിയതില്‍ ആഭ്യന്തര വകുപ്പിന്റെ വിമര്‍ശനം. ഡിസിപി ഐശ്വര്യ ഡോങ്‌റെയുടെ പെരുമാറ്റം അതിരു കടന്നു പോയെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.

എറണാകുളം നോര്‍ത്തിലെ വനിതാ സ്‌റ്റേഷനിലേക്ക് മഫ്തിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് കയറി വന്നതായിരുന്നു ഡിസിപി ഐശ്വര്യ ഡോങ്‌റെ. സ്റ്റേഷനില്‍ പാറാവു ജോലി ചെയ്ത ഉദ്യോഗസ്ഥക്ക് ഈ വന്നതാരാണെന്ന് മനസിലായില്ല. അവര്‍ ഡിസിപിയെ തടഞ്ഞു നിര്‍ത്തി അകത്തേക്കു കയറുന്നതിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലുകള്‍ നടത്തി. യൂണിഫോമില്‍ അല്ലാത്തതിനാല്‍ അവര്‍ക്ക് ഇത് ഒരു പൊലീസ് ഉദ്യോഗസ്ഥയാണെന്ന് മനസിലായതേയില്ല. മാത്രവുമല്ല, പുതുതായി ചുമതലയേറ്റ ഡിസിപിയായതിനാല്‍ മുഖപരിചയവും ഇല്ലായിരുന്നു. പിന്നാലെയാണ് ഡിസിപിയെയാണ് താന്‍ തടഞ്ഞതെന്ന് വനിതാ പൊലീസിന് മനസിലായത്.

ഇതോടെ സംഭവത്തില്‍ ഡിസിപി വനിതാ പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് വിശദീകരണം തേടി. ഇത് തൃപ്തികരമല്ലാതിരുന്നതിനാല്‍ അവരെ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റി. രണ്ടു ദിവസത്തേക്കാണ് സ്ഥലം മാറ്റം. യൂണിഫോമില്‍ ആയിരുന്നില്ലെങ്കിലും താന്‍ ഔദ്യോഗിക വാഹനത്തില്‍ വന്നത് ശ്രദ്ധിച്ചില്ല എന്നായിരുന്നു ഡിസിപിയുടെ ന്യായം.

കഴിഞ്ഞദിവസമായിരുന്ന വിവാദമായ സംഭവം നടന്നത്. എറണാകുളം നോര്‍ത്തിലെ വനിതാ സ്റ്റേഷനില്‍ പാറാവു ജോലി ചെയ്ത ഉദ്യോഗസ്ഥയെയാണ് ഐശ്വര്യ ട്രാഫിക്കിലേക്ക് സ്ഥലംമാറ്റിയത്. ഈ സംഭവത്തിലാണ് ആഭ്യന്തര വകുപ്പിന്റെ താക്കീത്. തിരക്കേറിയ കൊച്ചി നഗര പരിധിയിലെ സ്റ്റേഷനുകളില്‍ ഇത്തരത്തില്‍ പെരുമാറരുതെന്ന് ഐശ്വര്യക്ക് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പു നല്‍കി.

ഡിസിപിയുടെ നടപടിക്കെതിരെ പൊലീസുകാര്‍ക്കുള്ളില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. അടുത്തിടെ ചുമതലയേറ്റ ഡിസിപി യൂണിഫോമില്‍ അല്ലാതെ വന്നാല്‍ എങ്ങനെ തിരിച്ചറിയുമെന്ന് പൊലീസുകാര്‍ ചോദിക്കുന്നു. മാത്രമല്ല, കൊവിഡ് നിയന്ത്രണങ്ങളുള്ളപ്പോള്‍ സ്റ്റേഷനിലേക്ക് വരുന്നയാളെ ചോദ്യമില്ലാതെ കയറ്റിവിട്ടാല്‍ അതും കൃത്യവിലോപമായി കാണില്ലേയെന്നും ഇവര്‍ ചോദിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊച്ചി ഡിസിപിയായി ഐശ്വര്യ ചുമതലയേറ്റത്.

 

web desk 1: